ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് വിശ്വസിച്ച 'സ്ഫടിക'ത്തിലെ ചാക്കോമാഷിന് പോലും വിദ്യാര്‍ഥിയായ മകന്റെ കാര്യത്തിലെ കണക്ക് കൂട്ടലുകള്‍ തെറ്റിപ്പോവുന്നുണ്ട്. പക്ഷേ കൃത്യമായി ഹരിച്ചും ഗുണിച്ചും കൂട്ടിക്കെട്ടിയാല്‍ ഏതൊരു വിദ്യാര്‍ത്ഥിയുടെയും ജീവിതക്കണക്ക് ശരിയാക്കാമെന്ന് തെളിയിച്ച ഒരു അധ്യാപകനുണ്ട് തിരുവനന്തപുരത്ത്. മലയാളിയെ നടനായി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജഗദീഷ്. അഭിനയ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുംമുന്നേ ഒന്നാന്തരം കോളേജ് അധ്യാപകനായിരുന്ന ജഗദീഷിന്റെ ക്ലാസിലേക്കാണ് അന്നത്തെ വിദ്യാര്‍ത്ഥിയായിരുന്ന മുരളീധരന്‍ എന്ന മുരളി കോട്ടയ്ക്കകം നമ്മെ ക്ഷണിക്കുന്നത്. അതും ജഗദീഷിന്റെ എഴുപതാം പിറന്നാള്‍ ദിനത്തില്‍.
കാലം 1981 ജൂണ്‍. തിരുവനന്തപുരത്തെ എംജി കോളേജ്. കൊമേഴ്‌സ് വിഭാഗത്തില്‍ അന്ന് നടന്‍ മോഹന്‍ലാലും ഗായകന്‍ കാവാലം ശ്രീകുമാറുമൊക്കെ വിദ്യാര്‍ത്ഥികളാണ്. ആ കോളേജില്‍ ബികോം പഠിക്കുന്ന മോഹന്‍ലാലിന്റെ ജൂനിയറായിരുന്നു മുരളീധരന്‍. പ്രീഡിഗ്രി ഫോര്‍ത്ത് ഗ്രൂപ്പിലെ വിദ്യാര്‍ഥി. 'ഷോലെ സിനിമ യുവത്വത്തിന്റെ ഹരമായി നിറഞ്ഞ സമയമായിരുന്നു അത്. അതിലെ അംജദ് ഖാനെ അനുകരിക്കുമായിരുന്നു ലാല്‍. കോളേജില്‍ പെണ്ണുങ്ങളുടെ ഒരു വെയ്റ്റിങ് ഷെഡുണ്ട്. അവര്‍ക്ക് കാണാന്‍ വേണ്ടിയാണ് ലാലിന്റെ അനുകരണം. രണ്ട് മൂന്ന് കൂട്ടുകാരെ മുന്നില്‍ നിര്‍ത്തി ലാല്‍ അംജദ് ഖാനാവും. ഹിന്ദി ഡയലോഗ് അതേപോലെ പറയും. ഇതൊക്കെ പെണ്‍കുട്ടികളിങ്ങനെ കണ്ട് രസിച്ച് നില്‍ക്കും.
