13 August 2025, 12:40 PM IST

റാഷിദ് ഖാൻ, ലിയാം ലിവിങ്സ്റ്റൺ | x.com/ESPNcricinfo, x.com/RcbianOfficial
ലണ്ടന്‍: അഫ്ഗാനിസ്താന്റെ സൂപ്പര്‍ താരം റാഷിദ് ഖാന്റെ അഞ്ചുപന്തില്‍ 26 റണ്‍സ് അടിച്ചെടുത്ത് ഇംഗ്ലണ്ടിന്റെ ലിയാം ലിവിങ്‌സ്റ്റണ്‍. ഓവല്‍ ഇന്‍വിസിബിള്‍സും ബര്‍മിങാം ഫീനിക്‌സും തമ്മില്‍ ചൊവ്വാഴ്ച നടന്ന 'ദി ഹന്‍ഡ്രഡ്' മത്സരത്തിനിടെയാണ് റാഷിദ്, ലിവിങ്സ്റ്റന്റെ ചൂടറിഞ്ഞത്. മത്സരത്തിലാകെ 20 പന്തുകളെറിഞ്ഞ റാഷിദ് 59 റണ്‍സ് വഴങ്ങി. വിക്കറ്റുകളൊന്നും നേടിയതുമില്ല. ദി ഹന്‍ഡ്രഡ് ടൂര്‍ണമെന്റില്‍ ഫീനിക്‌സിന്റെ ആദ്യ ജയമാണിത്.
ഓവറില്‍ ലിവിങ്‌സ്റ്റണ്‍ തുടര്‍ച്ചയായി മൂന്ന് സിക്‌സുകള്‍ പറത്തി. 4,6,6,6,4 എന്നിങ്ങനെയാണ് ഓവറിലെ റണ്ണൊഴുക്ക്. മത്സരത്തില്‍ ലിവിങ്‌സ്റ്റണ്‍ 27 പന്തില്‍ 69 റണ്‍സ് നേടി മികച്ച താരമാവുകയും നാലുവിക്കറ്റിന് ഫീനിക്‌സ് ജയിക്കുകയും ചെയ്തു. ഫീനിക്‌സിന് ജയിക്കാന്‍ 25 പന്തില്‍ 61 റണ്‍സ് വേണമെന്നിരിക്കേ, തുറുപ്പുചീട്ടായ റാഷിദ് ഖാനെ ഇറക്കി കളിപിടിക്കാന്‍ ശ്രമിച്ചതായിരുന്നു ഇന്‍വിസിബിസ്. പക്ഷേ, റാഷിദെറിഞ്ഞ ഓവറില്‍ കളി തലകീഴായി മറിയുകയാണുണ്ടായത്. ഫീനിക്‌സ് ജയത്തിലേക്കുള്ള ദൂരം കുറച്ചു. ഇതോടെ ഫീനിക്‌സിന്റെ വിജയലക്ഷ്യം 20 പന്തില്‍ 35 റണ്‍സായി കുറഞ്ഞു. അവസാന ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടപ്പെട്ടിട്ടും രണ്ടു പന്ത് ബാക്കിയിരിക്കേ ഫീനിക്‌സ് ജയിച്ചു.
റാഷിദ് ഖാന്റെ ടി20 കരിയറിലെത്തന്നെ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ സ്‌പെല്‍ കൂടിയായിരുന്നു ഇത്. ഇതിന് മുന്‍പ് 2018 ഐപിഎലില്‍ പഞ്ചാബ് കിങ്‌സിനെതിരേ വഴങ്ങിയ 55 റണ്‍സായിരുന്നു ടി20-യിലെ റാഷിദിന്റെ ഏറ്റവും മോശം പ്രകടനം. നേരത്തേ ഓവല്‍ നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടിയിരുന്നു. റാഷിദ് ഖാന്‍ ആറു പന്തില്‍ രണ്ട് സിക്‌സ് സഹിതം 16 റണ്‍സ് നേടിയിരുന്നു.
Content Highlights: Oval Invincibles Fall Short Despite Ferreira's Heroics and Rashid Khan's Costly Spell








English (US) ·