കഴിഞ്ഞ ഓണത്തിന് നടക്കാൻ ക്രച്ചസ് വേണമായിരുന്നു, ഇത്തവണ മെഡൽക്കുതിപ്പിന് ഒരുങ്ങുന്നു; തിരിച്ചുവരവിന്റെ തിരുവോണം!

4 months ago 4

കോട്ടയം ∙ നിരാശയുടെ പാതാളത്തിലേക്ക് താഴ്ന്നുപോയെങ്കിലും ഈ ഓണത്തിന് എം.ശ്രീശങ്കർ തിരിച്ചുവന്നു; ജീവിതത്തിലും കരിയറിലും, മഹാബലിയെപ്പോലെ. ഒന്നര വർഷം മുൻപ് പരിശീലനച്ചാട്ടത്തിൽ ചുവടുപിഴച്ചതാണ് ലോങ്ജംപിലെ ഇന്ത്യൻ സൂപ്പർതാരം ശ്രീശങ്കറിന് പാരിസ് ഒളിംപിക്സും കരിയറിലെ വിലപ്പെട്ട സമയവും നഷ്ടമാക്കിയത്.

കഴിഞ്ഞ ഓണക്കാലത്ത് നടക്കാൻ ക്രച്ചസ് വേണ്ടിയിരുന്ന പാലക്കാട്ടുകാരൻ ഈ ഓണത്തിന് ജപ്പാനിലെ ടോക്കിയോയിലാണ്. 13ന് ആരംഭിക്കുന്ന ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ മത്സരിക്കാനുള്ള ഒരുക്കത്തിൽ. കരിയർ അവസാനിച്ചെന്ന മുൻവിധികളെ അതിജീവിച്ചെത്തിയ ശ്രീശങ്കറിന്റെ മനസ്സിൽ ഈ ഓണക്കാലം വീണ്ടും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും പൂക്കളം തീർക്കുകയാണ്.

കാൽമുട്ടിലെ 
ശസ്ത്രക്രിയയ്്ക്കുശേഷം 
ക്രച്ചസിൽ നടക്കുന്ന 
എം.ശ്രീശങ്കർ (ഫയൽചിത്രം).

കാൽമുട്ടിലെ ശസ്ത്രക്രിയയ്്ക്കുശേഷം ക്രച്ചസിൽ നടക്കുന്ന എം.ശ്രീശങ്കർ (ഫയൽചിത്രം).

ആ കറുത്ത ദിവസം2024 ഏപ്രിൽ 16. പാലക്കാട് മെഡിക്കൽ കോളജ് ഗ്രൗണ്ടിലെ ജംപിങ് പിറ്റിൽ അവസാനവട്ട പരിശീലനത്തിനിറങ്ങുമ്പോൾ പാരിസ് ഒളിംപിക്സിന്റെ വാതിൽ ശ്രീശങ്കറിനു മുന്നിൽ തുറന്നുകിടക്കുന്നുണ്ടായിരുന്നു. പാരിസിനു യോഗ്യത നേടിയ ആദ്യ ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലീറ്റായിരുന്നു ശ്രീശങ്കർ. പക്ഷേ അന്നത്തെ പരിശീലനച്ചാട്ടങ്ങളിൽ ഒന്നു പിഴച്ചു. ശ്രീശങ്കർ പരുക്കേറ്റു വീണു. ഇടതു കാൽമുട്ടിലെ ടെൻഡൻ (മാംസപേശിയെ അസ്ഥിയോടു ബന്ധിപ്പിക്കുന്ന ചലന ഞരമ്പ്) ഒടിഞ്ഞു. പരുക്ക് ഗുരുതരമായതിനാൽ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരുക്കു ഭേദമായാലും ഇനി മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ട എന്നായിരുന്നു അവിടത്തെ ലോക പ്രശസ്തനായ ഓർത്തോപീഡിക് സർജന്റെ ആദ്യ പ്രതികരണം. എന്തു ത്യാഗം സഹിച്ചും ജംപിങ് പിറ്റിലേക്ക് തിരിച്ചെത്താനുള്ള നിശ്ചയദാർഢ്യത്തിന്റെ റണ്ണറപ് താൻ തുടങ്ങിയത് ആ ആശുപത്രിക്കിടക്കയിൽനിന്നാണെന്ന് ശ്രീശങ്കർ പറയുന്നു. മുംബൈ വിട്ട് ദോഹയിലെ ആശുപത്രിയിൽ നടന്ന ശ്രീശങ്കറിന്റെ ശസ്ത്രക്രിയ വിജയമായി. ദോഹയിലും ബെള്ളാരിയിലുമായി തുടർ ചികിത്സ. 9 മാസത്തിനുശേഷം ഈ വർഷം ജനുവരിയിലാണ് ലോങ്ജംപ് പരിശീലനം ചെറിയ തോതിൽ പുനഃരാരംഭിക്കാനായത്.

