Published: March 26 , 2025 07:00 AM IST Updated: March 26, 2025 07:53 AM IST
1 minute Read
ബ്യൂനസ് ഐറിസ് ∙ കയ്യാങ്കളിയുടെ കാര്യത്തിൽ വീറും വാശിയും ആവോളം കണ്ടെങ്കിലും, ഏറെക്കുറെ ഏകപക്ഷീയമായി മാറിയ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ വീഴ്ത്തി അർജന്റീന. അർജന്റീനയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 4–1നാണ് അവർ ജയിച്ചുകയറിയത്. ബ്രസീലിനെതിരായ മത്സരത്തിനു തൊട്ടുമുൻപു തന്നെ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ അർജന്റീന, ബദ്ധവൈരികൾക്കെതിരായ തകർപ്പൻ വിജയത്തോടെ ലോകകപ്പ് യോഗ്യതാനേട്ടം രാജകീയമാക്കി. മത്സരത്തിന്റെ ആദ്യപകുതിയിൽ അർജന്റീന 3–1ന് മുന്നിലായിരുന്നു.
14 കളികളിൽനിന്ന് 10–ാം ജയം കുറിച്ച അർജന്റീന, ഒരു സമനില കൂടി ചേർത്ത് 31 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ് തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ നിന്ന് നേരിട്ട് ലോകകപ്പ് യോഗ്യത നേടുന്ന ആദ്യ ടീമായത്. 14 കളികളിൽനിന്ന് അഞ്ചാം തോൽവി വഴങ്ങിയ ബ്രസീൽ 21 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഇറങ്ങി. 14 കളികളിൽനിന്ന് ഏഴു ജയവും അഞ്ച് സമനിലയും സഹിതം 23 പോയിന്റുമായി ഇക്വഡോറാണ് രണ്ടാമത്. 14 കളികളിൽനിന്ന് അഞ്ച് ജയം, ആറു സമനില സഹിതം 21 പോയിന്റുമായി യുറഗ്വായ് മൂന്നാമതുണ്ട്.
അർജന്റീനയ്ക്കായി യൂലിയൻ അൽവാരസ്(4–ാം മിനിറ്റ്), എൻസോ ഫെർണാണ്ടസ് (12–ാം മിനിറ്റ്), അലക്സിസ് അക്അലിസ്റ്റർ (37–ാം മിനിറ്റ്), ജൂലിയാനോ സിമിയോണി (71–ാം മിനിറ്റ്) എന്നിവർ ലക്ഷ്യം കണ്ടു. ബ്രസീലിന്റെ ഏക ഗോൾ 26–ാം മിനിറ്റിൽ മാത്യൂസ് കുഞ്ഞ നേടി. സൂപ്പർതാരം ലയണൽ മെസ്സിയെ കൂടാതെയാണ് അർജന്റീന കളത്തിലിറങ്ങിയത്. ബ്രസീൽ നിരയിൽ സൂപ്പർതാരം നെയ്മാറും ഉണ്ടായിരുന്നില്ല.
മത്സരത്തിനിടെ ആദ്യപകുതിയിൽ ഇരു ടീമുകളിലെയും താരങ്ങൾ ഇടയ്‌ക്കിടെ കയ്യാങ്കളിയുടെ വക്കിലെത്തിയത് നാടകീയ നിമിഷങ്ങൾ സമ്മാനിച്ചു. ഇടവേളയ്ക്കു പിരിയുന്ന സമയത്തും ഇരു ടീമുകളിലെയും താരങ്ങൾ നേർക്കുനേരെത്തി.
അതേസമയം, മത്സരം ആരംഭിക്കും മുൻപേ നിലവിലെ ചാംപ്യൻമാർ കൂടിയായ അർജന്റീന 2026ലെ ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടി. യുറുഗ്വായ്-ബൊളീവിയ മത്സരം സമനിലയിൽ അവസാനിച്ചതോടെയാണ് അർജന്റീന യോഗ്യത ഉറപ്പാക്കിയത്. മത്സരത്തിൽ യുറഗ്വായ് തോറ്റിരുന്നെങ്കിൽ ബ്രസീലിനെതിരെ സമനില നേടിയാൽ അർജന്റീന നേരിട്ട യോഗ്യത നേടുമായിരുന്നു.
English Summary:








English (US) ·