
കല്യാണി, പ്രിയദർശൻ | ഫോട്ടോ: Facebook, ശ്രീജിത്ത് പി. രാജ് |മാതൃഭൂമി
മകൾ കല്യാണി സിനിമയിലെത്തുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സംവിധായകൻ പ്രിയദർശൻ. ഇപ്പോഴും മകളെന്ന നിലയിൽ കല്യാണിയെ ഇങ്ങനെ സങ്കല്പിക്കാനാവുന്നില്ല. മക്കളെപ്പോലുള്ളവർ എടുക്കുന്ന സിനിമയ്ക്ക് അച്ഛനെപ്പോലുള്ളവരുടെ പ്രാർത്ഥനയുണ്ടാവും. വിജയിക്കുമോ പരാജയപ്പെടുമോ എന്ന് നോക്കിയല്ല സിനിമകൾ ചെയ്യുന്നത്. വിജയവും പരാജയവും ഒരു സംവിധായകന്റെ ജീവിതത്തിലുള്ളതാണ്. സിനിമയോട് പാഷനുള്ളവരെ പരാജയങ്ങൾ ബാധിക്കില്ലെന്നും പ്രിയദർശൻ പറഞ്ഞു. കല്യാണി പ്രിയദർശൻ മുഖ്യ വേഷത്തിലെത്തുന്ന ലോക: ചാപ്റ്റർ 1 ചന്ദ്ര എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിയദർശന്റെ വാക്കുകൾ ഇങ്ങനെ: "ഞാനെന്റെ ജീവിതത്തിൽ ഒരിക്കലും വിചാരിച്ചിരുന്നില്ല എന്റെ മകൾ സിനിമയിലെത്തുമെന്ന്. ഒരുദിവസം അവൾ എന്നോട് വന്നുചോദിച്ചു, അച്ഛാ നാഗാർജുന അങ്കിൾ പറയുന്നു ഒരു പടത്തിൽ അഭിനയിക്കാമോ എന്ന്. ഞാൻ ചോദിച്ചു നിന്നെക്കൊണ്ട് കഴിയുമോ എന്ന്. അവരങ്ങനെ പറയും, നമ്മുടെ കഴിവിനെക്കുറിച്ച് നമുക്കൊരു ബോധമുണ്ടാവണമെന്ന്. ശ്രമിച്ചുനോക്കാം, നഷ്ടപ്പെടാനൊന്നുമില്ലല്ലോ എന്ന് അവൾ പറഞ്ഞു, ആയിക്കോട്ടെയെന്ന് ഞാനും. അങ്ങനെയാണ് കല്യാണി അഭിനയിക്കാൻ തുടങ്ങിയത്.
തമാശ എന്താണെന്നുവച്ചാൽ ആന്റണി എന്ന പടം മുതലാണ് അവൾ ആളുകളെ കുത്താനും ചവിട്ടാനുമൊക്കെ തുടങ്ങിയത്. ലോകയിലും അങ്ങനെയൊക്കെ ചെയ്യുന്നതുകണ്ടു. ഇപ്പോഴും മകളെന്ന നിലയിൽ കല്യാണിയെ ഇങ്ങനെ സങ്കല്പിക്കാനാവുന്നില്ല. പക്ഷേ അതാണല്ലോ സിനിമയുടെ മാജിക് എന്നുപറയുന്നത്. മക്കളെപ്പോലുള്ളവർ എടുക്കുന്ന സിനിമയ്ക്ക് അച്ഛനെപ്പോലുള്ളവരുടെ പ്രാർത്ഥനയുണ്ടാവും. ലോക ഒരു ലോക ഹിറ്റാവട്ടെ.
നസ്ലിൻ നമ്മുടെ ഫേവറിറ്റ് ആക്ടറാണ്. ഭയങ്കര നിഷ്കളങ്കതയും എന്നാൽ നല്ല കള്ളനാണെന്ന് മനസിലാവുകയും ചെയ്യും. കമലഹാസന്റെ ചില കഥാപാത്രങ്ങൾ അങ്ങനെ തോന്നിയിട്ടുണ്ട്. ഇപ്പോൾ നസ്ലിനെ കാണുമ്പോൾ വീണ്ടും അങ്ങനെ തോന്നുന്നുണ്ട്.
കുഞ്ചാക്കോ ബോബനുമൊത്ത് ഒരു സിനിമ നടന്നില്ല. ഇപ്പോൾ കണ്ടപ്പോഴും ചാക്കോച്ചൻ ചോദിച്ചു നൂറ് സിനിമ ആയോ എന്ന്. ഞാൻ പറഞ്ഞു തൊണ്ണൂറ്റെട്ടേ ആയുള്ളൂ എന്ന്. നൂറാകുമോ എന്ന് ഇപ്പോഴും നിശ്ചയമില്ല. കാരണം സിനിമകൾ സംഭവിച്ചുപോവുന്നതാണ്. എട്ടുവർഷമായി ഞാൻ സിനിമ ചെയ്തിട്ടില്ല. വിജയിക്കുമോ പരാജയപ്പെടുമോ എന്നൊന്നും നോക്കുന്നില്ല. സിനിമ ചെയ്യുന്നത് ഹരമാണ്, ചെയ്യുന്നു പോകുന്നു. അങ്ങനെയാണ് ഇതുവരെ എത്തിയത്. സിനിമകൾ നന്നാവുന്നതും മോശമാവുന്നതും ഒരു സംവിധായകന്റെ ജീവിതത്തിലുള്ളതാണ്. കുറേക്കാലം കഴിഞ്ഞ് ആലോചിക്കും, എനിക്കിങ്ങനെ രണ്ട് സിനിമ എടുക്കാനുണ്ടല്ലോ പക്ഷേ പറ്റുന്നില്ലല്ലോ എന്ന്.
സിനിമ നമ്മുടെ എല്ലാവരുടേയും പാഷനാണ്. അതുള്ളവരാണ് ഈ ജോലിക്ക് ഇറങ്ങുന്നത്. അത് നിലനിർത്തുന്നിടത്തോളം കാലം നമ്മൾ മുന്നോട്ടുപോകും. അവരെ പരാജയങ്ങൾ ബാധിക്കില്ല. നമ്മുടെ ജോലി നന്നായി ചെയ്താൽ ഫലം കിട്ടിയിരിക്കും." പ്രിയദർശൻ പറഞ്ഞു.
Content Highlights: Director Priyadarshan shares his thoughts connected girl Kalyani Priyadarshan`s acting journey
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·