കളിയിൽ മാത്രമല്ല, ‘ബാറ്റ് ടെസ്റ്റി’ലും തോറ്റ് കൊൽക്കത്ത താരങ്ങൾ; ബാറ്റിങ്ങിനെത്തിയ നരെയ്ന്റെയും നോർട്യയുടെയും ബാറ്റ് മാറ്റിച്ചു- വിഡിയോ

9 months ago 8

ഓൺലൈൻ ഡെസ്‌ക്

Published: April 16 , 2025 10:03 AM IST

1 minute Read

സുനിൽ നരെയ്ൻ, ആൻറിച് നോർട്യ എന്നിവരുടെ ബാറ്റു പരിശോധിക്കുന്ന അംപയർമാർ (എക്സിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ)
സുനിൽ നരെയ്ൻ, ആൻറിച് നോർട്യ എന്നിവരുടെ ബാറ്റു പരിശോധിക്കുന്ന അംപയർമാർ (എക്സിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ)

ചണ്ഡിഗഡ്∙ ഐപിഎൽ ചട്ടപ്രകാരമുള്ള ബാറ്റാണോ താരങ്ങൾ ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കുന്നതിനായി അംപയർമാർ നടത്തുന്ന പരിശോധനയിൽ ‘കുടുങ്ങി’ കൊൽക്കത്ത നൈറ്റ് റൈഡഴ്സന്റെ ദക്ഷിണാഫ്രിക്കൻ താരം ആൻറിച് നോർട്യ. പ‍ഞ്ചാബിനെതിരായ മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ പതിനൊന്നാമനായി ബാറ്റിങ്ങിന് എത്തിയ നോർട്യയുടെ ബാറ്റു പരിശോധിച്ച അംപയർമാർ, അളവുകളിൽ വ്യത്യാസം കണ്ടതിനെ തുടർന്ന് ബാറ്റു മാറ്റാൻ താരത്തോട് നിർദ്ദേശിച്ചു. കമന്റേറ്റർമാരെ ഉദ്ധരിച്ചാണ് വിവിധ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അതിനിടെ, കൊൽക്കത്തയുടെ തന്നെ ഓപ്പണിങ് ബാറ്ററായ വെസ്റ്റിൻഡീസ് താരം സുനിൽ നരെയ്ന്റെ ബാറ്റും അളവുകളിൽ വ്യത്യാസം കണ്ടതിനെ തുടർന്ന് അംപയർമാർ മാറ്റിച്ചതായി റിപ്പോർട്ടുണ്ട്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കൊൽക്കത്ത ഇന്നിങ്സിലെ 16–ാം ഓവറിലാണ് നോർട്യയുടെ ബാറ്റ് പരിശോധിച്ച അംപയർമാർ, അതു മാറ്റാൻ നിർദ്ദേശം നൽകിയത്. 15–ാം ഓവറിലെ അവസാന പന്തിൽ വൈഭവ് അറോറ ഒൻപതാമനായി പുറത്തായതോടെയാണ് നോർട്യ ക്രീസിലെത്തിയത്. ഈ സമയത്ത് ഒരേയൊരു വിക്കറ്റ് ബാക്കിനിൽക്കെ കൊൽക്കത്തയ്‌ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 30 പന്തിൽ 17 റൺസ്.

ക്രീസിലേക്കെത്തിയ നോർട്യയുടെ ബാറ്റ് അംപയർമാർ പതിവു പരിശോധനയ്ക്ക് വിധേയമാക്കി. തുടർന്നാണ് ബാറ്റു മാറ്റാൻ നിർദ്ദേശിച്ചത്. ഇതോടെ കൊൽക്കത്തയുടെ ഡഗ്ഔട്ടിൽനിന്ന് മറ്റൊരു ബാറ്റുമായി അഫ്ഗാൻ താരം കൂടിയായ ഗുർബാസ് ഓടിയെത്തി. ഈ ബാറ്റും പരിശോധിച്ച അംപയർമാർ, അതുമായി കളിക്കാൻ അനുമതി നൽകി.

അതേസമയം, 16–ാം ഓവർ എറിഞ്ഞ മാർക്കോ യാൻസൻ ആദ്യ പന്തിൽത്തന്നെ ആന്ദ്രെ റസ്സലിനെ ക്ലീൻ ബൗൾഡാക്കിയതോടെ നോർട്യയ്ക്ക് ഒരു പന്തു പോലും നേരിടേണ്ടി വന്നില്ല. 11 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 17 റൺസെടുത്ത റസൽ മടങ്ങിയതോടെ, ടീം 16 റൺസിന്റെ തോൽവി വഴങ്ങി.

മുൻപും വിവിധ ടീമുകളിലെ താരങ്ങളുടെ ബാറ്റുകൾ അംപയർമാർ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ആർസിബി താരങ്ങളായ ഫിൽ സോൾട്ട്, ദേവ്ദത്ത് പടിക്കൽ, രാജസ്ഥാൻ റോയൽസ് താരം ഷിമ്രോൺ ഹെറ്റ്മെയർ, മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ തുടങ്ങിയവരുടെ ബാറ്റുകളാണ് പരിശോധിച്ചത്. അതേസമയം, അളവുകളിൽ വ്യത്യാസം കണ്ടതിനെ തുടർന്ന് ബാറ്റു മാറ്റിക്കുന്നത് ആദ്യ സംഭവമാണെന്നാണ് വിവരം.

English Summary:

Bats of Anrich Nortje and Sunil Naraine Fail onfield gauge trial successful KKR's nonaccomplishment to PBKS

Read Entire Article