ഈ സംഘം ക്ലാസിലൊന്നും അധികം കയറാറില്ല. അന്ന് എസ്എഫ്‌ഐ ജാഥകളില്‍ തോള്‍ ഒരു വശം ചരിച്ച് പിടിച്ച് പിന്നിലൂടെ നടക്കുന്ന ലാലിനെ ഓര്‍മയുണ്ട്. ആയിടയ്ക്കാണ് കൊമേഴ്‌സ് വിഭാഗത്തില്‍ അപ്പുക്കുട്ടന്‍ നായര്‍ സാര്‍ ജോയിന്‍ ചെയ്യുന്നത്. അദ്ദേഹം ഇന്ത്യന്‍ ആര്‍മിയിലെ ജോലി വിട്ടാണ് എംജി കോളേജില്‍ ലക്ചററായി വന്നത്. സാറിന് എപ്പോഴും അലക്കി തേച്ച ഡ്രസും ക്ലീന്‍ ഷേവുമാണ്. വള്ളത്തിന്റെ ഷേപ്പാണ് അദ്ദേഹത്തിന്റെ മീശയ്ക്ക്. അദ്ദേഹം നടന്നുപോവുന്നത് കാണുമ്പോള്‍ ലാല്‍ ദൂരെ നിന്ന് ഒരു ശബ്ദമുണ്ടാക്കും..ഓഹ്... ആ വിളിയില്‍ സാര്‍ തിരിഞ്ഞുനോക്കാറുണ്ട്....' കാമ്പസിലാകെ കുസൃതി നിറഞ്ഞ കാലമായിരുന്നു അത്. പ്രീഡിഗ്രി കഴിഞ്ഞ് മുരളീധരന്‍ എം.ജി. കോളേജില്‍തന്നെ ബികോമിന് ചേര്‍ന്നു. മോഹന്‍ലാലാവട്ടെ അപ്പോഴേക്കും പഠനം കഴിഞ്ഞ് കാമ്പസിന് പുറത്ത് ഇറങ്ങിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കൊമേഴ്‌സ് വിഭാഗത്തില്‍ മറ്റൊരു സംഭവം അരങ്ങേറുന്നത്. മീശ കിളിര്‍ക്കാത്ത ഒരു പയ്യന്‍ സ്റ്റാഫ് റൂമിലെത്തിയിരിക്കുന്നു. പുതിയ അധ്യാപകനാണെന്നാണ് കേള്‍വി. ഈ വാര്‍ത്ത കാമ്പസില്‍ കാട്ടുതീ പോലെ പടര്‍ന്നു. അതോടെ കുസൃതിക്കാര്‍ ഉണര്‍ന്നു.
'ഞങ്ങളുടെ ക്ലാസില്‍ അഞ്ചെട്ട് പെണ്‍കുട്ടികളേയുള്ളു. അവരുടെ അടുത്ത് ഷൈന്‍ ചെയ്യാന്‍ വേണ്ടി ആണ്‍കുട്ടികള്‍ പല വിക്രിയകളും കാണിക്കും. അവര്‍ക്കിടയിലേക്കാണ് ടീച്ചേഴ്‌സ് റൂമില്‍ പോയി വന്ന ചിലര്‍ ഈ വാര്‍ത്ത അറിയിക്കുന്നത്.'എടേ അവിടെയൊരു മീശ കിളിര്‍ക്കാത്ത പയ്യന്‍ വന്നിട്ടുണ്ട്. അങ്ങേര് നമുക്ക് ക്ലാസെടുക്കുന്നു എന്നാണ് അറിഞ്ഞത്. ക്ലാസിലോട്ട് വന്നാല്‍ നമുക്കൊന്ന് ഊതി വിടണം.' അവര്‍ കച്ച കെട്ടി. എന്‍സിസിയുടെ സീനിയര്‍ മെമ്പറായിരുന്നതിനാല്‍ ഞാനൊരു മര്യാദക്കാരനായി ക്ലാസിലിരുന്നു. ഞങ്ങളുടെ ക്ലാസില്‍ പല പല ഗ്രൂപ്പുകളുണ്ട്. അധ്യാപകരെ കളിയാക്കാന്‍ ആരാണ് മുന്നിലെന്നു മാത്രമാണ് പലരുടെയും മത്സരം. ആ സമയത്താണ് പുതിയ സാര്‍ ക്ലാസിലേക്ക് വന്നത്. അദ്ദേഹത്തെ കണ്ടതും കുട്ടികള്‍ ചെറിയ തോതില്‍ മിമിക്രി തുടങ്ങി. അതൊന്നും കണക്കിലെടുക്കാതെ അദ്ദേഹം ക്ലാസില്‍ സ്വയം പരിചയപ്പെടുത്തി. 