'കളിച്ചിരുന്നെങ്കിൽ ഞങ്ങളും പാകിസ്താനെ തകർത്തെറിയുമായിരുന്നു, പക്ഷേ...' - സുരേഷ് റെയ്ന

5 months ago 5

ബര്‍മിങാം: ലോക ലെജന്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്താനെ തകര്‍ത്തെറിഞ്ഞാണ് ദക്ഷിണാഫ്രിക്ക കിരീടത്തിൽ മുത്തമിട്ടത്. ക്യാപ്റ്റന്‍ എബി ഡി വില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ സെഞ്ചുറി ബലത്തില്‍ ഒന്‍പത് വിക്കറ്റിന്റെ ആധികാരിക ജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. പാകിസ്താന്‍ ഉയർത്തിയ 196 റണ്‍സ് വിജയലക്ഷ്യം കേവലം 16.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. ദക്ഷിണാഫ്രിക്കയുടെ ജയത്തിന് പിന്നാലെ മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന എബി ഡിയെ പ്രശംസിച്ച് രം​ഗത്തെത്തി.

എബി ഡി തകർപ്പൻ ഇന്നിങ്സ് കാഴ്ചവെച്ചെന്ന് റെയ്ന ട്വീറ്ററിൽ കുറിച്ചു. കളിച്ചിരുന്നെങ്കിൽ ഞങ്ങളും അവരെ തകർത്തെറിയുമായിരുന്നു. എന്നാൽ നമ്മൾ മറ്റെല്ലാത്തിനും ഉപരിയായി രാജ്യത്തിന് പ്രാധാന്യം കൽപ്പിച്ചു. - റെയ്ന പ്രതികരിച്ചു.

വേള്‍ഡ് ചാമ്പ്യന്‍സ് ഓഫ് ലെജന്‍ഡ്‌സ് ടൂര്‍ണമെന്റില്‍ രണ്ടുതവണയാണ് ഇന്ത്യ പാകിസ്താനെതിരേ കളിക്കില്ലെന്ന തീരുമാനമെടുത്തത്. ഗ്രൂപ്പ് സ്റ്റേജിലും സെമി ഫൈനലിലും ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നു. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ പിന്മാറുകയായിരുന്നു.

ഫൈനലിൽ 60 പന്തുകളില്‍ 120 റണ്‍സ് നേടി പുറത്താവാതെ നിന്ന് ഡിവില്ലിയേഴ്‌സിന്റെ പ്രകടനമാണ് മത്സരഫലത്തെ പ്രധാനമായും നിര്‍ണയിച്ചത്. 12 ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. 47 പന്തുകളില്‍ നിന്നാണ് സെഞ്ചുറി കുറിച്ചത്. ടൂര്‍ണമെന്റിലെ ഡിവില്ലിയേഴ്‌സിന്റെ മൂന്നാമത്തെ സെഞ്ചുറിയാണിത്. ഓസ്‌ട്രേലിയക്കെതിരേ 39 പന്തിലും ഇംഗ്ലണ്ടിനെതിരേ 41 പന്തിലും സെഞ്ചുറി കണ്ടെത്തിയിരുന്നു.

ജീന്‍പോള്‍ ഡുമിനി പുറത്താകാതെ 28 പന്തില്‍ 50 റണ്‍സും നേടി. ഓപ്പണര്‍ ഹാഷിം അംല (18) മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പുറത്തായത്. ഡിവില്ലിയേഴ്‌സും ഡുമിനിയും ചേര്‍ന്ന് 123 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

ഓപ്പണര്‍ ഷര്‍ജീല്‍ ഖാന്റെ അര്‍ധ സെഞ്ചുറി (44 പന്തില്‍ 76) ആണ് പാകിസ്താന് മികച്ച സ്‌കോര്‍ കണ്ടെത്താന്‍ സഹായകമായത്. ഉമര്‍ അമിന്‍ (36), ഷുഹൈബ് മാലിക് (20), ആസിഫ് അലി (28), ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസ് (17) എന്നിവരും രണ്ടക്കം കടന്നു. ദക്ഷിണാഫ്രിക്കയ്ക്കായി വില്‍ജോയനും പാര്‍നലും രണ്ടുവീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ ഒളിവിയറിന് ഒരു വിക്കറ്റ് ലഭിച്ചു. പാക് നിരയില്‍ സഈദ് അജ്മലിന് മാത്രമാണ് വിക്കറ്റ് നേടാനായത്.

Content Highlights: We Wouldve Crushed Pakistan says Suresh Raina connected wcl final

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article