കളിക്കിടെ ഗ്രൗണ്ടിൽ പൊരിഞ്ഞ അടി; ഏറ്റുമുട്ടിയത് ബംഗ്ലാദേശിന്റെയും ദക്ഷിണാഫ്രിക്കയുടെയും യുവതാരങ്ങൾ

7 months ago 9

28 May 2025, 09:34 PM IST

bangladesh-sa-emerging-players-fight

Photo: Screengrab/ x.com/Werries_/

ധാക്ക: ബംഗ്ലാദേശും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ചതുര്‍ദിന എമര്‍ജിങ് ടെസ്റ്റിനിടെ ഗ്രൗണ്ടില്‍ യുവതാരങ്ങളുടെ കയ്യാങ്കളി. ബംഗ്ലാദേശ് താരം റിപ്പോണ്‍ മൊണ്‍ഡലും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ഷെപ്‌റ്റോ എന്‍ടുലിയും തമ്മിലാണ് കയ്യാങ്കളിയോളമെത്തിയ തര്‍ക്കമുണ്ടായത്.

എന്‍ടുലിയെ സിക്‌സറിന് തൂക്കിയ ശേഷം റിപ്പോണ്‍ അദ്ദേഹത്തെ തുറിച്ചുനോക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പിന്നാലെ റിപ്പോണിന് നേര്‍ക്കെത്തിയ എന്‍ടുലി കടുത്ത വാക്കേറ്റത്തിനൊടുവില്‍ താരത്തെ തള്ളുകയായിരുന്നു. റിപ്പോണും വിട്ടുകൊടുത്തില്ല. ഒരു ഘട്ടത്തില്‍ എന്‍ടുലി, റിപ്പോണിന്റെ ഹെല്‍മറ്റില്‍ ആഞ്ഞടിക്കുകവരെ ചെയ്തു. അമ്പയര്‍മാരില്‍ ഒരാള്‍ ഇടപെട്ടിട്ടും ഇരുവരും തര്‍ക്കവും കയ്യാങ്കളിയും തുടര്‍ന്നു. ഒടുവില്‍ മറ്റ് കളിക്കാര്‍കൂടി എത്തിയാണ് രംഗം ശാന്തമാക്കിയത്.

ഈ സംഭവം കഴിഞ്ഞ് മൂന്നു പന്തുകള്‍ക്ക് ശേഷവും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. റിപ്പോണ്‍, എന്‍ടുലിക്ക് നേര്‍ക്ക് അടിച്ച പന്ത് കൈയിലെടുത്ത് താരം റിപ്പോണിന് നേര്‍ക്കെറിഞ്ഞു. കൃത്യസമയത്ത് ബാറ്റുകൊണ്ട് പന്ത് തടയാന്‍ റിപ്പോണിന് സാധിച്ചത് രക്ഷയായി.

എന്തായാലും സംഭവത്തില്‍ ഇരു താരങ്ങള്‍ക്കും കടുത്ത അച്ചടക്ക നടപടി നേരിടേണ്ടിവരും. മാച്ച് റഫറി ഇതു സംബന്ധിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനും റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

പര്യടനത്തില്‍ അനിഷ്ടസംഭവങ്ങള്‍ അരങ്ങേറുന്നത് ഇതാദ്യമല്ല. നേരത്തേനടന്ന ഏകദിന മത്സരത്തിനിടെ പരസ്പരം പ്രശ്‌നമുണ്ടാക്കിയ ദക്ഷിണാഫ്രിക്കയുടെ ആന്‍ഡില്‍ സിമെലാനെയ്ക്കും ബംഗ്ലാദേശിന്റെ ജിഷാന്‍ ആലമിനും ഒരു മത്സരത്തില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

Content Highlights: Bangladesh`s Ripon Mondal and SA`s Sipho Ndlovu engaged successful a heated on-field altercation

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article