'എന്റെ പേര് ജഗദീഷ്.' അപ്പോള്‍ ചിലര്‍ ഉച്ചത്തില്‍...എന്തോ കേട്ടില്ല.'എന്ന് കമന്റടിച്ചു. ഉടനെ സാറിന്റെ കമന്റ്.'ചെവി കേള്‍ക്കാന്‍ പറ്റാത്തവര്‍ ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു'. അതുംപറഞ്ഞ് അദ്ദേഹം ബോര്‍ഡില്‍ സ്വന്തം പേരെഴുതിയിട്ടു. 'ഇനി കണ്ണു കാണാന്‍ പറ്റാത്തവര്‍ ആരും ഈ കൂട്ടത്തില്‍ ഇല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു' അതും പറഞ്ഞ് പുതിയ അധ്യാപകന്‍ ചിരിച്ചു.' അന്ന് ജഗദീഷിന്റെ മുന്നിലിരുന്ന വിദ്യാര്‍ത്ഥികളുണ്ടോ അറിയുന്നു ഭാവിയില്‍ ഈ ചിരി എത്രയോ മലയാളികളെക്കൂടെ ചിരിപ്പിക്കാനുള്ളതാണെന്ന്.

ഫസ്റ്റ് റാങ്കോടെ എം.എ പാസായി കനറാ ബാങ്കില്‍ കിട്ടിയ ജോലിയും രാജി വെച്ചാണ് ജഗദീഷ് എം.ജി. കോളേജിലെത്തുന്നത്. കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കൃത്യമായി കണക്കുകൂട്ടിയ ആ അധ്യാപകന്‍ തന്റെ മുന്നിലിരുന്നവരുടെ കണക്കുകളും അന്ന് മുതല്‍ ശരിയാക്കാന്‍ തുടങ്ങി. അദ്ദേഹം ക്ലാസില്‍ സംസാരം തുടര്‍ന്നു. 'ഞാന്‍ നിങ്ങളെ ബാങ്കിങ്ങാണ് പഠിപ്പിക്കുന്നത് '. അത് പറഞ്ഞതും ക്ലാസില്‍ ബഹളം കൂടി വന്നു. പക്ഷേ മാഷ് ക്ലാസ് നിര്‍ത്തിയില്ല.'ഒരു ബാങ്കില്‍ എങ്ങനെ അക്കൗണ്ട് തുടങ്ങാമെന്ന്ആദ്യം പറയാം' അതുകേട്ടതും ഒരു വിദ്യാര്‍ഥി എഴുന്നേറ്റ് നിന്ന് ഇഴഞ്ഞ ശബ്ദത്തില്‍ മാഷെ അനുകരിച്ചു. 'സാറേ എങ്ങനെ അക്കൗണ്ട് തുടങ്ങുമെന്ന് ഒന്ന് പറഞ്ഞ് തരാമോ'. അപ്പോള്‍ ജഗദീഷ് സാര്‍ ഇരിക്ക് ഇരിക്ക് എന്നുപറഞ്ഞു. പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ സൂപ്പര്‍ ഡയലോഗ്.' ഏത് അണ്ടനും അടകോടനും ചെമ്മാനും ചെരുപ്പുകുത്തിക്കും ബാങ്കില്‍ അക്കൗണ്ട് തുടങ്ങാം.' എന്നിട്ട് നേരത്തെ എഴുന്നേറ്റ് നിന്ന വിദ്യാര്‍ഥിയെ ചൂണ്ടി 'താന്‍ ഉള്‍പ്പെടെ' എന്നും പറഞ്ഞു. അവനാകെ ചമ്മിപ്പോയി. അതോടെ ക്ലാസിലിരുന്നവര്‍ക്കെല്ലാം ഒരുകാര്യം മനസ്സിലായി. പുതിയ അധ്യാപകനെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ പറ്റില്ലെന്ന്. പിന്നെ സാറിനെ മെരുക്കാന്‍ വേറെന്ത് വഴി, അദ്ദേഹത്തോട് കൂട്ടുകൂടുകയല്ലാതെ. പലരും ആ വഴി സ്വീകരിച്ചു.
