Published: August 24, 2025 11:04 AM IST
1 minute Read
-
ഫുട്ബോളിന് വിട്ടുനൽകിയാൽ രഞ്ജി ട്രോഫി മത്സരങ്ങൾ ഉപേക്ഷിക്കേണ്ടിവരും
തിരുവനന്തപുരം∙ കാര്യവട്ടത്തെ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം അർജന്റീനയുടെ ഫുട്ബോൾ മത്സരത്തിനായി വിട്ടുനൽകുമ്പോൾ ഇവിടെ നിന്ന് രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ മാറ്റേണ്ടി വരും. ക്രിക്കറ്റ് മത്സരങ്ങൾക്കു മാത്രമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പാട്ടത്തിനെടുത്ത് പരിപാലിക്കുന്ന സംസ്ഥാനത്തെ ഏക രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാണെങ്കിലും സർക്കാർ സമീപിച്ചാൽ ഫുട്ബോൾ മത്സരത്തിനായി വിട്ടു നൽകുമെന്ന് അവർ വ്യക്തമാക്കുന്നു. എന്നാൽ ഇതുവരെ സർക്കാർ ഔദ്യോഗികമായി സമീപിച്ചിട്ടില്ലെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്.കുമാർ പറഞ്ഞു.
ക്രിക്കറ്റ് പിച്ചുകൾക്ക് വലിയ പരുക്കില്ലാതെ ഫുട്ബോളിന് അനുയോജ്യമായ ടർഫ് ഒരുക്കാനാവുമെന്നാണ് ക്യുറേറ്റർമാർ പറയുന്നത്. മൈതാനത്ത് 14 പിച്ചുകളാണുള്ളത്. ഔട്ട്ഫീൽഡിനെക്കാൾ കടുപ്പമേറിയ പിച്ചിന്റെ ഭാഗത്ത് മേൽത്തട്ടിലെ കാഠിന്യം കുറച്ച് പുല്ല് വളർത്തിയെടുക്കുക എന്നതാണ് മുഖ്യമായും ചെയ്യേണ്ടത്. ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 12–18 മില്ലിമീറ്റർ വരെ ഉയരത്തിലാണ് പുല്ല് പരിപാലിക്കുന്നതെങ്കിൽ ഫുട്ബോൾ ടർഫിൽ ഇത് 25–30 മില്ലി മീറ്റർ വരെ വേണം. ആ രീതിയിൽ വളർത്തിയെടുക്കാൻ ആഴ്ചകൾ മതിയാകും. പിച്ചുകളുടെ ഭാഗത്ത് കൂടുതൽ സമയം വേണമെങ്കിലും പിച്ചുകളുടെ അടിത്തറ ഇളക്കേണ്ടി വരില്ല. ലോക ചാംപ്യൻമാരാണ് കളിക്കാനെത്തുന്നതെങ്കിലും സൗഹൃദ മത്സരമായതിനാൽ ടർഫിന്റെ ‘ഫിഫ നിലവാരം’ സംബന്ധിച്ച് കടുംപിടിത്തമുണ്ടാകില്ലെന്നും കണക്കുകൂട്ടുന്നു. അതിനാൽ തന്നെ ക്രിക്കറ്റ് ടർഫിന്റെ പിച്ചിൽ നിന്നു ബൗണ്ടറിയിലേക്കുള്ള ചരിവ് പ്രശ്നമാകില്ലെന്നാണ് കണക്കുകൂട്ടൽ.
ഫുട്ബോൾ മത്സരം കഴിഞ്ഞാൽ ഒരു മാസത്തിനുള്ളിൽ ക്രിക്കറ്റ് പിച്ചുകൾ വീണ്ടും പഴയ സ്ഥിതിയിലാക്കാനുമാകും. ജനുവരി 31ന് ഇന്ത്യ–ന്യൂസീലൻഡ് ട്വന്റി20 ക്രിക്കറ്റ് മത്സരം ഇവിടെയാണ് നിശ്ചയിച്ചിരിക്കുന്നത്. അതിനു പ്രശ്നമാകില്ലെങ്കിലും ഒക്ടോബറിൽ നടക്കുന്ന രഞ്ജി ട്രോഫി ഉൾപ്പെടെ ഈ സീസണിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ ഇവിടെ നിന്ന് ഒഴിവാക്കേണ്ടി വരും. തിരുവനന്തപുരത്ത് തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലും മംഗലപുരത്തും കെസിഎയുടെ ഫസ്റ്റ് ക്ലാസ് സ്റ്റേഡിയങ്ങളുണ്ടെങ്കിലും തത്സമയ ടിവി സംപ്രേഷണത്തിനുള്ള സ്ഥിരം സൗകര്യങ്ങൾ കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ മാത്രമാണ് നിലവിലുള്ളത്. നവി മുംബൈയിലെ ഡി.വൈ.പാട്ടീൽ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇത്തരത്തിൽ ഫുട്ബോൾ മത്സരങ്ങളും നടത്തിയിട്ടുണ്ട്. അണ്ടർ 17 ഫിഫ ലോകകപ്പ് മത്സരങ്ങളും ഐഎസ്എൽ മത്സരങ്ങളും ഇവിടെ നടന്നിരുന്നു.
English Summary:









English (US) ·