Published: September 15, 2025 09:34 AM IST
1 minute Read
രണ്ടു രാജ്യങ്ങൾ തമ്മിലുള്ള തീപ്പൊരി ക്രിക്കറ്റ് പോരാട്ടം മറ്റൊരു രാജ്യത്തു മഹാസംഭവമായി മാറിയ ദിവസമായിരുന്നു ഇന്നലെ. ഏഷ്യാ കപ്പ് ക്രിക്കറ്റിനു ദുബായ് വേദിയൊരുക്കുന്നുണ്ടെന്നു സമാന്യജനം അറിഞ്ഞതു തന്നെ ഇന്നലെയാണെന്നു പറയാം. ദുബായ് നഗരത്തിലെ ചർച്ചകളിലെല്ലാം ഇന്ത്യ – പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരമായിരുന്നു വിഷയം.
ഈ കളി നടക്കില്ലെന്നു വാതുവച്ചവർ പോലുമുണ്ട്. പക്ഷേ, വൈകിട്ട് മൂന്നിന് ദുബായ് സ്റ്റേഡിയത്തിന്റെ ഗേറ്റുകൾ തുറന്ന നേരം മുതൽ കളി മാറുകയായിരുന്നു.ഗേറ്റിനു പുറത്ത് അച്ചടക്കമുള്ള കുട്ടികളെപ്പോലെ കാണികൾ അണിനിരന്നിട്ടു മണിക്കൂറുകളായിരുന്നു അപ്പോൾ. പകൽച്ചൂട് 35 ഡിഗ്രി. അന്തരീക്ഷ ഈർപ്പം 49 ശതമാനവും. തീയിൽ കുരുത്തവർ പോലും വാടി വീഴുന്ന പകൽ. പക്ഷേ, ക്രിക്കറ്റ് പ്രേമികൾ അഭ്യൂഹങ്ങളെയും അന്തരീക്ഷത്തെയും തോൽപിച്ചു കളഞ്ഞു. അവർ കയ്യിലുയർത്തിയ കൊടിയും കൊണ്ട്, സ്റ്റേഡിയത്തിലേക്കു കടന്നു.
അകത്തേക്കു കടന്ന ഓരോരുത്തരിലും ദുബായ് സുരക്ഷാ സേനയുടെ കണ്ണുകൾ പതിഞ്ഞിരുന്നു. ഈ മണ്ണിൽ ഒരു ഇന്ത്യാ – പാക്ക് ഉരസലിന് അവസരം കൊടുക്കില്ലെന്ന വാശിയിലായിരുന്നു അവർ.സ്റ്റേഡിയത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിച്ചവരുടെയെല്ലാം മൊബൈലുകളിൽ എസ്എംഎസ് മണിനാദം മുഴങ്ങി. ‘‘പൊലീസിന്റെയും സുരക്ഷാ ജീവനക്കാരുടെയും നിർദേശങ്ങൾ അനുസരിക്കുന്നതിലൂടെ നിങ്ങളെ മാത്രമല്ല, ചുറ്റുമുള്ളവരെയും നിങ്ങൾ സുരക്ഷിതരാക്കുകയാണ്.
കയ്യിലുള്ള ടിക്കറ്റ് സാധുവാണെന്ന് ഉറപ്പാക്കുക. നിശ്ചിത ഗേറ്റിലൂടെ മാത്രം പ്രവേശിക്കുക. ഈ മൽസരം സുരക്ഷിതവും വിജയവുമാക്കുന്നതിൽ നിങ്ങളുടെ സഹകരണത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു’’ – ദുബായ് പൊലീസിന്റെ എസ്എംഎസ് സന്ദേശമായിരുന്നു ഇത്. അതായത്, സ്റ്റേഡിയത്തിന്റെ ചുറ്റളവിൽ നിങ്ങൾ പ്രവേശിച്ചതു ഞങ്ങൾ അറിഞ്ഞുവെന്ന് ദുബായ് പൊലീസ് വളരെ സൗമ്യമായി ഓരോരുത്തരെയും ഓർമിപ്പിക്കുകയായിരുന്നു!. മത്സരത്തിനു ടിക്കറ്റ് കിട്ടാത്തവർക്കായി ബർദുബായ്, ദുബായ് മറീന, മൻകൂൾ, ജദ്ദാഫ്, വേൾഡ് ട്രേഡ് സെന്റർ എന്നിവിടങ്ങളിൽ ബിഗ് സ്ക്രീനിൽ തൽസമയ കാഴ്ചകൾ ഒരുക്കിയിരുന്നു.
English Summary:









English (US) ·