മുരളി പക്ഷേ അതിനുമുന്നേതന്നെ മാഷിന്റെ മനസ്സില്‍ കയറിപ്പറ്റിയിരുന്നു. അനുസരണയുള്ള ശിഷ്യനായി. ഗുരുനാഥന്‍ അദ്ദേഹത്തിന്റെ വിവാഹത്തിന് വിളിച്ച ഏക വിദ്യാര്‍ത്ഥി താനായിരുന്നുവെന്ന് മുരളി അഭിമാനത്തോടെ ഓര്‍ക്കുന്നു. 'അന്ന് ആകാശവാണിയില്‍ ഇതളുകള്‍ എന്ന പ്രോഗ്രാം അവതരിപ്പിച്ചിരുന്നത് സാറാണ്. അതില്‍ അദ്ദേഹം എനിക്കും അവസരം നല്‍കി. അങ്ങനെ പറ്റാവുന്ന ഇടങ്ങളിലെല്ലാം ഞങ്ങളെയും പരിഗണിച്ചു.' ഇതിനിടയില്‍ ജഗദീഷ് നടനായി. ആ സിനിമകളെല്ലാം കണ്ട് മുരളി തന്റെ അഭിപ്രായങ്ങള്‍ അറിയിക്കും. കൊള്ളാമെങ്കില്‍ കൊള്ളാമെന്നും മോശം ആണേല്‍ അങ്ങനെയും. രണ്ട് അഭിപ്രായങ്ങളും ജഗദീഷ് കൈനീട്ടി സ്വീകരിച്ചു. അങ്ങനെ ഗുരുശിഷ്യബന്ധത്തില്‍ സൗഹൃദത്തിനായി മേല്‍ക്കൈ.
വെള്ളാനകളുടെ നാട് എന്ന സിനിമയില്‍ പെണ്‍കുട്ടികള്‍ ഓലപ്പുര മറച്ചുകെട്ടി കുളിക്കുന്നത് ജഗദീഷ് ഒളിഞ്ഞുനോക്കുന്നുണ്ട്. അതുകണ്ട് മുരളി ചോദിച്ചു.'ഇതൊക്കെ വളരെ മോശമല്ലേ. ഒന്നുമില്ലെങ്കിലും സാറൊരു കോളേജ് അധ്യാപകനല്ലേ. കുട്ടികള്‍ക്ക് മാതൃക കാണിക്കേണ്ടയാള്‍...' ഉടനെ ജഗദീഷിന്റെ മറുചോദ്യം. 'മുരളിയെ ഞാന്‍ പഠിപ്പിച്ചിട്ടില്ലേ, എങ്ങനെയായിരുന്നു എന്റെ ക്ലാസ്. എന്നെപ്പറ്റി പുകഴ്ത്തിയൊന്നും പറയേണ്ട, ഉള്ളത് ഉള്ളതുപോലെ പറഞ്ഞാല്‍ മതി.' നല്ല ക്ലാസായിരുന്നുവെന്നാണ് മുരളി മറുപടി പറഞ്ഞത്. അതുകേട്ടതും ജഗദീഷ് തുടര്‍ന്നു. 'അപ്പോള്‍ എന്റെ ലോകം അധ്യാപകന്റേതാണ്. ആ ജോലി ഉത്തരവാദിത്വത്തോടെ ചെയ്യുക. ഇപ്പോള്‍ ഞാന്‍ നടനാണ്. മുന്നില്‍ വരുന്ന വേഷങ്ങള്‍ അഭിനയിച്ച് ഫലിപ്പിക്കുകയാണ് നടന്റെ ജോലി.'ആ ഫിലോസഫി ശിഷ്യന് ബോധ്യമായി. സിനിമയും ജീവിതവും രണ്ടായി കാണണം. മുരളിയോട് കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ ഭാഗമാവാന്‍ നിര്‍ദേശിച്ചതും ജഗദീഷാണ്. സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളും