Published: August 10, 2025 04:56 PM IST
1 minute Read
ചെന്നൈ∙ രാത്രി എട്ടു മണിക്കാണ് മത്സരമെങ്കിൽ വൈകിട്ട് അഞ്ച് മണിക്കു മാത്രം ഉറക്കമുണരുന്ന ഒരു താരം രാജസ്ഥാൻ റോയൽസിൽ ഒപ്പമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. വ്യത്യസ്ത രീതികളുള്ള താരങ്ങളെയും വ്യത്യസ്തത പുലർത്താൻ ശ്രമിക്കുന്നവരെയും ക്യാപ്റ്റൻ എന്ന നിലയിൽ എപ്രകാരമാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന് വിശദീകരിക്കുമ്പോഴാണ്, തീർത്തും അസാധാരണ ദിനചര്യയുള്ള വിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മെയറിനെക്കുറിച്ച് സഞ്ജു വെളിപ്പെടുത്തിയത്. രാജസ്ഥാനിൽ ഒപ്പം കളിച്ചിരുന്ന സ്പിന്നർ രവിചന്ദ്രൻ അശ്വിനുമായുള്ള യുട്യൂബ് പരിപാടിയിലാണ് സഞ്ജു ഇക്കാര്യം വിശദീകരിച്ചത്.
‘‘എന്റെ കാഴ്ചപ്പാടുകൾ വികസിക്കാനും വ്യത്യസ്ത വഴികളെ അംഗീകരിക്കുന്നതിന് മനസിനെ പാകപ്പെടുത്താനും നായകസ്ഥാനം സഹായിച്ചിട്ടുണ്ട്. ക്രിക്കറ്റിൽ വിജയിക്കുന്നതിന് കൃത്യമായ ഒരു വഴിയില്ല. മുന്നോട്ടു പോകാൻ ഒറ്റ വഴി മാത്രമേ ഉള്ളൂവെന്നും ഞാൻ വിശ്വസിക്കുന്നില്ല. ടീമിലുള്ള താരങ്ങൾ വ്യത്യസ്തത പരീക്ഷിക്കുമ്പോൾ, അതിനെ ചോദ്യം ചെയ്യുന്നതിനേക്കാൾ പിന്തുണയ്ക്കാനാണ് ക്യാപ്റ്റനെന്ന നിലയിൽ എനിക്കു താൽപര്യം’ – സഞ്ജു പറഞ്ഞു.
രാജസ്ഥാൻ റോയൽസിൽ സഹതാരമായ വെസ്റ്റിൻഡീസിന്റെ ഷിമ്രോൺ ഹെറ്റ്മെയറിന്റെ തികച്ചും അപരിചിതമായ ദിനചര്യയും സഞ്ജു ഉദാഹരണമായി എടുത്തുകാട്ടി. കളത്തിൽ തകർപ്പൻ പ്രകടനങ്ങളുമായി കരുത്തുകാട്ടുന്ന താരമാണെങ്കിലും, ഹെറ്റ്മെയറിന്റെ ചില രീതികൾ തീർത്തും അപരിചിതമാണെന്ന് സഞ്ജു പറഞ്ഞു.
‘‘ഷിമ്രോൺ ഹെറ്റ്മെയറിന്റെ കാര്യം എടുക്കൂ. രാത്രി എട്ടിനാണ് മത്സരമെങ്കിൽ, ഈ മനുഷ്യൻ വൈകിട്ട് അഞ്ചിന് മാത്രമേ ഉറക്കമുണരൂ. ടീം മീറ്റിങ്ങിൽ ഉൾപ്പെടെ ഉറക്കം തൂങ്ങിയായിരിക്കും നാം ഹെറ്റ്മെയറിനെ കാണുക. പക്ഷേ കളത്തിലിറങ്ങിയാൽ ടീം ഏതു പ്രതിസന്ധി ഘട്ടത്തിലാണെങ്കിലും മികച്ച സ്കോർ കണ്ടെത്താനും ടീമിനെ വിജയിപ്പിക്കാനും അദ്ദേഹത്തിനു കഴിയും. ഇങ്ങനെയും കളിക്കാനാകുമെന്ന് മനസിലായില്ലേ’ – സഞ്ജു പറഞ്ഞു.
English Summary:








English (US) ·