Published: September 16, 2025 09:11 AM IST Updated: September 16, 2025 11:11 AM IST
2 minute Read
-
ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന് പരാതി നൽകി പാക്കിസ്ഥാൻ
-
മാച്ച് റഫറിയെ പുറത്താക്കണമെന്നും ആവശ്യം
ദുബായ്∙ തുല്യശക്തികളുടെ പോരാട്ടമാകുമെന്നു പ്രതീക്ഷിച്ച ഏഷ്യാകപ്പ് ട്വന്റി20 ടൂർണമെന്റിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം ടീം ഇന്ത്യ ഏകപക്ഷീയമായി ജയിച്ചെങ്കിലും യഥാർഥ ‘പോരാട്ടം’ തുടങ്ങിയത് മത്സരശേഷമാണ്. ടോസിന്റെ സമയത്ത് ഇരു ടീം ക്യാപ്റ്റൻമാരും പരസ്പരം സംസാരിക്കാതിരുന്നതും മത്സരശേഷം ഹസ്തദാനം ചെയ്യാതെ ഇന്ത്യൻ താരങ്ങൾ ഗ്രൗണ്ട് വിട്ടതും വിവാദമായി. സംഭവത്തെ അപലപിച്ച പാക്കിസ്ഥാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനു (എസിസി) പരാതി നൽകി.
മാച്ച് റഫറിക്കെതിരെ ആരോപണം രാജ്യാന്തര മത്സരങ്ങളുടെ ടോസിന്റെ സമയത്ത് ഇരു ടീമിന്റെ ക്യാപ്റ്റൻമാരും ഹസ്തദാനം നടത്തുന്നതും പ്ലേയിങ് ഇലവൻ കൈമാറുന്നതും പതിവാണ്. എന്നാൽ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനു മുൻപ് ഇതുണ്ടായില്ല. ഇരു ക്യാപ്റ്റൻമാരും ടോസിനു ശേഷം പരസ്പരം നോക്കുക പോലും ചെയ്യാതെ തിരികെ പോയി. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവുമായി ഹസ്തദാനം നടത്തേണ്ടെന്ന് ടോസിന് മുൻപ് മാച്ച് റഫറി ആൻഡി പൈക്റോഫ്റ്റ് പാക്ക് ക്യാപ്റ്റൻ സൽമാൻ ആഗയോടു പറഞ്ഞതായി പാക്ക് ടീം മാനേജർ നവേദ് ചീമ ആരോപിച്ചു. പൈക്റോഫ്റ്റിനെതിരെ നടപടി സ്വീകരിക്കണമെന്ന് പാക്ക് ക്രിക്കറ്റ് ബോർഡ് (പിസിബി) ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന് പരാതി നൽകി. ഇന്ത്യൻ ടീമിന്റെ നിലപാടിനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിലുണ്ട്.
മുഖം നോക്കാതെ മടക്കംവിജയറൺ നേടിയതിനു പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും സഹതാരം ശിവം ദുബെയും പാക്ക് താരങ്ങൾക്കു മുഖം നൽകാതെ ഡ്രസിങ് റൂമിലേക്കു നടന്നു. പിന്നാലെ ഇന്ത്യൻ താരങ്ങൾ ഹസ്തദാനത്തിനായി തിരികെ ഗ്രൗണ്ടിലെത്തുമെന്നു പ്രതീക്ഷിച്ച് പാക്ക് താരങ്ങൾ അൽപ സമയം കൂടി ഗ്രൗണ്ടിൽ തുടർന്നെങ്കിലും കാര്യമുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ച് മത്സരശേഷമുള്ള സമ്മാനച്ചടങ്ങിൽ നിന്ന് പാക്ക് ക്യാപ്റ്റൻ സൽമാൻ ആഗ വിട്ടുനിന്നു.
