Published: July 01 , 2025 10:57 PM IST
1 minute Read
ന്യൂഡൽഹി∙ ഡൽഹി പ്രിമിയർ ലീഗിന്റെ പുതിയ സീസണിനു മുന്നോടിയായുള്ള താരലേലത്തിനുള്ള കളിക്കാരുടെ പട്ടികയിൽ മുൻ താരം വീരേന്ദർ സേവാഗിന്റെ മക്കളും സൂപ്പർതാരം വിരാട് കോലിയുടെ ബന്ധുവും. ഇത്തവണ ഐപിഎലിൽ പഞ്ചാബ് കിങ്സിനായി തകർപ്പൻ പ്രകടനം കാഴ്ചവച്ച പ്രിയാംശ് ആര്യ, ലക്നൗ സൂപ്പർ ജയന്റ്സ് ജഴ്സിയിൽ തിളങ്ങിയ ദിഗ്‌വേഷ് രതി തുടങ്ങിയവരെ ദേശീയ ശ്രദ്ധയിലെത്തിച്ച ഡൽഹി പ്രിമിയർ ലീഗിലൂടെ, ഭാവിയിൽ ഇവരും ഐപിഎലിലേക്ക് എത്തുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.
കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലം നടക്കുന്ന ജൂലൈ അഞ്ചിനാണ് ഇത്തവണ ഡൽഹി പ്രിമിയർ ലീഗിലും താരലേലം. വിരാട് കോലിയുടെ ബന്ധുവായ ആര്യവീർ കോലി, സൂപ്പർതാരത്തിന്റെ ബാല്യകാല പരിശീലകനായ രാജ്കുമാർ ശർമയ്ക്കു കീഴിലാണ് പരിശീലിക്കുന്നത്. വിരാട് കോലി ക്രിക്കറ്റ് ലോകത്ത് പ്രശസ്തനായത് സൂപ്പർ ബാറ്ററെന്ന നിലയിലാണെങ്കിൽ, പതിനഞ്ചുകാരനായ ആര്യവീർ കോലി ലെഗ് സ്പിന്നറാണ്. ലേലപ്പട്ടികയിൽ അണ്ടർ 16 താരങ്ങൾക്കുള്ള സി വിഭാഗത്തിലാണ് ആര്യവീർ ഉൾപ്പെടുന്നത്.
സേവാഗിന്റെ മൂത്ത മകൻ പതിനേഴുകാരനായ ആര്യവീറും ഇളയ മകനായ പതിനഞ്ചുകാരൻ വേദാന്തുമാണ് പട്ടികയിലുള്ള മറ്റു രണ്ടു താരപ്രമുഖർ. ഡൽഹിക്കായി അണ്ടർ 19 വിഭാഗത്തിൽ കളിച്ചിട്ടുള്ള താരമാണ് ആര്യവീർ. മേഘാലയയ്‌ക്കെതിരായ മത്സരത്തിൽ 297 റൺസടിച്ച് ശ്രദ്ധ നേടിയിരുന്നു. ബി വിഭാഗത്തിലാണ് ആര്യവീറിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഫ് സ്പിന്നറായ വേദാന്ത് ആകട്ടെ, ഡൽഹിയുടെ അണ്ടർ 16 ടീമിനായി കളിച്ചിട്ടുണ്ട്. വേദാന്തും ബി വിഭാഗത്തിലാണ്.
ഡൽഹി പ്രിമിയർ ലീഗിൽ ഇത്തവണ രണ്ടു ടീമുകളേക്കൂടി അധികമായി ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിലുണ്ടായിരുന്ന ഈസ്റ്റ് ഡൽഹി റൈഡേഴ്സ്, നോർത്ത് ഡൽഹി സ്ട്രൈക്കേഴ്സ്, വെസ്റ്റ് ഡൽഹി ലയൺസ്, സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസ്, പൂരാനി ദില്ലി 6, സെൻട്രൽ ഡൽഹി കിങ്സ് എന്നിവർക്കൊപ്പം ഔസ്റ്റർ ഡൽഹി, ന്യൂഡൽഹി എന്നീ ടീമുകളാണ് പുതുതായി എത്തുന്നത്.
English Summary:








English (US) ·