നിരൂപണങ്ങളുമൊക്കെയായി സജീവമായ ആ സംഘടനയില്‍ ചേര്‍ന്നാല്‍ ശിഷ്യന്‍ സിനിമയെക്കുറിച്ച് കൂടുതല്‍ പഠിക്കുമെന്നായിരുന്നു അധ്യാപകന്റെ കണക്കുകൂട്ടല്‍. പക്ഷേ ആശാന്റെ ചില ശീലങ്ങള്‍ പകര്‍ത്താന്‍ ശിഷ്യനും ആഗ്രഹം കാണുമല്ലോ. ഗുരുനാഥനെപ്പോലെ സിനിമയില്‍ അഭിനയിക്കാനാണ് മുരളിക്കും മോഹമുദിച്ചത്. ആ ആഗ്രഹം മാഷിന്റെ മുന്നില്‍ തന്നെ മുരളി അവതരിപ്പിച്ചു. ഗുരു ശിഷ്യനെ കൈവിട്ടില്ല.

'ജഗദീഷ് സാര്‍ ആദ്യമായി കഥയെഴുതിയ മുത്താരംകുന്ന് പി.ഒ. യില്‍ ചെറിയൊരു വേഷം വാങ്ങിത്തന്നു. കൊട്ടാരക്കരയ്ക്കടുത്ത് മേലില ഗ്രാമത്തിലായിരുന്നു ആ പടത്തിന്റെ ഷൂട്ടിങ്. സാറിനൊപ്പമാണ് ഞാനും ലൊക്കേഷനിലേക്ക് പോയത്. ഞങ്ങള്‍ അവിടെയെത്തുമ്പോള്‍ സംവിധായകന്‍ സിബി മലയില്‍ ഒരു സീന്‍ എടുത്തുകൊണ്ടിരിക്കുന്നു. ധാരാസിങ്ങ് അവതരിപ്പിക്കുന്ന ഫയല്‍വാന് ആഹാരമായി ആടും കോഴിയും കൊണ്ട് മൂന്ന് ചെറുപ്പക്കാര്‍ നടന്നുപോവുന്നതാണ് രംഗം. അതിലൊരു മൂന്നുവരി ഡയലോഗുണ്ട്. ആ സീനില്‍ അഭിനയിച്ചയാള്‍ പലവട്ടം ശ്രമിച്ചിട്ടും ഈ ഡയലോഗ് തെറ്റിപ്പോയി.അപ്പോ ജഗദീഷ് സാര്‍ ചോദിച്ചു 'മുരളിക്ക് ഈ വേഷത്തില്‍ വരാമോ.' ഞാന്‍ നോക്കുമ്പോള്‍ മുഷിഞ്ഞ് ഷര്‍ട്ട് ഇടാത്ത ഒരു കഥാപാത്രം. ആദ്യത്തെ സിനിമയില്‍ തന്നെ ഇങ്ങനെയൊരുവേഷം എങ്ങനെ ശരിയാവും. ? എന്റെ മനോഗതം അറിഞ്ഞതും സാര്‍ പറഞ്ഞു. 'ഇയാള് കോട്ടും ടൈയും കിട്ടിയാലേ അഭിനയിക്കൂ എന്നാണോ. അതൊന്നും നടക്കത്തില്ല. ഇതിപ്പോ നമ്മുടെ നാടുമല്ല. ഇവിടെ ഏത് വേഷത്തില്‍നിന്നാലും ആരും കാണത്തില്ല. പറ്റുമെങ്കില്‍ പറ.' തല്ലിന്റെയും തലോടലിന്റെയും മര്‍മം അറിയുന്ന ഗുരുവിന്റെ ഈ നിര്‍ദേശത്തിനു മുന്നില്‍ ശിഷ്യന്‍ തലകുലുക്കി. ഉടനെ ജഗദീഷ് സിബി മലയിലിനോട് പറഞ്ഞു 'ഇതെന്റെ വിദ്യാര്‍ത്ഥിയാണ്, എനിക്കെന്റെ അനുജനെപ്പോലെയാണ്. ഈ വേഷം പുള്ളി ചെയ്യും.' അങ്ങനെ മുരളി ഡയലോഗ് പറഞ്ഞു. അത് സംവിധായകനും ഇഷ്ടമായി.
