
കല്യാണി പ്രിയദർശൻ, ദുൽഖർ സൽമാൻ | Photo: Special Arrangement
'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര'യുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവരെ പ്രശംസിച്ച് നടനും നിര്‍മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍. ഏറ്റവും മികച്ച സാങ്കേതികപ്രവര്‍ത്തകരും അഭിനേതാക്കളുമാണ് ചിത്രത്തിനുവേണ്ടി അണിനിരന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു. 'കുറുപ്പും' 'കിങ് ഓഫ് കൊത്ത'യും നിര്‍മിക്കാന്‍ ആവശ്യമായ ബജറ്റുതന്നെ 'ലോക'യക്കും ചെലവാക്കിയിട്ടുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. ഹൈദരാബാദില്‍ 'ലോക'യുടെ തെലുങ്ക് പതിപ്പായ 'കൊത്ത ലോക'യുടെ സക്‌സസ് സെലിബ്രേഷനില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.
'ഞങ്ങടെ ഏഴാമത്തെ പ്രൊഡക്ഷനാണ്. 'ലോക'യെക്കാള്‍ സന്തോഷവും പോസിറ്റിവിറ്റിയും നിറഞ്ഞ ക്രൂവും കാസ്റ്റും മറ്റൊരു സിനിമയിലും ഉണ്ടാവില്ല. എല്ലാവരും ചിത്രത്തിനായി തങ്ങളുടെ ഹൃദയവും ആത്മാവും നല്‍കി. മികച്ച സാങ്കേതികപ്രവര്‍ത്തകരും അഭിനേതാക്കളും ചിത്രത്തിനുവേണ്ടി അണിനിരന്നു. നിര്‍മാതാവെന്ന നിലയില്‍ ഒന്നോ രണ്ടോ തവണ മാത്രമേ എനിക്ക് ചിത്രത്തിന്റെ സെറ്റിലേക്ക് വരേണ്ടി വന്നിട്ടുള്ളൂ. എഡിറ്റും ഒന്നോ രണ്ടോ തവണയേ കണ്ടിട്ടുള്ളൂ. അത് എനിക്ക് ടീമിലുള്ള വിശ്വാസംകൊണ്ടാണ്', ദുല്‍ഖര്‍ പറഞ്ഞു.
'ഞങ്ങള്‍ ആദ്യം നിര്‍മിച്ച 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തില്‍ തന്നെ നസ്ലിന്‍ ഉണ്ടായിരുന്നു. നസ്ലിനോട് സംസാരിച്ചുകൊണ്ടിരുന്നാല്‍, എന്തൊരു ക്യൂട്ടാണെന്ന് മനസിലാവും. ഒരു ബാഗിലെടുത്ത് തൂക്കി വീട്ടില്‍ കൊണ്ടുപോകാന്‍ തോന്നും. ചന്തുവിന്റെ അച്ഛന്‍ ഒരു ഇതിഹാസമാണ്. അദ്ദേഹത്തോടൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്, സമയം ചെലവിട്ടിട്ടുണ്ട്. അച്ഛനെപ്പോലെ തന്നെയാണ് ചന്തുവും', നടന്മാരെക്കുറിച്ച് ദുല്‍ഖര്‍ പറഞ്ഞു.
'നിമിഷും ഞാനും തമ്മില്‍ വളരേക്കാലത്തെ പരിചയമുണ്ട്. എന്റെ ഏറ്റവും അടുത്ത ടെക്‌നീഷ്യന്‍ ഫ്രണ്ടാണ് നിമിഷ്. 'ലോക'യിലേക്ക് എന്നെ കൊണ്ടുവന്നതില്‍ നിമിഷിനോട് ഞാന്‍ നന്ദിയുള്ളവനായിരിക്കും. 'കിങ് ഓഫ് കൊത്ത'യുടെ സമയത്താണ് ലോകയെക്കുറിച്ച് നിമിഷ് പറയുന്നത്. ഒരുപാട് നിര്‍മാതാക്കളുടെ അടുത്ത് കഥ പറഞ്ഞെന്നും അവര്‍ക്ക് ഇത് മനസിലാകുന്നില്ലെന്നും നിമിഷ് പറഞ്ഞു. 'നീ എന്നെ കാണുന്നില്ലേ, ഞാനും ഒരു നിര്‍മാതാവ് അല്ലേ, വെറും നടനല്ലല്ലോ', എന്ന് ഞാന്‍ ചോദിച്ചു. കഥ പറയാന്‍ ആവശ്യപ്പെട്ടു, കേട്ടപ്പോള്‍ തന്നെ ഇഷ്ടമായി. എങ്ങനെ ചെയ്യുമെന്ന് അറിയുമായിരുന്നില്ലെങ്കിലും നമ്മള്‍ ചെയ്യുമെന്ന് ഞാന്‍ ഉറപ്പിച്ചു', ദുല്‍ഖര്‍ ഓര്‍ത്തെടുത്തു.
'തീരെ ചെറിയ ബജറ്റിലാണ് 'ലോക' നിര്‍മിച്ചിരിക്കുന്നതെന്ന് പലരും ചിന്തിക്കുന്നുണ്ടവാും. പക്ഷേ, മലയാളത്തില്‍ 'കുറുപ്പും' 'കിങ് ഓഫ് കൊത്ത'യും നിര്‍മിച്ച ബജറ്റ് തന്നെ 'ലോക'യ്ക്കുമായി. അത് ഞങ്ങള്‍ക്ക് ബിഗ് ബജറ്റ് തന്നെയാണ്. ഒരു രൂപപോലും പാഴാക്കിയതായി എനിക്ക് തോന്നുന്നില്ല, ചെലവായ ഓരോ രൂപയും ചിത്രത്തില്‍ കാണാനുണ്ട്. അതിന്റെ ക്രെഡിറ്റ് ടീമിനാണ്', ദുല്‍ഖര്‍ അഭിപ്രായപ്പെട്ടു.
'സംവിധായകനും ഛായാഗ്രാഹകനും തമ്മില്‍ ഒരു ദാമ്പത്യത്തിലേതുപോലെയുള്ള ബന്ധമാണെന്നാണ് ഞാന്‍ കരുതുന്നത്. ബന്ധം സന്തോഷകരമാണെങ്കില്‍ ചിത്രവും ഷൂട്ടിങ്ങും എല്ലാം സന്തോഷകരമാവും. നല്ല സിനിമയുണ്ടാവും. കല്യാണിയും ഞാനും തമ്മില്‍ ഒരുപാട് സാമ്യതകളുണ്ട്. മറ്റൊരു ജന്മത്തിൽ ഞങ്ങള്‍ ഇരട്ടകളായിരുന്നുവെന്ന് തോന്നുന്നു. ചന്ദ്രയെ ഇത്രത്തോളം ആത്മാര്‍ഥതയോടെ മറ്റാരെങ്കിലും അവതരിപ്പിക്കുമായിരുന്നോ എന്നത് സംശയമാണ്', ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Dulquer Salmaan lauded the squad down `Lokah`, praising its technicians and actors
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·