കളിക്കാൻ പോയവർ കളിയിൽ മാത്രം ശ്രദ്ധിക്കൂ; പാക് മത്സരത്തിന് മുന്നോടിയായി ടീം ഇന്ത്യയോട് കപിൽ

4 months ago 5

ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള കളിക്ക് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഉപദേശവുമായി ഇതിഹാസതാരം കപില്‍ ദേവ്. ഏഷ്യ കപ്പ് 2025-ലെ ഇന്ത്യ-പാകിസ്താന്‍ മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ വ്യാഴാഴ്ച സുപ്രീം കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് കപിലിന്റെ ഉപദേശം. ടീം കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന തരത്തിലുള്ള ഉപദേശമാണ് കപില്‍ ദേവ് കളിക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്.

ഞായറാഴ്ച ദുബായില്‍ നടക്കുന്ന ഗ്രൂപ്പ് എ മത്സരത്തില്‍ ടീം ഇന്ത്യ പാകിസ്താനെ നേരിടും. 25 ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട 2025 ഏപ്രിലിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാണ് പാകിസ്താനെതിരെ ഇന്ത്യ കളിക്കുന്നത്. 2012-'13-ന് ശേഷം ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് പരമ്പര കളിച്ചിട്ടില്ലെങ്കിലും, ഐസിസി, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ടൂര്‍ണമെന്റുകളില്‍ പാകിസ്താനെതിരെ കളിക്കുന്നതില്‍നിന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ടീം ഇന്ത്യയെ വിലക്കിയിട്ടില്ല.

മത്സരം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഉര്‍വശി ജെയ്ന്‍ അടക്കമുള്ള നാല് നിയമ വിദ്യാര്‍ത്ഥികളാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇന്ത്യ-പാകിസ്താന്‍ മത്സരം രാജ്യത്തിന്റെ അന്തസ്സിനും പൊതുവികാരത്തിനും നിരക്കാത്തതാണ് എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. 'പാകിസ്താന്‍ ഭീകരരുടെ കൈകളാല്‍ ജീവന്‍ നഷ്ടപ്പെട്ട ഇരകളുടെ കുടുംബങ്ങളുടെ വികാരങ്ങളെ ഈ മത്സരം വ്രണപ്പെടുത്തും. വിനോദത്തിന് മുമ്പ് രാജ്യത്തിന്റെ അന്തസ്സും പൗരന്മാരുടെ സുരക്ഷയുമാണ് പ്രധാനം.' എന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു.

എന്നാല്‍, ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ചു. 'എന്താണ് ഇതിലിത്ര അടിയന്തര സാഹചര്യം? അതൊരു മത്സരമാണ്, നടക്കട്ടെ. മത്സരം ഈ ഞായറാഴ്ചയാണ്, ഇനി എന്ത് ചെയ്യാന്‍ സാധിക്കും?' എന്നാണ് ബെഞ്ച് ചോദിച്ചത്.

പിന്നാലെയാണ് കളിക്കാര്‍ക്ക് വിലപ്പെട്ട ഉപദേശവുമായി മുന്‍ ക്യാപ്റ്റനും ക്രിക്കറ്റ് ഇതിഹാസവുമായ കപില്‍ദേവ് തന്നെ രംഗത്തെത്തിയത്. പുറത്തുനിന്നുള്ള ബഹളങ്ങള്‍ അവഗണിച്ച് ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് അദ്ദേഹം ഇന്ത്യന്‍ കളിക്കാരോട് ആവശ്യപ്പെട്ടത്.

'നിങ്ങള്‍ പോയി ജയിച്ചുവരൂ. കളിക്കാന്‍ പോയവര്‍ കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക, അത് മാത്രമാണ് നിങ്ങളുടെ ജോലി. മറ്റൊന്നും പറയേണ്ട ആവശ്യമില്ല. ഇതൊരു വലിയ വിഷയമാക്കരുത്. സര്‍ക്കാര്‍ അവരുടെ ജോലി ചെയ്യും, കളിക്കാര്‍ അവരുടേതും.' കപില്‍ വ്യാഴാഴ്ച പറഞ്ഞു. ബുധനാഴ്ച യുഎഇയ്ക്കെതിരെ ഒമ്പത് വിക്കറ്റിന് നേടിയ വിജയത്തില്‍ അദ്ദേഹം ടീമിനെ അഭിനന്ദിക്കുകയും ചെയ്തു.

Content Highlights: conscionable spell and triumph kapil dev to squad india anterior lucifer with pakistan asia cupful 2025 india pak cricket

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article