കളിക്കിടെ പറഞ്ഞുവിട്ടു, രഹാനെയുടെ കിറ്റ്ബാഗ് ചവിട്ടിത്തെറിപ്പിച്ചു; ജയ്സ്വാൾ ബൈ പറയുന്നതിനു പിന്നിൽ?

9 months ago 6

04 April 2025, 08:17 PM IST

Yashasvi-Jaiswal-leaves-mumbai-cricket-team

Photo: AFP, PTI

മുംബൈ: ഇന്ത്യന്‍ താരം യശസ്വി ജയ്‌സ്വാള്‍ താന്‍ അണ്ടര്‍ 19 കാലംതൊട്ട് കളിച്ചുവന്നിരുന്ന മുംബൈ ടീം വിട്ട് ഗോവയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുകയാണ്. ടീം മാറാന്‍ എന്‍ഒസി ആവശ്യപ്പെട്ട് ജയ്‌സ്വാള്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന് ഇ-മെയില്‍ അയച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് ടീം മാറാന്‍ ജയ്‌സ്വാള്‍ തയ്യാറെടുക്കുന്നതെന്നാണ് പറഞ്ഞിട്ടുള്ളതെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മുംബൈ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങളുമായും മുംബൈ ടീം മാനേജ്‌മെന്റുമായും നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകളാണ് ജയ്‌സ്വാളിന്റെ ടീം മാറ്റത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. 2022 സെപ്റ്റംബറില്‍ കോയമ്പത്തൂരില്‍ ദക്ഷിണമേഖലയ്ക്കെതിരായ ദുലീപ് ട്രോഫി ഫൈനല്‍ മത്സരത്തിനിടെ ബാറ്റര്‍മാരെ നിരന്തരം ശല്യംചെയ്ത ജയ്‌സ്വാളിനെ പശ്ചിമമേഖല ക്യാപ്റ്റനായിരുന്ന രഹാനെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കിയിരുന്നു. മത്സരത്തിന്റെ അഞ്ചാം ദിവസമായിരുന്നു സംഭവം. ദക്ഷിണമേഖല താരം രവിതേജയുമായുണ്ടായ അതിരുവിട്ട വാക്കുതര്‍ക്കമായിരുന്നു ഇതിനു പിന്നില്‍. അന്ന് ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മത്സരത്തില്‍ ഇരട്ട സെഞ്ചുറി നേടിയ ജയ്‌സ്വാള്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു.

ഈ സംഭവം മുതലാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. ഇതാണ് ഇപ്പോള്‍ ജയ്‌സ്വാള്‍ ടീം വിടുന്നതിലേക്കെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ സംഭവത്തിനു ശേഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ ഒരിക്കല്‍ താരത്തിന്റെ ഷോട്ട് സെലക്ഷനിലെ പോരായ്മ ചൂണ്ടിക്കാണിച്ച മുംബൈ ക്യാപ്റ്റന്‍ രഹാനെയുടെ കിറ്റ്ബാഗ് ജയ്‌സ്വാള്‍ ചവിട്ടിത്തെറിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പിന്നീട് മുംബൈക്കായി കളിക്കുമ്പോള്‍ പലപ്പോഴും താരവും ക്യാപ്റ്റനും ടീം മാനേജ്‌മെന്റും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ പ്രകടനം മോശമായതിന് ടീം മാനേജ്‌മെന്റ് താരത്തെ ചോദ്യം ചെയ്തിരുന്നു. ഇതും ജയ്‌സ്വാളിനെ അസ്വസ്ഥനാക്കി. ജയ്‌സ്വാളിന്റെ ടീമിനോടുള്ള സമീപനത്തെക്കുറിച്ച് കോച്ച് ഓംകാര്‍ സാല്‍വിയും ക്യാപ്റ്റന്‍ രഹാനെയും താരവുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇതില്‍ ദേഷ്യപ്പെട്ടാണ് താരം രഹാനെയുടെ കിറ്റ്ബാഗ് ചവിട്ടിത്തെറിപ്പിച്ചതെന്നും പറയുന്നു.

Content Highlights: Yashasvi Jaiswal`s exit from Mumbai cricket squad owed to reported disagreements with skipper Ajinkya

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article