കലാശപ്പോരിൽ ത്രില്ലർ, വിജയ‘തിലകം’ ചൂടി ഇന്ത്യ; പാക്കിസ്ഥാനെ വീഴ്ത്തി ഏഷ്യാ കപ്പ് കിരീടം; കപ്പ് ഏറ്റുവാങ്ങാതെ ടീം

3 months ago 5

ദുബായ്∙ തുടക്കം ഒന്നു പതറി, തകർച്ചയിൽനിന്ന് തിലകും സഞ്ജുവും ചേർന്ന് കരകയറ്റി, പിന്നീട് തിലകും ദുബെയും ചേർന്ന് വിജയത്തിലേക്ക് അടുപ്പിച്ചു, ഒടുക്കം ടൂർണമെന്റിൽ നേരിട്ട ആദ്യ പന്തു തന്നെ ബൗണ്ടറി കടത്തി റിങ്കു സിങ് ഇന്ത്യയുടെ വിജയറൺ നേടി. ആവേശം അവസാന ഓവർ വരെ നീണ്ട കലാശപ്പോരിൽ പാക്കിസ്ഥാനെതിരെ പൊരുതി നേടിയ വിജത്തോടെ ഏഷ്യാ കപ്പ് കിരീടത്തിൽ ഒൻപതാം തവണ ഇന്ത്യ മുത്തമിട്ടു. പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം, 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ  മറികടന്നത്. അഞ്ച് വിക്കറ്റിന്റെ തകർപ്പൻ ജയം.

അർധസെഞ്ചറി നേടിയ തിലക് വർമ (53 പന്തിൽ 69*), ശിവം ദുബെ (22 പന്തിൽ 33) , സഞ്ജു സാംസൺ (21 പന്തിൽ 24) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയ്ക്കു കരുത്തായത്. തിലക്‌ വർമയാണ് പ്ലെയർ ഓഫ് മാച്ച്. അഭിഷേക് ശർമ ടൂർണമെന്റിലെ താരമായി. ജേതാക്കൾക്കുള്ള ട്രോഫി ഇന്ത്യ ഏറ്റുവാങ്ങിയില്ല.  പിസിബി ചെയർമാൻ കൂടിയായ എസിസി പ്രസിഡന്റ് മുഹസിൻ നഖ്‌വിയിൽ നിന്നാണ് ഇന്ത്യ ട്രോഫി ഏറ്റുവാങ്ങേണ്ടിയിരുന്നത്. ഇതൊഴിവാക്കാനാണ് വിതരണ ചടങ്ങിൽനിന്ന് ഇന്ത്യ വിട്ടുനിന്നത്.  പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രി കൂടിയായ നഖ്‌വിയാണ്, ഹസ്തദാന വിവാദത്തിൽ ഇന്ത്യയ്‌ക്കെതിരെ ഐസിസിയിൽ പരാതി നൽകിയത്. 

 REUTERS/Raghed Waked

ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങളായ തിലക് വർമയും സഞ്ജു സാംസണും ബാറ്റിങ്ങിനിടെ. ചിത്രം: REUTERS/Raghed Waked

മറുപടി ബാറ്റിങ്ങിൽ, പവർപ്ലേയിൽ തന്നെ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റുകൾ നഷ്ടമായിരുന്നു. ടൂർണമെന്റിലൂടനീളം ഉജ്വല ഫോമിലായിരുന്ന അഭിഷേക് ശർമ (5), ഇതുവരെ ഫോമിലെത്താത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (1), ഓപ്പണർ ശുഭ്മാൻ ഗിൽ (12) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് പവർപ്ലേയിൽ നഷ്ടമായത്. അഭിഷേക് ശർമയെയും ശുഭ്‌മാൻ ഗില്ലിനെയും ഫഹീം അഷ്‌റഫ് പുറത്താക്കിയപ്പോൾ ഷഹീൻ അഫ്രീദിക്കാണ് സൂര്യകുമാറിന്റെ വിക്കറ്റ്. പവർപ്ലേ അവസാനിച്ചപ്പോൾ 36/3 എന്ന നിലയിലായിരുന്നു ഇന്ത്യ.

