Published: June 30 , 2025 10:36 PM IST
1 minute Read
ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും പേസർ ജസ്പ്രീത് ബുമ്ര കളിക്കുമോ? ഒന്നാം ടെസ്റ്റിലെ തോൽവിക്കു പിന്നാലെ രണ്ടാം മത്സരത്തിലും ബുമ്രയെ കളിപ്പിക്കാൻ ബിസിസിഐ ആലോചിക്കുന്നതായാണു വിവരം. ഇംഗ്ലണ്ട് പര്യടനത്തിൽ മൂന്നു ടെസ്റ്റുകളിൽ മാത്രമാകും കളിക്കുകയെന്നു ബുമ്ര നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ രണ്ടു കളികളിൽ പുറത്തിരിക്കാനായിരുന്നു ബുമ്രയുടെ തീരുമാനം. എജ്ബാസ്റ്റനിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ബുമ്ര പുറത്തിരിക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോർട്ടുകൾ.
എന്നാൽ ബുമ്ര രണ്ടാം മത്സരത്തിൽ കളിക്കാനൊരുങ്ങുകയാണെന്നാണു ഇപ്പോള്‍ പുറത്തുവരുന്ന വിവരം. വെള്ളിയാഴ്ച പൂർണമായും വിശ്രമിച്ച ബുമ്ര, ശനിയാഴ്ച നെറ്റ്സിൽ പരിശീലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കളിക്കുന്നില്ലെങ്കിൽ പിന്നെന്തിനാണ് ബുമ്ര കഠിന പരിശീലനം നടത്തുന്നതെന്നാണ് ആരാധകരുടെ സംശയം. ആദ്യ മത്സരത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റ് തോൽവി വഴങ്ങിയതോടെ, ടീമിന്റെ ആത്മവിശ്വാസം നിലനിർത്താൻ ബുമ്ര രണ്ടാം മത്സരവും കളിച്ചേക്കുമെന്നാണു വിവരം.
ഞായറാഴ്ച ഇന്ത്യയ്ക്ക് വിശ്രമ ദിനമായിരുന്നു. തിങ്കളാഴ്ച താരങ്ങൾ വീണ്ടും പരിശീലനത്തിനിറങ്ങും. ജൂലൈ രണ്ടിനാണ് ഇന്ത്യ– ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനു തുടക്കമാകുന്നത്. ജസ്പ്രീത് ബുമ്ര കളിച്ചില്ലെങ്കിൽ പേസർമാരായ ആകാശ് ദീപോ, അർഷ്ദീപ് സിങ്ങോ ഇന്ത്യയുടെ പ്ലേയിങ് ഇലവനിലെത്തും. രണ്ടാം ടെസ്റ്റിനു മുന്നോടിയായി ഇന്ത്യൻ ബോളർമാർ ബാറ്റിങ്ങിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ആദ്യ മത്സരത്തിൽ ഇന്ത്യൻ വാലറ്റത്തിന്റെ ബാറ്റിങ് പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഇതോടെയാണ് ബോളർമാർ ബാറ്റിങ്ങിലും കൂടുതലായി പരിശീലനം തുടങ്ങിയത്.
Disclaimer: ഈ വാർത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് X/BCCIൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
English Summary:








English (US) ·