കളിക്കിടെ തമ്മിലടിച്ച് ബംഗ്ലദേശ് – ദക്ഷിണാഫ്രിക്ക താരങ്ങൾ, അംപയർ നടുവിൽ കയറിനിന്നിട്ടും രക്ഷയില്ല; ആകെ നാണക്കേട് – വിഡിയോ

7 months ago 7

ധാക്ക∙ ബംഗ്ലദേശ് – ദക്ഷിണാഫ്രിക്ക എമർജിങ് ടീമുകളുടെ ചതുർദിന മത്സരത്തിനിടെ ഇരു ടീമുകളുടെയും താരങ്ങൾ തമ്മിൽ കയ്യാങ്കളി. ബംഗ്ലദേശിൽ പര്യടനം നടത്തുന്ന ദക്ഷിണാഫ്രിക്ക എമർജിങ് ടീമിന്റെ ബോളർ ഷെപ്പോ എൻഡുലിയും ബംഗ്ലദേശ് ബാറ്റർ റിപ്പോൺ മണ്ഡലുമാണ് ഗ്രൗണ്ടിൽവച്ച് ഏറ്റുമുട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ ക്രിക്കറ്റ് അധികൃതർ അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഓൺഫീൽഡ് അംപയർമാർ റിപ്പോർട്ട് സമർപ്പിക്കുന്ന മുറയ്ക്ക് കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. മത്സരവിലക്കും പിഴശിക്ഷയും ഉൾപ്പെടെയാണ് കുറ്റക്കാരായ താരങ്ങളെ കാത്തിരിക്കുന്നത്.

ബംഗ്ലദേശിനായി ഇതിനകം രാജ്യാന്തര ട്വന്റി20യിൽ അരങ്ങേറിയിട്ടുള്ള താരമാണ് ഇരുപത്തിരണ്ടുകാരനായ റിപ്പോൺ മണ്ഡൽ. ഇതുവരെ മൂന്നു മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. ദക്ഷിണാഫ്രിക്കയുടെ ഇരുത്തൊൻപതുകാരൻ താരം എൻഡുലിയാകട്ടെ, ഇതുവരെ ദേശീയ ടീമിനായി അരങ്ങേറിയിട്ടില്ല.

മത്സരത്തിൽ ബംഗ്ലദേശ് ടീം ബാറ്റു ചെയ്യുന്നതിനിടെയാണ് വൻ വിവാദം സൃഷ്ടിച്ച സംഭവം അരങ്ങേറിയത്. ദക്ഷിണാഫ്രിക്കൻ താരം എൻഡുലിയുടെ പന്തിൽ റിപ്പോൺ മണ്ഡൽ നേടിയ സിക്സറോടെയാണ് രംഗം മാറിയത്. സിക്സടിച്ച ശേഷം നോൺ സ്ട്രൈക്കേഴ്സ് എൻഡിലുണ്ടായിരുന്ന സഹതാരം മെഹ്ദി ഹസന്റെ അടുത്തേക്ക് നടക്കുന്നതിനിടെ റിപ്പോൺ എൻഡുലിയെ തുറിച്ചുനോക്കി. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട എൻഡുലി താരത്തിനു നേരെ കുതിച്ചെത്തുകയായിരുന്നു.

ഗ്രൗണ്ടിന് നടുവിൽ ഇരുവരും നാടകീയമായി മുഖാമുഖമെത്തിയതിനു പിന്നാലെ, എൻഡുലിയും റിപ്പോണും പരസ്പരം പോർവിളി മുഴക്കി പിടിച്ചുതള്ളി. ഇതിനിടെ എൻഡുലി റിപ്പോണിന്റെ ഹെൽമറ്റിൽ പിടിച്ചുവലിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അസാധാരണമായ രീതിയിൽ താരങ്ങൾ ഗ്രൗണ്ടിനു നടുവിൽ ഏറ്റുമുട്ടിയതോടെ അംപയർ കമറുസ്മാൻ ഓടിയെത്തി ഇരുവർക്കും നടുവിൽ കയറി നിന്നു.