തിലക് വർമയും സഞ്ജുവും ചേർന്നു നടത്തിയ രക്ഷാപ്രവർത്തനമാണ് വലിയ തകർച്ചയിൽനിന്ന് ഇന്ത്യയെ രക്ഷിച്ചത്. നാലാം വിക്കറ്റിൽ ഒന്നിച്ച ഇരുവരും ചേർന്ന് 57 റൺസ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തു. ഒരറ്റത്ത് സഞ്ജു നിലയുറപ്പിക്കാൻ ശ്രമിച്ചപ്പോൾ, തിലക് ഇന്ത്യൻ സ്കോർ ബോർഡ് ചലിപ്പിച്ചു. നാല് സിക്സും മൂന്നു ഫോറുമാണ് തിലകിന്റെ ബാറ്റിൽനിന്നു പിറന്നത്. സഞ്ജു, ഒരു സിക്സും രണ്ടു ഫോറും അടിച്ചു.

13–ാം ഓവറിൽ അബ്രാർ അഹമ്മദാണ് സഞ്ജുവിനെ വീഴ്ത്തിയത്. നേരത്തെ, അബ്രാം തന്നെ എറിഞ്ഞ എട്ടാം ഓവറിൽ 12 റൺസുമായി നിന്ന സഞ്ജുവിനെ പാക്ക് ഫീൽഡർ ഹുസൈൻ തലാത് ഡ്രോപ് ചെയ്തിരുന്നു. പിന്നാലെയെത്തിയ ശിവം ദുബെ, തിലകയ്ക്ക് മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യ വിജയത്തിലേക്ക് അടുത്തു. 19ാം ഓവറിൽ ദുബയെ വീഴ്ത്തി ഫഹീം അഷ്റഫ് പാക്കിസ്ഥാന് വീണ്ടും പ്രതീക്ഷ നൽകി. അവസാന ഓവറിൽ 10 റൺസായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്തിൽ ഡബിൾ എടുത്ത തിലക്, രണ്ടാം പന്തിൽ സിക്സടിച്ചു. മൂന്നാം പന്തിൽ സിംഗിൾ. നാലാം പന്ത് ഫോറടിച്ച് റിങ്കു സിങ് ഇന്ത്യയുടെ വിജയറൺ കുറിച്ചു.  

∙ കറങ്ങിവീണ് പാക്കിസ്ഥാൻതുടക്കം കണ്ടപ്പോൾ പാക്കിസ്ഥാൻ ആരാധകർ ചെറുതായെങ്കിലും ഒന്ന് ആഗ്രഹിച്ചു കാണും. കലാശപ്പോരിൽ ഇന്ത്യയ്ക്കെതിരെ ഒരു കൂറ്റൻ വിജയലക്ഷ്യമെങ്കിലും മുന്നിൽ വയ്ക്കാമെന്ന്. എന്നാൽ അവരുടെ സ്വപ്നങ്ങൾ തച്ചുടച്ച് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സ്പിന്നർമാർ താണ്ഡവമാടിയപ്പോൾ ഫൈനലിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ 146 റൺസിൽ ഒതുങ്ങി. 19.1 ഓവറിലാണ് പാക്കിസ്ഥാൻ ഓൾഔട്ടായത്. കുൽദീപ് യാദവ് 4 വിക്കറ്റ് എടുത്തപ്പോൾ വരുൺ ചക്രവർത്തി, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുമ്ര എത്തിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

 SAJJAD HUSSAIN / AFP

പാക്കിസ്ഥാന്റെ വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയെ അഭിനന്ദിക്കുന്ന സഹതാരങ്ങളായ റിങ്കു സിങ്, സഞ്ജു സാംസൺ എന്നിവർ. Photo: SAJJAD HUSSAIN / AFP

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് മികച്ച തുടക്കമാണ് ഓപ്പണർമാരായ സാഹിബ്‌സാദാ ഫർഹാനും (38 പന്തിൽ 57), ഫഖർ സമാനും (35 പന്തിൽ 46) ചേർന്ന് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 84 റൺസ് കൂട്ടിച്ചേർത്തു. മൂന്നു സിക്സും അഞ്ച് ഫോറുമടക്കമാണ് സാഹിബ്‌സാദാ ഫർഹാൻ ഇന്ത്യയ്‌ക്കെതിരെ തുടർച്ചയായ രണ്ടാം ഫിഫ്റ്റി നേടിയത്. പവർപ്ലേ അവസാനിച്ചപ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 45 റൺസായിരുന്നു പാക്കിസ്ഥാന്റെ സമ്പാദ്യം. 10–ാം ഓവറിൽ ഫർഹാനെ പുറത്താക്കി, വരുൺ ചക്രവർത്തിയാണ് കൂട്ടുകെട്ട് പൊളിച്ചത്. പാക്കിസ്ഥാന് ആദ്യപ്രഹരം.

