Published: April 04 , 2025 09:35 AM IST
2 minute Read
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമംഗമായ യുവതാരം യശസ്വി ജയ്‌സ്വാൾ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ വിട്ട് ഗോവയിലേക്ക് ചേക്കാറാൻ കാരണം മുംബൈ ടീം നായകൻ അജിൻക്യ രഹാനെ ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങളുമായും മുംബൈ ടീം മാനേജ്മെന്റുമായുള്ള അഭിപ്രായ ഭിന്നതകൾ നിമിത്തമെന്ന് റിപ്പോർട്ട്. 2022ലെ ദുലീപ് ട്രോഫി മത്സരത്തിനിടെ പരിധിവിട്ട് എതിർ ടീമംഗത്തെ സ്ലെജ് ചെയ്യാൻ മുതിർന്ന ജയ്സ്വാളിനെ രഹാനെ ഗ്രൗണ്ടിൽനിന്ന് പുറത്താക്കിയതു മുതൽ തുടങ്ങിയ പ്രശ്നങ്ങളാണ്, ഇപ്പോൾ താരം ടീം വിടുന്നതിലേക്ക് എത്തിയതെന്നാണ് വിവരം
അതിനു ശേഷം താൻ സ്ഥിരമായി ‘ടാർഗറ്റ്’ ചെയ്യപ്പെടുന്നതായി ജയ്‌സ്വാളിന് പരാതിയുണ്ടായിരുന്നുവെന്നും, ഒരിക്കൽ ഷോട്ട് സിലക്ഷനിലെ പാളിച്ച ചൂണ്ടിക്കാട്ടിയ ക്യാപ്റ്റൻ രഹാനെയുടെ കിറ്റ്ബാഗ് യുവതാരം തൊഴിച്ചെറിഞ്ഞതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഉത്തർപ്രദേശിലെ ബദോഹി സ്വദേശിയായ ജയ്സ്വാൾ ക്രിക്കറ്റിലെ കൂടുതൽ സൗകര്യങ്ങൾ തേടി 12–ാം വയസ്സിലാണു മുംബൈയിലെത്തിയത്.
മുംബൈ ടീമിന്റെ നായകനായ വെറ്ററൻ താരം അജിൻക്യ രഹാനെയുമായുള്ള ജയ്‌സ്വാളിന്റെ ബന്ധം അത്ര സുഖകരമായിരുന്നില്ലെന്നും ഇതാണ് പ്രധാനമായും താരത്തെ ടീം വിടാൻ പ്രേരിപ്പിച്ചതെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. 2022ലെ ദുലീപ് ട്രോഫി മത്സരത്തിനിടെ എതിർ ടീമംഗത്തെ തുടർച്ചയായി സ്ലെജ് ചെയ്ത ജയ്‌സ്വാളിനെ, അന്ന് വെസ്റ്റ് സോണിന്റെ നായകനായിരുന്ന രഹാനെ ഗ്രൗണ്ടിൽനിന്ന് പുറത്താക്കിയതോടെയാണ് ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തതെന്നാണ് സൂചന.
ആ മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ തകർപ്പൻ ഇരട്ടസെഞ്ചറിയുമായി ജയ്‌സ്വാൾ തിളങ്ങിയിരുന്നു. 323 പന്തുകൾ നേരിട്ട ജയ‌്സ്വാൾ 30 ഫോറും നാലു സിക്സും സഹിതം 265 റൺസാണ് ആ മത്സരത്തിൽ നേടിയത്. കളത്തിൽ തകർപ്പൻ പ്രകടനവുമായി തിളങ്ങിയെങ്കിലും, മത്സരത്തിന്റെ അവസാന ദിനം സൗത്ത് സോണിന്റെ രവി തേജയുമായി ജയ്‌സ്വാൾ തുടർച്ചയായി ഉരസിയതാണ്, താരത്തെ പുറത്താക്കാൻ രഹാനെയെ പ്രേരിപ്പിച്ചത്. രവി തേജയ്ക്കെതിരായ ജയ്സ്വാളിന്റെ സ്ലെജിങ് പരിധി വിട്ടതോടെ നായകനായ രഹാനെ ഇടപെട്ട് അടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും, താരം തുടർന്നും സ്ലെജിങ്ങിന് മുതിർന്നതോടെയാണ് ഗ്രൗണ്ടിൽനിന്ന് പോകാൻ രഹാനെ നിർദ്ദേശിച്ചത്.
പിന്നീടും മുംബൈ ടീമിന്റെ ഭാഗമായി തുടർന്നെങ്കിലും, ജയ്‌സ്വാളിന്റെ ഷോട്ട് സിലക്ഷനുമായി ബന്ധപ്പെട്ട് ഉൾപ്പെടെ ചോദ്യങ്ങളുയർന്നത് താരത്തെ അസ്വസ്ഥനാക്കിയെന്നാണ് വിവരം. ഇതിനിടെ, കഴിഞ്ഞ സീസണിൽ ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ താരത്തിന്റെ പ്രകടനം മോശമായത് മുംബൈ ടീം മാനേജ്മെന്റ് ചോദ്യം ചെയ്തത് മുറിവിൽ മുളകു പുരട്ടിയതിനു തുല്യമായി. ജയ്‌സ്വാളിന്റെ സമീപനം ശരിയായില്ലെന്ന് മുംബൈ ടീം പരിശീലകനായ ഓംകാർ സാൽവിയും ക്യാപ്റ്റൻ രഹാനെയും നിലപാടെടുത്തു. ഇതോടെ കുപിതനായ ജയ്‌സ്വാൾ, ക്യാപ്റ്റൻ രഹാനെയുടെ കിറ്റ്ബാഗ് തൊഴിച്ചെറിഞ്ഞതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ടിലും, മുംബൈ ടീം മാനേജ്മെന്റിനോടും ടീമിലെ മുതിർന്ന അംഗത്തോടുമുള്ള അഭിപ്രായ ഭിന്നതകളാണ് ജയ്‌സ്വാളിനെ ഗോവയിലേക്ക് പോകാൻ പ്രേരിപ്പിച്ചതെന്ന് സൂചനയുണ്ട്. ‘മുംബൈ വിട്ട് ഗോവ തിരഞ്ഞെടുക്കാൻ, മുംബൈ ടീം മാനേജ്മെന്റിനോടുള്ള ജയ‌്സ്വാളിന്റെ അതൃപ്തിയും കാരണമായിട്ടുണ്ടാകാം’ എന്നാണ് പിടിഐ റിപ്പോർട്ടിലുള്ളത്.
‘‘കഴിഞ്ഞ സീസണിൽ ജമ്മു കശ്മീരിനെതിരായ മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ, മുംബൈ മത്സരം സമനിലയിലെങ്കിലും എത്തിക്കുന്നതിനായി കിണഞ്ഞു പരിശ്രമിക്കുമ്പോൾ ജയ്‌സ്വാൾ മോശം ഷോട്ടിലൂടെ പുറത്തായത് ടീമിലെ ഒരു മുതിർന്ന അംഗം ചോദ്യം ചെയ്തിരുന്നു. ഒന്നാം ഇന്നിങ്സിൽ ആ സീനിയർ താരത്തിന്റെ ഷോട്ട് സിലക്ഷൻ ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജയ്‌സ്വാൾ തിരിച്ചടിച്ചത്’ – റിപ്പോർട്ടിൽ പറയുന്നു.
English Summary:








English (US) ·