കല്ലേറിന് പിന്നാലെ പൂച്ചെണ്ടും; ഹാരിസ് മറക്കില്ല ആ പോരാട്ടം

7 months ago 7

കൈക്കുമ്പിളിൽ നിന്നൊരു ചരിത്രവിജയം തട്ടിത്തെറിപ്പിക്കപ്പെടുന്നത് ക്രോസ് ബാറിനടിയിൽ നിസ്സഹായനായി കണ്ടുനിന്നിട്ടുണ്ട് ഹാരിസ് റഹ്‌മാൻ. പന്തുകളി ജീവിതത്തിലെ വേദനാജനകമായ ഓർമ്മകളിലൊന്ന്.

1987 ലെ കൊൽക്കത്ത സന്തോഷ് ട്രോഫിയിലെ കേരളം-ബംഗാൾ സെമിഫൈനൽ. മോഹൻ ബഗാൻ സ്റ്റേഡിയത്തിലെ ഗാലറികൾ കേരളത്തിന്റെ ചോരയ്ക്ക് വേണ്ടി ആർത്തുവിളിച്ച ദിവസം. എന്നിട്ടും മുപ്പത്തിയഞ്ചാം മിനിറ്റിൽ ഗണേശന്റെ ഗോളിലൂടെ മുന്നിലെത്തി കേരളം. ശിശിർ ഘോഷ്, ബാബുമണി, കിഷാനു ഡേ, കൃഷ്‌ണേന്ദു റോയ്, സുദീപ് ചാറ്റർജി, പ്രശാന്ത ബാനർജി, അമിത് ഭദ്ര തുടങ്ങി ഇന്റർനാഷണൽ താരങ്ങളുടെ ഒരു മിന്നും പടയെ തന്നെ അണിനിരത്തിയ ബംഗാളിനെ ശരിക്കും ഞെട്ടിച്ചു ആ ഗോൾ. ആരവങ്ങളുമായി കാത്തിരുന്ന ആരാധകരേയും.

ഗോൾ മടക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി അവർ. പക്ഷേ, ഭാഗ്യം ഹാരിസിന്റെയും കേരളത്തിന്റേയും ഭാഗത്തായിരുന്നു. തലങ്ങും വിലങ്ങും ആക്രമിച്ചു കയറിയ ബംഗാൾ താരങ്ങൾക്ക് ഒരു പഴുതും നൽകിയില്ല ബെന്നിയുടെ നേതൃത്വത്തിലുള്ള കേരള ഡിഫൻസും ഗോളിയും. ഇടവേള കഴിഞ്ഞതോടെ ഗാലറിയിൽ നിന്ന് കേരള കളിക്കാരെ ഉന്നമിട്ട് തുടരെത്തുടരെ കല്ലുകളുടെ വരവായി. അവയിലൊന്ന് കേരള സ്‌ട്രൈക്കർ തോമസ് സെബാസ്റ്റ്യന്റെ തലയിലാണ് ചെന്ന് തറച്ചത്. ചോരയൊലിപ്പിച്ചുകൊണ്ട് മൈതാനം വിടേണ്ടി വന്നു തോമസിന്. സ്വന്തം ടീമിനെ എന്തുവില കൊടുത്തും ജയിപ്പിക്കാനുള്ള യത്നത്തിൽ ബംഗാളികളായ റഫറിയും ലൈൻസ്മാനും പങ്കുചേർന്നതോടെ ശരിക്കും ദുരിതത്തിലായി സി.സി. ജേക്കബ് പരിശീലിപ്പിച്ച കേരളം.

കളി എഴുപത് മിനിറ്റ് പിന്നിട്ടപ്പോഴായിരുന്നു വിധിയുടെ നിർണായക ഫൗൾ. മുന്നോട്ട് കയറിനിന്ന ഹാരിസിനെയും മറികടന്ന് പന്ത് പോസ്റ്റിലേക്ക് ഹെഡ് ചെയ്യുന്നു ദേബാശിഷ് റോയ്. പൊടുന്നനെ എങ്ങുനിന്നോ ഗോൾ ഏരിയയിൽ പൊട്ടിവീണ ബെന്നി പന്ത് ഗോൾലൈൻ കടക്കും മുൻപ് തന്ത്രപൂർവം അടിച്ചകറ്റുന്നു. പക്ഷേ അതിനകം ലൈൻസ്മാന്റെ കൊടി ഉയർന്നിരുന്നു. സ്കോർ: 1 - 1. പന്ത് ഗോൾ ലൈൻ കടന്നിട്ടില്ലെന്ന കാര്യത്തിൽ അന്ന് കളി റിപ്പോർട്ട് ചെയ്ത ബംഗാളി ലേഖകർക്ക് പോലുമുണ്ടായിരുന്നില്ല സംശയം. പക്ഷേ, സ്വന്തം മണ്ണിൽ ബംഗാളിന് ജയിച്ചല്ലേ പറ്റൂ? സ്വാഭാവികമായും കേരളത്തിന്റെ പ്രതിഷേധങ്ങളൊന്നും വിലപ്പോയില്ല.

