23 May 2025, 06:16 AM IST

കലാം എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ, ധനുഷ് | ഫോട്ടോ: X, AFP
ചെന്നൈ: മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാമിന്റെ ജീവിതം സിനിമയാവുന്നു. ‘കലാം: ദി മിസൈൽ മാൻ ഓഫ് ഇന്ത്യ’ എന്നാണ് ചിത്രത്തിന്റെ പേര്. കാൻ ഫിലിം ഫെസ്റ്റിവലിൽവെച്ചായിരുന്നു സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം. ദേശീയ പുരസ്കാരജേതാവായ ധനുഷാണ് കലാമിന്റെ വേഷത്തിൽ പ്രേക്ഷകർക്കു മുന്നിലെത്തുക.
ആദിപുരുഷ്, തൻഹാജി, ലോക്മാന്യ: ഏക് യുഗപുരുഷ് എന്നീ ചിത്രങ്ങൾ ഒരുക്കിയ ഓം റൗത്താണ് സംവിധായകൻ. സായ്വെൻ ക്യൂദ്രാസ് തിരക്കഥ രചിക്കുന്നു. അഭിഷേക് അഗർവാൾ, സുനിൽ ശുങ്കര, ഭൂഷൺ കുമാർ, കൃഷ്ണൻ കുമാർ എന്നിവർ ചേർന്നാണ് നിർമാണം. ദി കശ്മീർ ഫയൽസിന്റെ നിർമാതാവുകൂടിയാണ് അഭിഷേക് അഗർവാൾ.
കലാമിന്റെ ജീവിതം അഭ്രപാളിയിൽ എത്തിക്കുന്നത് കലാപരമായ വെല്ലുവിളിയും ഒപ്പം ധാർമികമായ ഉത്തരവാദിത്വവുമായാണ് കാണുന്നതെന്ന് സംവിധായകൻ അഭിപ്രായപ്പെട്ടു. ഒട്ടേറെപ്പേർക്ക് ജീവിതവെളിച്ചമേകിയ എളിമയും വിനയവും മുഖമുദ്രയാക്കിയ കലാമിനെ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നത് അനുഗ്രഹമായി കരുതുന്നെന്ന് സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ച് ധനുഷ് പറഞ്ഞു.
‘രാമേശ്വരത്തുനിന്ന് രാഷ്ട്രപതിഭവനിലേക്ക്. ഒരു ഇതിഹാസത്തിന്റെ യാത്ര ആരംഭിക്കുന്നു’ -എന്ന ശീർഷകത്തോടെയാണ് നിർമാതാക്കൾ പോസ്റ്റർ പങ്കുവെച്ചത്. തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതിയായ കലാം 2015 ജൂലായ് 27-നാണ് അന്തരിച്ചത്.
Content Highlights: Dhanush to represent APJ Abdul Kalam successful upcoming biopic `Kalam: The Missile Man of India`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·