Published: September 22, 2025 08:18 PM IST
1 minute Read
ദുബായ്∙ ഇന്ത്യ– പാക്കിസ്ഥാൻ ഏഷ്യാകപ്പ് പോരാട്ടത്തിനിടെ ഇന്ത്യൻ ആരാധകർക്കു നേരെ പ്രകോപനപരമായ ആംഗ്യം കാണിച്ച പാക്കിസ്ഥാൻ താരം ഹാരിസ് റൗഫിനു പിന്തുണയുമായി ഭാര്യ മുസ്‍ന മസൂദ് മാലിക്. മത്സരത്തിനിടെ ഗാലറിയിൽനിന്ന് ഇന്ത്യൻ താരങ്ങൾ കോലി, കോലി എന്ന് ആർത്തുവിളിച്ചപ്പോൾ ഹാരിസ് റൗഫ് ‘6–0’ എന്ന് ആംഗ്യം കാണിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ആറ് ഇന്ത്യൻ പോർവിമാനങ്ങൾ വെടിവച്ചിട്ടെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നുമുണ്ടായിരുന്നില്ല.
ഇന്ത്യൻ വിമാനങ്ങളെ വെടിവച്ചിട്ടതു സൂചിപ്പിച്ചായിരുന്നു റൗഫ് ‘6–0’ എന്ന് ആംഗ്യം കാണിച്ചത്. വിമാനം ഉയർന്നുപൊങ്ങുന്നതും താഴുന്നതും ഉൾപ്പടെ ഗ്രൗണ്ടിൽനിന്ന് ഹാരിസ് റൗഫ് കൈകൊണ്ട് അഭിനയിച്ചുകാണിച്ചിരുന്നു. ആരാധകരെ പ്രകോപിപ്പിക്കാനായിരുന്നു പാക്ക് താരത്തിന്റെ ശ്രമം. ഈ ദൃശ്യങ്ങളാണ് റൗഫിന്റെ ഭാര്യ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിട്ടത്. എന്നാൽ അധികം വൈകാതെ ഇതു നീക്കം ചെയ്തു. മുസ്‍ന മസൂദ് മാലികിന്റെ ഇൻസ്റ്റ സ്റ്റോറിയുടെ ‘സ്ക്രീൻ ഷോട്ടുകൾ’ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
‘മത്സരം തോറ്റെങ്കിലും പോരാട്ടം വിജയിച്ചു’ എന്നും മുസ്ന മസൂദ് ഫോട്ടോയിൽ കുറിച്ചിട്ടുണ്ട്. 2022 ട്വന്റി20 ലോകകപ്പിലെ ഇന്ത്യ–പാക്കിസ്ഥാൻ മത്സരം സൂചിപ്പിച്ചായിരുന്നു റൗഫിനെതിരെ കാണികളുടെ ആർപ്പുവിളി. അന്ന് റൗഫിനെ തുടർച്ചയായി രണ്ടു സിക്സറുകൾ പറത്തിയാണ് വിരാട് കോലി ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്. ആരാധകരുടെ പരിഹാസം രസിക്കാതിരുന്ന ഹാരിസ് റൗഫ് മറുപടി നൽകുകയായിരുന്നു.
മത്സരത്തിനു മുന്നോടിയായി, ഐസിസി അക്കാദമിയിൽ നടന്ന പരിശീലനത്തിനിടെയും പാക്ക് താരങ്ങളുടെ ‘6–0’ വിളികൾ ഉയർന്നിരുന്നു. പാക്ക് താരങ്ങൾ പരസ്പരം ഫുട്ബോൾ കളിക്കുന്നതിനിടെ ഒരു ടീം ആറു ഗോളിനു മുന്നിലെത്തിയപ്പോഴായിരുന്നു ഇത്. എന്നാൽ ഇന്ത്യൻ മാധ്യമപ്രവർത്തകർ അടുത്തെത്തിയതോടെ ഇവർ ‘6–0’ എന്ന ഉച്ചത്തിൽ വിളിച്ചുപറയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
English Summary:








English (US) ·