ഇതിനിടെ ഓടിയെത്തിയ ദക്ഷിണാഫ്രിക്കൻ താരങ്ങളും റിപ്പോണിനെതിരെ തിരിഞ്ഞു. എൻഡുലിയെ നിയന്ത്രിക്കുന്നതിനു പകരം ബംഗ്ലദേശ് താരത്തെ പിടിച്ചുതള്ളാനായിരുന്നു ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ ശ്രമം. ഇതോടെ റിപ്പോൾ ഹെൽമറ്റ് തലയിൽനിന്ന് എടുത്തുമാറ്റി അൽപം പിന്നോട്ടു മാറുകയും ചെയ്തു.

ഒരു തരത്തിലും അംഗീകരിക്കാനാകാത്ത സംഭവങ്ങളാണ് ഗ്രൗണ്ടിൽ ഉണ്ടായതെന്ന് കമന്റേറ്റർമാർ ഉൾപ്പെടെ അഭിപ്രായപ്പെട്ടു. ‘‘ഇത് കുറച്ചു കൂടിപ്പോയി. ഒരു തരത്തിലും അംഗീകരിക്കാനാകാത്ത സംഭവമാണ് നടന്നത്. ക്രിക്കറ്റ് ഗ്രൗണ്ടിൽ നമ്മൾ വാക്പോരുകൾ ധാരാളം കണ്ടിട്ടുണ്ട്. പക്ഷേ, ഇത്തരത്തിൽ കയ്യാങ്കളി അപൂർവമാണ്. വഴക്കിനിടെ എൻഡുലി റിപ്പോണിന്റെ ഹെൽമറ്റിൽ പിടിച്ചുവലിച്ചു’– കമന്റേറ്ററായ നബീൽ കൈസർ പറഞ്ഞു.

അംപയർമാർ ഉൾപ്പെടെ ഇടപെട്ട് ഇരുവരും ശാന്തരാക്കി മത്സരം പുനരാരംഭിച്ചെങ്കിലും നാടകീയ നിമഷങ്ങൾ അവിടെയും അവസാനിച്ചില്ല. അതേ ഓവറിൽ മൂന്നു പന്തുകൾക്കു ശേഷം, റിപ്പോൺ പ്രതിരോധിച്ച പന്തെടുത്ത് എൻഡുലി ബാറ്റർക്കു നേരെ എറിഞ്ഞു. റിപ്പോൺ ബാറ്റുവച്ച് പന്ത് തട്ടിയിടുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലും ഇരുവർക്കുമെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

ദക്ഷിണാഫ്രിക്കയുടെ ബംഗ്ലദേശ് പര്യടനത്തിനിടെ താരങ്ങൾ തമ്മിൽ ഉരസുന്ന ആദ്യ സംഭവലമല്ല ഇത്. നേരത്തെ രാജ്ഷാഹിയിൽ നടന്ന ഏകദിന മത്സരത്തിനിടെ ദക്ഷിണാഫ്രിക്കയുടെ ആൻഡിൽ സിമെലാനെയ്ക്കും ബംഗ്ലദേശിന്റെ ജിഷാൻ ആലത്തിനും മോശം പെരുമാറ്റത്തിന്റെ പേരിൽ ഒരു മത്സരത്തിൽനിന്ന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഏകദിന പരമ്പരയിൽ 2–1ന് ബംഗ്ലദേശ് ജയിച്ചിരുന്നു. ചറ്റോഗ്രമിൽ നടന്ന ഒന്നാം ചതുർദിന മത്സരം സമനിലയിലും അവസാനിച്ചിരുന്നു.

English Summary:

South Africa bowler storms astatine Bangladesh batter, punches his helmet doubly successful disfigured scuffle

Read Entire Article