ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ അപ്രതീക്ഷിത തോൽവിക്കു പിന്നാലെ, ടീമിൽ അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമാകുന്നു. ആദ്യ ടെസ്റ്റിൽ നിരാശപ്പെടുത്തിയ ഷാർദുൽ ഠാക്കൂറിനു പകരം, സ്പിന്നറായ കുൽദീപ് യാദവിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരം കൂടിയായ കമന്റേറ്റർ സഞ്ജയ് മഞ്ജരേക്കറും മുൻ ഇംഗ്ലിഷ് താരം മോണ്ടി പനേസറും ആവശ്യപ്പെട്ടു. കളി ഇംഗ്ലണ്ടിലായതുകൊണ്ടു മാത്രം പേസ് ബോളർമാരെ കളിപ്പിക്കേണ്ട കാര്യമില്ലെന്ന് മഞ്ജരേക്കർ ചൂണ്ടിക്കാട്ടി. മുൻപ് ഏതു നാട്ടിലായാലും മൂന്നു സ്പിന്നർമാരെ കളിപ്പിച്ചിരുന്ന ടീമാണ് ഇന്ത്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘‘പറയുന്നതിൽ വിഷമമുണ്ട്. പക്ഷേ ഷാർദുൽ ഠാക്കൂർ പുറത്തുപോയേ തീരൂ. പകരം കുൽദീപ് യാദവിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണം. ഈ ഘട്ടത്തിൽ ടീമിന് ഏറ്റവും ഗുണകരമാകാൻ പോകുന്ന മാറ്റം അതായിരിക്കുമെന്ന് ഞാൻ കരുതുന്നു. ഒന്നാം ടെസ്റ്റിനു മുൻപ് നിതീഷ് കുമാർ റെഡ്ഡിയെയാണ് ഞാൻ പിന്തുണച്ചിരുന്നത്. അത് ഓസ്ട്രേലിയയിലെ അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്. പക്ഷേ, അദ്ദേഹത്തെ ഉൾപ്പെടുത്തുന്നത് അത്ര നന്നാകുമെന്ന് ഈ ഘട്ടത്തിൽ ഞാൻ കരുതുന്നില്ല. കാരണം, നിതീഷ് കുമാർ വരുന്നതോടെ അത് ടീമിന്റെ ബാലൻസിനെ ബാധിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല, ഒരു നാലാം പേസ് ബോളർക്കു പകരം നിൽക്കാൻ അദ്ദേഹത്തിനാകുമോ എന്ന കാര്യത്തിലും സംശയമുണ്ട്.’ – മഞ്ജരേക്കർ പറഞ്ഞു.
‘‘മത്സരം ഇംഗ്ലണ്ടിലാണെങ്കിലും ഏറ്റവും മികച്ച ബോളർമാരെ ഉൾപ്പെടുത്തുന്നതു തന്നെയാണ് നല്ലത്. അങ്ങനെ നോക്കുമ്പോൾ രണ്ടു സ്പിന്നർമാരെ കളിപ്പിക്കുന്നതാണ് ഏറ്റവും നല്ലതെന്നു തോന്നുന്നുവെങ്കിൽ അപ്രകാരം ചെയ്യുക. വേറൊന്നും പരിഗണിക്കേണ്ടതില്ല. മുഹമ്മദ് ഷമിയേപ്പോലുള്ള താരങ്ങളുടെ അഭാവം പ്രധാനപ്പെട്ടതാണ്. ടീമിന്റെ പേസ് വിഭാഗം അതിന്റെ സമ്പൂർണ കരുത്തോടെ ഇപ്പോൾ ലഭ്യമല്ല. അതുകൊണ്ട് ഒരു പേസ് ബോളറെ കുറച്ചിട്ട് കുൽദീപ് യാദവിനെ ടീമിലെടുക്കുന്നതാണ് നല്ലത്’ – സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.
ഇംഗ്ലണ്ടിലെ കാലാവസ്ഥയും ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ ശൈലിയും പരിഗണിക്കുമ്പോൾ, സ്പിന്നർമാർക്ക് ഈ പരമ്പരയിൽ കാര്യമായ റോളുണ്ടെന്ന് മഞ്ജരേക്കർ ചൂണ്ടിക്കാട്ടി.
‘‘ഇംഗ്ലണ്ടിലെ കാലാവസ്ഥ ഈ ഘട്ടത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. അതും സ്പിന്നിനും സ്പിന്നർമാർക്കും വലിയ സാധ്യത നൽകുന്നുണ്ട്. ഇംഗ്ലണ്ടിലും ഇന്ത്യ സ്പിന്നിന് വലിയ പ്രാധാന്യം നൽകേണ്ട ഘട്ടമാണിത്. ബെൻ സ്റ്റോക്സ് പോലും സാമാന്യബോധം ഉള്ളതുകൊണ്ട് ആക്രമണോത്സുകമായ ക്രിക്കറ്റിൽനിന്ന് വഴിമാറി നടക്കുന്നത് നാം കണ്ടു. ഇന്ത്യയ്ക്കും സമാനമായ വ്യക്തതയാണ് വേണ്ടത്. ന്യൂസീലൻഡിലായാലും ഇംഗ്ലണ്ടിലായാലും ഇന്ത്യ മൂന്നു സ്പിന്നർമാരെ കളിപ്പിച്ചിരുന്ന കാലമുണ്ട്. അതുകൊണ്ട് കുൽദീപ് ടീമിലുണ്ടെങ്കിൽ അദ്ദേഹത്തെ കളിപ്പിക്കുക. ഇംഗ്ലണ്ടിലാണ് കളിക്കുന്നത് എന്നതുകൊണ്ട് പേസ് ബോളർമാരെ മാത്രം ആശ്രയിക്കരുത്. ഒരു പേസ് ബോളറെ തഴഞ്ഞ് കുൽദീപിനെ അടുത്ത ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തൂ’ – മഞ്ജരേക്കർ പറഞ്ഞു.
രണ്ടാം ടെസ്റ്റിനു വേദിയാകുന്ന ബർമങ്ങാമിൽ സ്പിന്നർമാർക്ക് വലിയ റോളുണ്ടെന്നും, ഇന്ത്യ കുൽദീപ് യാദവിനെ കളിപ്പിക്കുന്നതാകും ഉചിതമെന്നും മുൻ ഇംഗ്ലിഷ് താരം മോണ്ടി പനേസറും അഭിപ്രായപ്പെട്ടു.
‘‘എജ്ബാസ്റ്റണിൽ ഇന്ത്യയ്ക്ക് രവീന്ദ്ര ജഡേജയ്ക്കൊപ്പം കുൽദീപ് യാദവിനെക്കൂടി കളിപ്പിക്കാവുന്നതാണ്. എജ്ബാസ്റ്റണിലെ പിച്ച് സ്പിന്നിന് പിന്തുണ നൽകുന്നതാണെന്ന് നമുക്കറിയാം. അതുകൊണ്ട് ടീമിലെ ഏറ്റവും മികച്ച സ്പിന്നറെന്ന നിലയിൽ കുൽദീപ് യാദവിനു കൂടി അവസരം നൽകാവുന്നതാണ്. പന്ത് കുത്തിത്തിരിയുന്ന പിച്ചുകളെല്ലെങ്കിൽപ്പോലും താൻ അപകടകാരിയാണെന്ന് കുൽദീപ് യാദവ് ഐപിഎലിൽ തെളിയിച്ചതുമാമ്’ – പനേസർ ചൂണ്ടിക്കാട്ടി.
English Summary:








English (US) ·