'സിബി മലയില്‍ മേക്കപ്പ് മാനെ വിളിച്ചു. എന്റെ പാന്റും ഷര്‍ട്ടും അഴിച്ച് വെപ്പിച്ചിട്ട് മുഷിഞ്ഞ കൈലിമുണ്ടെടുത്ത് തരാന്‍ പറഞ്ഞു. ഒരു ആട്ടിന്‍കുട്ടിയുടെ കടിഞ്ഞാണും എന്റെ കൈയില്‍ തന്നു. നാട്ടിന്‍പുറത്തെ ജങ്ഷന്‍ എത്തുമ്പോഴാണ് ഞാന്‍ ഡയലോഗ് പറയേണ്ടത്. ആ സീന്‍ ആദ്യ ടേക്കില്‍ തന്നെ ഓക്കെ ആയി. അതോടെ സിനിമ എനിക്ക് വലിയ ആവേശമായി. ഞാന്‍ സാറിനെക്കണ്ട് വീണ്ടും വീണ്ടും ചാന്‍സ് ചോദിച്ചു. പിന്നാലെ പിടക്കോഴി കൂവുന്ന നൂറ്റാണ്ടില്‍ വ്യാജ പോലീസ് ഓഫീസറുടെ വേഷം കിട്ടി. അതില്‍ ഫൈറ്റ് ഒക്കെയുണ്ട്, സിനിമാ പോസ്റ്ററില്‍ എന്റെ പടം വലുതായി അടിച്ചുവന്നു. സിനിമ എന്റെ ഹരമായി മാറുകയായിരുന്നു. പിന്നെ അവിട്ടം തിരുനാള്‍ ആരോഗ്യശ്രീമാന്‍ പോലെ കുറെ സിനിമകള്‍. വിജി തമ്പി തിരുവനന്തപുരത്ത് വെച്ച് എടുക്കുന്ന പടങ്ങളിലൊക്കെ ഞാനും കാണുമെന്ന അവസ്ഥയായി. പക്ഷേ വീണ്ടും വീണ്ടും ചാന്‍സ് ചോദിച്ച് ചെന്നപ്പോള്‍ ജഗദീഷ് സാര്‍ വടിയെടുത്തു, 'പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്, മുരളിക്ക് അഭിനയം മുഖ്യപ്രൊഫഷനായിട്ട് മുന്നോട്ട് കൊണ്ടുപോവാനുള്ള സര്‍ഗശേഷിയോ അഭിനയശേഷിയോ ഇല്ല. തരക്കേടില്ലാതെ ചെയ്യുമെന്ന് മാത്രം. നിങ്ങള്‍ ബികോം കഴിഞ്ഞതല്ലേയുള്ളൂ. ഇപ്പോ ഇങ്ങനെ സിനിമയ്ക്ക് പിന്നാലെ നടക്കേണ്ട. പോയി എം.കോം പഠിക്ക്. അതല്ലെങ്കില്‍ ഒരു ജോലി കണ്ടെത്ത്.' അധ്യാപകന്റെ ശാസനയ്ക്ക് മുന്നില്‍ മുരളി ശരിക്കും പതറി. അഭിനയം മുഖ്യവഴിയായി തിരഞ്ഞെടുത്ത് മുന്നോട്ട് കൊണ്ടുപോവാനുള്ള കഴിവില്ലെന്ന് മാഷ് എടുത്തടിച്ചപോലെ പറഞ്ഞപ്പോള്‍ ശിഷ്യന്റെ മനസ്സ് വേദനിച്ചു. പക്ഷേ വഴികാട്ടുന്നയാളാണല്ലോ അധ്യാപകന്‍. അനുസരണയുള്ള ശിഷ്യന്‍ മറ്റൊന്നും ആലോചിക്കാതെ തന്റെ ബുദ്ധിമുട്ടുകള്‍ തുറന്നു പറഞ്ഞു. 'അച്ഛന്റെ ബിസിനസൊക്കെ സാമ്പത്തികമായി മോശമാണ്. പറ്റുമെങ്കില്‍ സാറെനിക്ക് ഒരു ജോലി വാങ്ങിത്താ. അദ്ദേഹം ഉടനെ തന്നെ ഒരു സുഹൃത്തിന്റെ കടയില്‍ അക്കൗണ്ടന്റായി ജോലി ഒപ്പിച്ച് തന്നു. അതൊരു ഐശ്വര്യമുള്ള തുടക്കമായിരുന്നു.

