ഫ്രഞ്ച് ഓപ്പൺ ഫൈനലിന് ഇറങ്ങും മുൻപ്, റൊളാങ് ഗാരോസിൽ സ്ഥാപിച്ച റാഫേൽ നദാലിന്റെ പാദമുദ്രകൾക്കു മുന്നിൽ കാർലോസ് അൽകാരസ് അൽപസമയം കണ്ണടച്ചു നിന്നു. നദാൽ അഴിച്ചുവച്ച കളിമൺകോർട്ടിലെ കനകപാദുകം അണിയാൻ താൻ തയാറാണെന്ന് ആ ഇരുപത്തിരണ്ടുകാരൻ പറയാതെ പറഞ്ഞു...
മുഖത്തെഴുത്തിനായി ചുട്ടിക്കാരന്റെ മടിയിൽ കിടക്കുമ്പോൾ കഥകളി കലാകാരന്റെ ശരീരവും മനസ്സും ചായം പകരുന്ന ഈർക്കിലിലേക്കു ചുരുങ്ങും. വരുന്ന മണിക്കൂറുകൾ അരങ്ങ് നിറഞ്ഞാടാനുള്ള ഏകാഗ്രത ആവാഹിക്കുന്നത് ആ സമയത്താണ്.
ടെന്നിസിലേക്കു വന്നാൽ മത്സരത്തിനു മുൻപ് ഡ്രസിങ് റൂമിലെ ബെഞ്ചിൽ മലർന്നുകിടക്കുമ്പോൾ കാർലോസ് അൽകാരസ് തന്റെ കയ്യിലുള്ള മഞ്ഞപ്പന്തിലേക്ക് ഒരു മിനിറ്റ് ഇമവെട്ടാതെ നോക്കും. അടുത്ത 4–5 മണിക്കൂർ കോർട്ടിൽ ആടിത്തിമിർക്കാനുള്ള ഏകാഗ്രത ലഭിക്കുന്നത് ഈ സമയത്താണ്. ഈ ഏകാഗ്രത നൽകിയ മനോധൈര്യമാണ് ആദ്യ രണ്ടു സെറ്റ് നഷ്ടപ്പെട്ടിട്ടും, 3 മാച്ച് പോയിന്റ് വഴങ്ങേണ്ടിവന്നിട്ടും കളിമൺകോർട്ടിൽ കാലം ഇതുവരെ കാണാത്ത തിരിച്ചുവരവ് നടത്തി ഫ്രഞ്ച് ഓപ്പണിൽ തുടർച്ചയായ രണ്ടാം തവണയും വിജയക്കച്ച വിരിക്കാൻ അൽകാരസിനെ സഹായിച്ചത്.
∙ കഥ തുടരുന്നു
ബാല്യത്തിൽ തന്നെ ഉഴിച്ചലിലൂടെ മെയ്‌വഴക്കം വരുത്തി, ശരീരം പരുവപ്പെടുത്തിയാണ് ഓരോ കഥകളി കലാകാരനും കലായാത്ര തുടങ്ങുന്നതെങ്കിൽ നാലാം വയസ്സിൽ തന്നെ റാക്കറ്റ് എടുത്ത്, ജീവിതം ടെന്നിസിനായി ഉഴിഞ്ഞുവച്ചാണ് അൽകാരസ് തന്റെ കായികയാത്രയ്ക്കു തുടക്കം കുറിച്ചത്. അന്നുമുതൽ ഇന്നുവരെ ടെന്നിസ് എന്നാൽ അൽകാരസിനു ജീവിതചര്യയാണ്. ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ആദ്യ 2 സെറ്റും നേടി, നാലാം സെറ്റിൽ ഒരു പോയിന്റ് അകലെ ചാംപ്യൻഷിപ് എത്തിപ്പിടിക്കാവുന്ന ദൂരത്തിൽ ഇറ്റലിയുടെ യാനിക് സിന്നർ എത്തിയിരുന്നു.
പുതിയ ചാംപ്യനെ വരവേൽക്കാൻ റൊളാങ് ഗാരോസും അപ്പോൾ മാനസികമായി തയാറെടുത്തിരുന്നു. പക്ഷേ, അൽകാരസിന്റെ ‘ആട്ടം’ തുടങ്ങാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. നാലാം സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടിക്കൊണ്ടുപോയി സ്വന്തമാക്കിയ സ്പാനിഷ് താരം അഞ്ചാം സെറ്റിലും ടൈബ്രേക്കർ ഫിനിഷിലൂടെ മത്സരം പിടിച്ചെടുത്തു. 5 മണിക്കൂർ 29 മിനിറ്റ് നീണ്ട, ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസിലെ ഏറ്റവും ദൈർഘ്യമേറിയ ഫൈനലിനാണ് ഞായറാഴ്ച റൊളാങ് ഗാരോസ് സാക്ഷ്യം വഹിച്ചത്.
∙ ഓൾ ഇൻ വൺ
നാലാം വയസ്സിൽ കളി തുടങ്ങിയ അൽകാരസ് തന്റെ കരിയർ പരുവപ്പെടുത്തിയത് ടെന്നിസിലെ മഹാരഥൻമാരെ മാതൃകയാക്കിക്കൊണ്ടാണ്. നൊവാക് ജോക്കോവിച്ചിന്റെ റിട്ടേൺ ഗെയിം, റാഫേൽ നദാലിന്റെ ടോപ് സ്പിൻ, റോജർ ഫെഡററുടെ ഫൂട്‌വർക്ക് തുടങ്ങിയവയെല്ലാം ഇരുപത്തിരണ്ടുകാരൻ അൽകാരസിന്റെ കളിയിൽ കാണാൻ സാധിക്കും. ഫൈനലിൽ ബലാബലം നിന്ന സിന്നറെ വീഴ്ത്താൻ അൽകാരസിനെ സഹായിച്ചത് ഈ വൈദഗ്ധ്യമാണ്. സിന്നറിന്റെ റിട്ടേൺ മികവിനു മുന്നിൽ ആദ്യ 2 സെറ്റുകളിലും മറുപടിയില്ലാതെ പോയ അൽകാരസ് മൂന്നാം സെറ്റിൽ വളരെപ്പെട്ടെന്നാണ് തന്റെ ഗെയിം മാറ്റിയത്.
ബേസ്‌ലൈൻ കേന്ദ്രീകരിച്ചു കളിച്ചിരുന്ന സിന്നറിനെ ഡ്രോപ് ഷോട്ടുകളിലൂടെ വട്ടം കറക്കുക എന്നതായിരുന്നു അൽകാരസിന്റെ ആദ്യ പ്ലാൻ. അതു വിജയിച്ചതോടെ സിന്നറിന്റെ താളം തെറ്റിത്തുടങ്ങി. ഈ അവസരം മുതലെടുത്ത അൽകാരസ് തന്റെ ഫോർ ഹാൻഡ് കരുത്തിലൂടെ പതിയെ പോയിന്റുകൾ നേടി. തിരിച്ചുവരവിനു സിന്നർ പലകുറി ശ്രമിച്ചെങ്കിലും മത്സരം 5 മണിക്കൂർ പിന്നിട്ടതോടെ ഇറ്റാലിയൻ താരത്തിന്റെ ശരീരക്ഷമതയും ആത്മധൈര്യവും പതിയെ ചോർന്നുകൊണ്ടിരുന്നു. ഫലമോ, അൽകാരസിനു റൊളാങ് ഗാരോസിൽ തുടർച്ചയായ രണ്ടാം കിരീടം.
English Summary:








English (US) ·