കളിച്ചുകളിച്ച് മാളവിക ഇന്ത്യന്‍ ടീമില്‍; 26 വര്‍ഷത്തിനുശേഷം ഒരു മലയാളി ടീമില്‍

7 months ago 7

നീലേശ്വരം: 26 വർഷത്തിനുശേഷം ഇന്ത്യൻ സീനിയർ വനിതാ ഫുട്ബോൾ ടീമിൽ ഒരു മലയാളി. കാസർകോട് നീലേശ്വരം സ്വദേശിനി പി.മാളവികയാണ് ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിനുള്ള ഇന്ത്യൻ സംഘത്തിൽ ഇടംനേടി സംസ്ഥാനത്തിന്റെ അഭിമാനമായത്. 1999-ൽ എറണാകുളം സ്വദേശിനി ബെൻഡ്‌ല ഡികോത്തയ്ക്കുശേഷം ആദ്യമായാണ് ഒരു മലയാളി ഇന്ത്യൻ സീനിയർ വനിതാ ഫുട്ബോൾ ടീമിലെത്തുന്നത്.

വലതുവിങ്ങിൽ കളിക്കുന്ന മാളവിക ബങ്കളത്തെ പരേതനായ എം.പ്രസാദിന്റെയും എ.മിനിയുടെയും മകളാണ്. കക്കാട്ട് ജിഎച്ച്എസ്എസിൽ ആറാംക്ലാസിൽ പഠിക്കുമ്പോഴാണ് പന്തുതട്ടി തുടങ്ങിയത്. ഇന്ത്യൻ ജഴ്സിയണിയണമെന്ന അടങ്ങാത്ത ആഗ്രഹവും അർപ്പണബോധവുമാണ് നേട്ടത്തിലേക്കെത്തിച്ചത്.

പരിശീലകൻ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ സീനിയർ ക്ലർക്ക് നിധീഷ് ബങ്കളത്തിന്റെ ’വുമൺസ് ഫുട്ബോൾ ക്ലിനിക്കി’ലൂടെയാണ് ഫുട്ബോളിന്റെ ബാലപാഠങ്ങൾ പഠിച്ചെടുത്തത്. അച്ഛന്റെ കൈപിടിച്ച് ഫുട്ബോളിന്റെ പടവുകൾ കയറുന്നതിനിടെ അദ്ദേഹം വിടവാങ്ങിയെങ്കിലും മകളുടെ സ്വപ്നങ്ങൾക്ക് അമ്മ തളരാതെ തണലൊരുക്കി.

2018-ലും 2019-ലും കേരള സബ്‌ജൂനിയർ ടീമിൽ ഇടംനേടിയ മാളവിക തുടർന്ന് അണ്ടർ 17 ലോകകപ്പിനുള്ള ഇന്ത്യൻ ക്യാമ്പിലും ഉൾപ്പെട്ടു. ബെംഗളൂരുവിലെ മിസാക യുണൈറ്റഡ്, ട്രാവൻകൂർ എഫ്സി, കെമ്പ് എഫ്‌സി, കൊൽക്കത്തയിലെ റെയിൻബോ അത്‌ലറ്റിക് ക്ലബ്, കേരള ബ്ലാസ്റ്റേഴ്‌സ് ടീമുകൾക്കായി കളിച്ചു. തുടർന്ന് സേതു എഫ്‌സിയിലേക്ക്. കഴിഞ്ഞ സീസണിൽ ഇന്ത്യൻ വനിതാ ലീഗിൽ തമിഴ്നാട് ക്ലബിനായി നടത്തിയ പ്രകടനം ദേശീയ ശ്രദ്ധനേടി. മികച്ച വനിതാതാരത്തിനുള്ള കേരള ഫുട്ബോൾ അസോസിയേഷന്റെ പുരസ്കാരവും മാളവികയ്ക്കായിരുന്നു. ഉസ്‌ബെക്കിസ്താനെതിരായ സൗഹൃദമത്സരത്തിൽ ഇന്ത്യക്കായി കളിച്ചു.

തായ്‌ലാൻഡിലാണ് ഏഷ്യൻകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾ. ഗ്രൂപ്പ് ബിയിൽ 23-ന് മംഗോളിയയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. 29-ന് തിമോർലെറ്റിനെയും ജൂലായ് രണ്ടിന് ഇറാഖിനെയും അഞ്ചിന് തായ്‌ലാൻഡിനെയും നേരിടും. 23 അംഗ ടീമിന്റെ മുഖ്യ കോച്ച് ക്രിസ്പിൻ ഛേത്രിയാണ്. മലയാളിയായ പി.വി.പ്രിയയാണ് അസി. കോച്ച്. ഗ്രൂപ്പ് ജേതാക്കൾ അടുത്തവർഷം മാർച്ചിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ഏഷ്യൻ കപ്പിൽ കളിക്കും.

തൃശ്ശൂർ കാർമൽ കോളേജിൽ ബികോം രണ്ടാംവർഷ വിദ്യാർഥിനിയാണ് മാളവിക. സഹോദരൻ സിദ്ധാർഥ് ലണ്ടനിൽ എംബിഎ പഠിക്കുന്നു.

Content Highlights: p malavika becoming malayali Indian elder womens shot team

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article