എനിക്ക് അധികം അവിടെയിരിക്കേണ്ടി വന്നില്ല. തുടര്‍ന്ന് പട്ടാളത്തില്‍ ജോലി കിട്ടി, പോലീസില്‍ ജോലി കിട്ടി. രണ്ടിനും ചേര്‍ന്നില്ല. പിന്നെ തിരുവനന്തപുരത്ത് ഒരു കോ ഓപ്പറേറ്റീവ് ബാങ്കില്‍ ജോലിയായി. അവിടെ നിന്ന് ദേവസ്വം ബോര്‍ഡില്‍ എല്‍.ഡി.ക്ലാര്‍ക്കായി. പിന്നെ ദേവസ്വം ബോര്‍ഡിന്റെ മൊത്തം പി.ആര്‍.ഒ യായി. ഒടുവില്‍ ശബരിമല അയ്യപ്പന്റെ സവിധത്തില്‍ വര്‍ഷങ്ങളോളം പബ്ലിക് റിലേഷന്‍സ് ഓഫീസറായി'. കാലം മുരളിയെ പല വഴികളില്‍ നടത്തി. ആ വഴികളിലെല്ലാം വിളക്ക് തെളിയിച്ചത് ഒറ്റയാളാണെന്ന് മുരളി പറയും, തന്റെ പ്രിയപ്പെട്ട അധ്യാപകന്‍,ജഗദീഷ്.
'പണ്ട് നിനക്ക് അഭിനയം മുഖ്യവഴിയായി കൊണ്ടുനടക്കാനുള്ള കഴിവില്ലെന്ന് സാര്‍ എടുത്തടിച്ച പോലെ പറഞ്ഞപ്പോള്‍ എന്റെ മനസ്സ് വല്ലാതെ വേദനിച്ചുവെന്നത് സത്യം. കാരണം നമ്മള്‍ അഭിനയം അഭിനയം എന്ന് മാത്രം പറഞ്ഞ് നടക്കുന്ന കാലമാണല്ലോ അത്. പക്ഷേ പിന്നെ എനിക്ക് മനസ്സിലായി, സാര്‍ പറഞ്ഞതായിരുന്നു സത്യമെന്ന്. അന്ന് അദ്ദേഹം അങ്ങനെ പറഞ്ഞിരുന്നില്ലെങ്കില്‍ ഞാനിങ്ങനെ ചാന്‍സ് തേടി നടന്ന് ജീവിതം കളയുമായിരുന്നു.'അദ്ദേഹം ഓര്‍ക്കുന്നു.