42 ദിവസം, 5 മത്സരങ്ങൾഅവസാന നിമിഷം ലഭിച്ച വിമാന ടിക്കറ്റ് പോലെയായിരുന്നു ടോക്കിയോ ലോക ചാംപ്യൻഷിപ്പിലേക്കുള്ള ശ്രീശങ്കറിന്റെ എൻട്രി. 21 മാസം നീണ്ട ഇടവേളയ്ക്കുശേഷം ഈ വർഷം ജൂലൈയിൽ ആദ്യ ലോങ്ജംപ് മത്സരത്തിനിറങ്ങുമ്പോൾ ലോക ചാംപ്യൻഷിപ് യോഗ്യതയെന്നത് ശ്രീശങ്കറിനും പരിശീലകൻ കൂടിയായ പിതാവ് എസ്.മുരളിക്കും ഒരു വിദൂര സ്വപ്നം മാത്രമായിരുന്നു. ചാംപ്യൻഷിപ്പിന് യോഗ്യത നേടാൻ ലോകത്തെ മറ്റ് അത്‍ലീറ്റുകൾക്ക് ഒരു വർഷം സമയം ലഭിച്ചപ്പോൾ ശ്രീശങ്കറിന് മുന്നിലുണ്ടായിരുന്നത് വെറും 42 ദിവസം. 2023 ഏഷ്യൻ ഗെയിംസിനുശേഷം മത്സരങ്ങളിൽ പങ്കെടുക്കാത്തതിനാൽ ലോക അത്‍ല‌റ്റിക്സിലെ റാങ്കിങ് പട്ടികയിലും ശ്രീശങ്കറിന്റെ പേരുണ്ടായിരുന്നില്ല.

പക്ഷേ പിന്നീട് നടന്നത് ഇന്ത്യൻ അത്‍ലറ്റിക്സിലെ അത്യപൂർവമായ തിരിച്ചുവരവിന്റെ കഥ. വെറും 42 ദിവസത്തിനിടെ 3 രാജ്യങ്ങളിലായി 5 മത്സരങ്ങൾ. അതിലെല്ലാം ശ്രീശങ്കർ ജേതാവായി. അതിൽ 3 മത്സരങ്ങളിലും 8 മീറ്ററെന്ന മികച്ച ദൂരം പിന്നിട്ടു. ഏറ്റവുമൊടുവിൽ ലോക ചാംപ്യൻഷിപ് യോഗ്യതയ്ക്കുള്ള സമയപരിധി അവസാനിക്കുന്ന ഓഗസ്റ്റ് 24ന് ചെന്നൈയിലെ ദേശീയ സീനിയർ അത്‍ലറ്റിക്സിൽ 8.06 മീറ്റർ പ്രകടനത്തോടെ സ്വർണം നേടി. അതോടെ ലോക റാങ്കിങ്ങിൽ 36–ാം സ്ഥാനത്തോടെ ഇരുപത്താറുകാരൻ ശ്രീശങ്കർ ടോക്കിയോയ്ക്ക് ടിക്കറ്റെടുത്തു. തുടർച്ചയായി 4 ലോക ചാംപ്യൻഷിപ്പുകൾക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ലോങ്ജംപ് താരമെന്ന റെക്കോർഡോടെയായിരുന്നു ആ നേട്ടം.

ശസ്ത്രക്രിയയ്ക്കുശേഷം പരിശീലനം പുനഃരാരംഭിച്ച സമയത്ത് ആദ്യമൊക്കെ 4 മീറ്റർ ദൂരം മാത്രമാണു ചാടാനായത്. പഴയ മികവിലേക്കു തിരിച്ചെത്താനാകുമെന്നും ലോക ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനാകുമെന്നും ഒരിക്കലും കരുതിയതല്ല. ഒട്ടേറെപ്പേരുടെ പ്രാർഥനയും പിന്തുണയുമാണ് ഈ അദ്ഭുത തിരിച്ചുവരവിന് കാരണം– ഓണാഘോഷങ്ങൾ ഉപേക്ഷിച്ച് ടോക്കിയോയിൽ അവസാന വട്ട പരിശീലനം നടത്തുന്നതിനിടെ ശ്രീശങ്കർ ‘മനോരമ’യോടു പറഞ്ഞു. 15നാണ് ലോക ചാംപ്യൻഷിപ്പിൽ പുരുഷ ലോങ്ജംപ് മത്സരം.

English Summary:

M. Sreeshankar's Miraculous Comeback: From Crutches to World Athletics Championship successful Tokyo

Read Entire Article