സന്തോഷ് ട്രോഫിയില്‍ കേരളത്തിനെതിരേ ഗോള്‍ നേടിയ ബംഗാള്‍ താരങ്ങളുടെ ആഹ്ലാദം

ഷൂട്ടൗട്ടിൽ സുദീപ് ചാറ്റർജിയും കൃഷ്‌ണേന്ദു റോയിയും കിഷാനു ഡേയും ശിശിർ ഘോഷും ആതിഥേയർക്ക് വേണ്ടി സ്കോർ ചെയ്തു. കേരളത്തിന്റെ തോബിയാസും ഹാരിസും ലക്ഷ്യം കണ്ടെങ്കിലും മറ്റുള്ളവർക്ക് പിഴച്ചു. 'അതുവരെ കല്ലെറിഞ്ഞും കൂവിയും ഞങ്ങളുടെ ക്ഷമ പരീക്ഷിച്ചുകൊണ്ടിരുന്ന കാണികൾ ഒന്നടങ്കം എഴുന്നേറ്റു നിന്ന് കയ്യടിച്ചാണ് ഞങ്ങളെ മൈതാനത്തിന് പുറത്തേക്ക് വരവേറ്റത്. വിജയം സ്വന്തം ടീമിന് അവകാശപ്പെട്ടതല്ല എന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നിരിക്കണം അവർക്ക്...' - ഹാരിസ് റഹ്‌മാൻ ഓർക്കുന്നു. ഫൈനലിൽ റയിൽവേസിനെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപ്പിച്ചാണ് ഒടുവിൽ ബംഗാൾ ചാമ്പ്യന്മാരായത്. ഫൈനലിലുമുണ്ടായി വിവാദ തീരുമാനങ്ങൾ.

ഇന്ത്യ നാലാം സ്ഥാനത്തെത്തി ചരിത്രം സൃഷ്ടിച്ച 1956 ലെ മെൽബൺ ഒളിമ്പിക്സിൽ കളിച്ച കോഴിക്കോടിന്റെ അഭിമാനതാരം ടി.എ. റഹ്‌മാന്റെ മകൻ ഹാരിസ് സതേൺ റയിൽവേയിൽ നിന്ന് ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടർ ആയി വിരമിച്ചത് കഴിഞ്ഞ ദിവസമാണ്. 'ജോലിയിൽ നിന്നേ പടിയിറങ്ങുന്നുള്ളൂ. ഫുട്‍ബോളിൽ നിന്ന് ഒരിക്കലും വിരമിക്കുന്നില്ല. പരിശീലനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.' ആയുഷ്കാലം മുഴുവൻ ഫുട്‍ബോൾ ശ്വസിച്ചു ജീവിച്ച പിതാവിന്റെ മകൻ അങ്ങനെ പറഞ്ഞില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ?

ഹാരിസ് റഹ്മാൻ

'ഇവനോട് ഞാൻ ഒരൊറ്റ കാര്യമേ പറഞ്ഞിട്ടുളളൂ. ന്റെ പേര് ചീത്തയാക്കരുത് എന്ന് മാത്രം.' - 1980 കളുടെ മധ്യത്തിൽ സിവിൽ സ്റ്റേഷനടുത്ത വീട്ടിൽ വെച്ച് മകനെ പരിചയപ്പെടുത്തവേ റഹ്‌മാൻക്ക സ്വതഃസിദ്ധമായ ശൈലിയിൽ പറഞ്ഞ വാക്കുകളാണ് ഓർമ്മയിൽ. കളിച്ചത് ക്രോസ് ബാറിനടിയിലെങ്കിലും പിതാവിന്റെ പ്രതീക്ഷക്കൊത്ത് ഉയരാൻ പരിശ്രമിച്ചു ഹാരിസ്. മൂന്ന് ടീമുകൾക്ക് വേണ്ടി സന്തോഷ് ട്രോഫി കളിച്ചു. ഇന്ത്യൻ യൂത്ത് ടീമിന്റെ വരെ കുപ്പായമണിഞ്ഞു. റഹ്‌മാൻക്കയെ പിന്തുടർന്ന് അദ്ദേഹത്തിന്റെ സ്വപ്ന ടീമായ യൂണിവേഴ്‌സലിന്റെ ചുമതല ഏറ്റെടുത്തു.

ടൈറ്റാനിയത്തിന് വേണ്ടി കളിച്ചുകൊണ്ടിരിക്കേ 1985 ലെ കാൻപൂർ നാഷണൽസിലാണ് കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫിയിൽ അരങ്ങേറ്റം. ജബൽപ്പൂരിലും കൊൽക്കത്തയിലും കേരളത്തെ പ്രതിനിധാനം ചെയ്ത ശേഷം അടുത്ത മൂന്ന് വർഷം തമിഴ്‌നാടിനും അതിനടുത്ത മൂന്ന് വർഷം റയിൽവേസിനും വേണ്ടി ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു ഹാരിസ്. നാലു വർഷം സതേൺ റയിൽവേയുടെ നായകനായി. ഇറ്റാലിയൻ ഒളിമ്പിക് ടീമിനെതിരെ ഡൽഹിയിലും പോർച്ചുഗീസ് ഇലവനെതിരെ ഗോവയിലും ഇന്ത്യൻ ടീമിന്റെ ഗോൾവലയം കാത്തു.

'ഒരു പാട് മികച്ച കളിക്കാർക്കൊപ്പം കളിക്കാൻ കഴിഞ്ഞു എന്നതാണ് ഫുട്‍ബോൾ ജീവിതം നൽകിയ സൗഭാഗ്യം. എങ്കിലും കൊൽക്കത്തയിലെ ആ സെമിഫൈനൽ ദുഃസ്വപ്നം പോലെ ഓർമ്മയിലുണ്ട്.' - ഹാരിസ് പറയുന്നു.

Content Highlights: harris rahman erstwhile santosh trophy goalkeeper kerala

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article