കൂട്ടായ തീരുമാനം: സൂര്യകുമാർ യാദവ്പാക്ക് താരങ്ങളുമായി ‘അകലം’ പാലിക്കാനുള്ള തീരുമാനം ടീം ഒരുമിച്ചെടുത്തതാണെന്ന് മത്സരശേഷം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു. ‘ഞങ്ങൾ ഒരുമിച്ചാണ് ഈ തീരുമാനം എടുത്തത്. ക്രിക്കറ്റ് കളിക്കാനാണ് ഞങ്ങൾ ഇവിടെ വന്നത്. അത് ഭംഗിയായി അവസാനിച്ചു. മറ്റു കാര്യങ്ങളിലേക്ക് കടക്കേണ്ടതില്ലെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ചില കാര്യങ്ങൾ സ്പോർട്സ്മാൻഷിപ്പിന് അപ്പുറത്താണ്. പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഞങ്ങൾ ഐക്യദാർഢ്യം അറിയിക്കുന്നു. ഈ വിജയം ഇന്ത്യൻ സേനയ്ക്ക് സമർപ്പിക്കുന്നു’– മത്സരശേഷം സൂര്യ പറഞ്ഞു.
മികച്ച വിജയമാണ് പാക്കിസ്ഥാനെതിരെ നേടിയത്. ഈ വിജയത്തോടൊപ്പം, പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഞങ്ങൾ ഐക്യദാർഢ്യം അറിയിക്കുന്നു. രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്ന പ്രകടനമായിരിക്കും ടൂർണമെന്റിൽ ഞങ്ങൾ നടത്തുക
ഇന്ത്യൻ തീരുമാനം നിരാശപ്പെടുത്തി: പാക്ക് കോച്ച്മത്സരശേഷം ഹസ്തദാനം നിഷേധിച്ച ഇന്ത്യൻ താരങ്ങളുടെ തീരുമാനം നിരാശപ്പെടുത്തിയെന്ന് പാക്കിസ്ഥാൻ പരിശീലകൻ മൈക് ഹെസൻ. മത്സരത്തിൽ പാക്ക് ടീമിന്റെ പ്രകടനം മോശമായിരുന്നെന്നും എന്നാൽ മത്സരശേഷം ഇന്ത്യ സ്വീകരിച്ച നിലപാട് അതിലും മോശമായിപ്പോയെന്നും ഹെസൻ പറഞ്ഞു. ‘മത്സരശേഷം ഹസ്തദാനം നടത്താൻ ഞങ്ങൾ തയാറായിരുന്നു. എന്നാൽ ഇന്ത്യൻ ടീം അതിൽ നിന്നു പിൻമാറിയത് തീർത്തും നിരാശപ്പെടുത്തി. ഞങ്ങള്‍ അവരെ കാത്ത് ഗ്രൗണ്ടിൽ നിന്നെങ്കിലും അവർ ഡ്രസിങ് റൂമിൽ നിന്നു തിരികെ വന്നില്ല– ഹെസൻ പറഞ്ഞു.
ഇനിയെന്ത്?ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യയ്ക്കൊപ്പം പാക്കിസ്ഥാനും സൂപ്പർ ഫോറിൽ കടക്കുമെന്ന് ഏറക്കുറെ ഉറപ്പാണ്. അങ്ങനെ വന്നാൽ ഇരു ടീമുകളും ടൂർണമെന്റിൽ ഒരിക്കൽകൂടി നേർക്കുനേർ വരും. അന്നും ഇന്ത്യ ഇതേ നിലപാട് സ്വീകരിക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഇനി ഇന്ത്യ നിലപാട് തുടർന്നാൽ പാക്കിസ്ഥാന്റെ മറുപടി എന്തായിരിക്കുമെന്നും കണ്ടറിയണം. ഇന്ത്യ ടൂർണമെന്റ് ചാംപ്യൻമാരാകുകയാണെങ്കിൽ ട്രോഫി സ്വീകരിക്കേണ്ടത് പിസിബി ചെയർമാൻ കൂടിയായ എസിസി പ്രസിഡന്റ് മുഹസിൻ നഖ്‌വിയിൽ നിന്നാണ്. ഈ സാഹചര്യത്തിൽ ഇന്ത്യ എന്തു നിലപാടെടുക്കുമെന്നും ചോദ്യമുയരുന്നു.
English Summary:








English (US) ·