12 September 2025, 05:20 PM IST

പഞ്ചാബ് കിങ്സ് പുറത്തുവിട്ട പോസ്റ്ററിൽ നിന്ന് | X.com/@PunjabKingsIPL
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാക് പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഞായറാഴ്ചയാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തില്‍ യുഎഇ യെ തകര്‍ത്ത ഇന്ത്യ ടൂര്‍ണമെന്റിലെ രണ്ടാം ജയമാണ് ലക്ഷ്യമിടുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരം നടക്കുന്നത്. എന്നാല്‍ മത്സരത്തിന് മുന്നോടിയായി ഐപിഎല്‍ ഫ്രാഞ്ചൈസിയായ പഞ്ചാബ് കിങ്സ് പുറത്തുവിട്ട ഒരു പോസ്റ്റര്‍ ഇപ്പോൾ വലിയ ചര്‍ച്ചയാണ്.
എതിര്‍ ടീം ആരാണെന്ന് വ്യക്തമാക്കാതെയാണ് പഞ്ചാബ് കിങ്‌സ് പോസ്റ്റര്‍ തയ്യാറാക്കിയത്. പോസ്റ്ററില്‍ ഇന്ത്യന്‍ ടീമിന്റെ ചിഹ്നമുണ്ട്. എന്നാല്‍ എതിര്‍ ടീമിന്റെ കോളം ഒഴിഞ്ഞുകിടക്കുകയാണ്. അവിടെ പാകിസ്താന്‍ ടീമിന്റെ ചിഹ്നമില്ല. സെപ്റ്റംബര്‍ 14-നാണ് മത്സരമെന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. നിലവിലെ ചാമ്പ്യന്മാരുടെ രണ്ടാം മത്സരമെന്ന തലക്കെട്ടോടെയാണ് പഞ്ചാബ് കിങ്‌സ് ഇത് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരം റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി അടുത്തിടെ തള്ളിയിരുന്നു. വിഷയത്തിൽ എന്തിനാണിത്ര തിടുക്കം കാണിക്കുന്നതെന്ന് ആരാഞ്ഞ കോടതി, അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം പാകിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നത് ദേശീയ അന്തസ്സിനും പൊതുവികാരത്തിനും വിരുദ്ധമായ സന്ദേശമാണ് നല്‍കുന്നതെന്ന് അറിയിച്ചുകൊണ്ട്, ഉര്‍വശി ജെയിനിന്റെ നേതൃത്വത്തില്‍ നാല് നിയമ വിദ്യാഥികളാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയിരുന്നത്.
ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാകിസ്താനുമായി കളിക്കുന്നതിൽനിന്ന് ഇന്ത്യൻ ടീമിനെ തടയില്ലെന്ന് കേന്ദ്ര കായികമന്ത്രാലയവും നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇരുരാഷ്ട്രങ്ങളും തമ്മിൽ പരമ്പരകൾ നടത്തുന്നതിന് അനുമതിയുണ്ടാവില്ല. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരേ ഇന്ത്യ കളിക്കുന്നതിൽ വിവിധ കോണുകളിൽനിന്ന് വിമർശനമുയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രാലയം നിലപാടറിയിച്ചത്. ചാമ്പ്യൻഷിപ്പുകളിൽ മത്സരിക്കുന്നത് തടയുന്നത് ഒളിമ്പിക് ചാർട്ടറിന് വിരുദ്ധമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
Content Highlights: punjab kings region Pakistan In poster Asia Cup Match Against India








English (US) ·