കൊച്ചുസ്ഥലത്തെ കൊച്ചു വിഐപി
എന്തുകാര്യവും മൂത്തജ്യേഷ്ഠനെപ്പോലെ തുറന്ന് സംസാരിക്കാന്‍ പറ്റുന്ന അടുപ്പമാണ് ജഗദീഷുമായിട്ടുള്ളതെന്ന് മുരളീധരന്‍. 'എന്തും പറയും. പ്രശ്‌നമായാലും പ്രതിസന്ധിയായാലും. എല്ലാത്തിനും അദ്ദേഹം ശരിയായ ഉപദേശം തരും. ഒരിക്കല്‍ ഞാന്‍ സാറിനോടൊരു കുസൃതി ചോദ്യം ചോദിച്ചു. തിരുവനന്തപുരത്തെ വിഐപി ഏരിയകളാണല്ലോ വഴുതക്കാട്, വെള്ളയമ്പലം, ജവഹര്‍ നഗര്‍, ശാസ്തമംഗലം തുടങ്ങിയവ. അങ്ങനത്തെ പോഷ് ഏരിയയില്‍ താമസിക്കാതെ സാറീ കരമന വന്ന് താമസിക്കേണ്ട വല്ല കാര്യവുമുണ്ടോ എന്ന്. അപ്പോള്‍ സാറിന്റെ മറുപടി.'അവിടെയെല്ലാം വിഐപികളാണ്. പക്ഷേ ഇവിടെ ഞാനല്ലേയുള്ളൂ വിഐപി. ഈ കൊച്ചുസ്ഥലത്ത് നമ്മളൊരു കൊച്ചു വിഐപിയായി കഴിയുന്നതല്ലേ സന്തോഷം.'
അതും പറഞ്ഞ് കാലം തന്റെ ജീവിതത്തില്‍ വരുത്തിയ മാറ്റത്തിനുദാഹരണമായി ജഗദീഷ് ഒരു സംഭവംകൂടെ പറഞ്ഞു. 'പണ്ട് എനിക്കൊരു പച്ച വെസ്പ സ്‌കൂട്ടറുണ്ടായിരുന്നു. അതില്‍ ഭാര്യ രമയെ മെഡിക്കല്‍ കോളേജില്‍ ജോലിക്ക് കൊണ്ടുവിടുമ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ പറയും, 'ദേ ആ സ്‌കൂട്ടറില്‍ പോവുന്നയാള്‍ നമ്മുടെ രമാ മാഡത്തിന്റെ ഭര്‍ത്താവാണെന്ന് '. അതുകഴിഞ്ഞ് എനിക്ക് സിനിമയില്‍ തിരക്കായി. ആളുകള്‍ക്കിടയില്‍ അറിയപ്പെട്ടുതുടങ്ങി. അപ്പോള്‍ രമയെ ഞാന്‍ മെഡിക്കല്‍കോളേജില്‍ കാറില്‍ കൊണ്ട് ഇറക്കുമ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ പറയും 'ആ വന്നിറങ്ങിയത് ആരാണെന്ന് അറിയുമോ, നടന്‍ ജഗദീഷിന്റെ വൈഫാണെന്ന്.' കാലത്തിന്റെ ആ കുസൃതി ഓര്‍ത്തിട്ടാവും, ആ കഥ പറഞ്ഞ് ജഗദീഷ് ചിരിക്കും.

'എനിക്ക് എല്ലാത്തിനും പ്രോത്സാഹനവും മാര്‍ഗനിര്‍ദേശവുംതന്നത് ജഗദീഷ് സാറാണ്. ശരിക്കും എന്റെ ജീവിതത്തിലെ വഴികാട്ടി. അതുകൊണ്ട് ജഗദീഷ് സാര്‍ എനിക്ക് ആരാണെന്ന് ചോദിച്ചാല്‍ ഒറ്റവാക്കില്‍ ഞാന്‍ പറയും, ജഗദീഷ് എന്റെ ജഗദീശ്വരനാണെന്ന്.'
Content Highlights: A heartwarming communicative of a student`s enslaved with his teacher, histrion Jagadish, revealing beingness lessons
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·