പിന്നീട് ക്രീസിലെത്തിയ ടൂർണമെന്റിൽ നാല് തവണ സംപൂജ്യനായി പുറത്തായ സയിം അയൂബ്. ഇക്കുറി രണ്ടു ഫോറടക്കം 14 റൺസായിരുന്നു അയൂബിന്റെ സമ്പാദ്യം. 13–ാം ഓവറിൽ കുൽദീപ് യാദവാണ് അയൂബിനെ പുറത്താക്കിയത്. അപ്പോൾ പാക്കിസ്ഥാൻ സ്കോർ 113/2. ഈ നിലയിൽനിന്നാണ് 146 റൺസിന് പാക്കിസ്ഥാൻ ഓൾ ഔട്ടായത്. 20 റൺസു കൂട്ടിച്ചേർക്കുന്നതിനിടെയാണ് അവർക്ക് ഏഴു വിക്കറ്റുകൾ നഷ്ടമായത്.

 (Photo by Sajjad HUSSAIN / AFP)

ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാൻ ഓപ്പണർ സാഹിബ്‌സാദാ ഫർഹാന്റെ ബാറ്റിങ്. ചിത്രം: (Photo by Sajjad HUSSAIN / AFP)

മുഹമ്മദ് ഹാരിസ് (പൂജ്യം), സൽമാൻ ആഗ (8), ഹുസൈൻ തലാത് (1) മുഹമ്മദ് നവാസ് (6), ഷഹീൻ അഫ്രീദി (പൂജ്യം), ഫഹീം അഷ്‌റഫ് (പൂജ്യം), ഹാരിസ് റൗഫ് (6) അബ്രാർ അഹമ്മദ് (1*) എന്നിങ്ങനെയാണ് മറ്റു പാക്കിസ്ഥാൻ ബാറ്റർമാരുടെ സ്കോറുകൾ. പാക്കിസ്ഥാൻ ബാറ്റിങ് നിരയിൽ മൂന്നു പേർ മാത്രമാണ് രണ്ടക്കം കടന്നത്. മൂന്നു പേർ പൂജ്യത്തിനു പുറത്തായി.

∙ ടോസ് ഇന്ത്യയ്ക്ക്

ഫൈനലിൽ പാക്കിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരുക്കേറ്റ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്കു പകരം റിങ്കു സിങ് പ്ലേയിങ് ഇലവനിലെത്തി. കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന ജസ്പ്രീത് ബുമ്രയും ശിവം ദുബെയും തിരിച്ചെത്തിയപ്പോൾ അർഷ്‌ദീപ് സിങ്ങും ഹർഷിത് റാണയും പുറത്തായി. പാക്കിസ്ഥാൻ ടീമിൽ മാറ്റമില്ല. 41 വർഷം പഴക്കമുള്ള ഏഷ്യാ കപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനം നേർക്കുനേർ വരുന്നത്. ഇന്ത്യ ഏഷ്യാകപ്പിലെ ഒൻപതാം കിരീടം ലക്ഷ്യമിടുമ്പോൾ പാക്കിസ്ഥാൻ മുൻപ് 2 തവണ ജേതാക്കളായിരുന്നു.

∙ പ്ലേയിങ് ഇലവൻ

ഇന്ത്യ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, അക്ഷർ പട്ടേൽ, ശിവം ദുബെ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി.

പാക്കിസ്ഥാൻ: സാഹിബ്‌സാദാ ഫർഹാൻ, ഫഖർ സമാൻ, സയിം അയൂബ്, സൽമാൻ ആഗ (ക്യാപ്റ്റൻ), ഹുസൈൻ തലാത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്

English Summary:

Asia Cup 2025 Final, India vs Pakistan Match Live Updates

Read Entire Article