മുംബൈ∙ കുട്ടിക്രിക്കറ്റിന്റെ കനകക്കിരീടം കാത്തുസൂക്ഷിക്കാനെത്തുന്ന ടീം ഇന്ത്യയുടെ കാവലാളായി സഞ്ജു സാംസണും. 2026 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചപ്പോൾ ഒന്നാം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ തവണ ലോകകപ്പ് ജേതാക്കളായ ടീമിലും സഞ്ജു ഉണ്ടായിരുന്നെങ്കിലും അന്ന് ടൂർണമെന്റിൽ ഒരു മത്സരം പോലും കളിക്കാൻ സാധിച്ചിരുന്നില്ല.
ഇത്തവണ ഒന്നാം വിക്കറ്റ് കീപ്പറായി എത്തുന്നതോടെ എല്ലാ മത്സരങ്ങളും സഞ്ജു കളിക്കുമെന്ന് ഏറക്കുറെ ഉറപ്പായി. ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന ഓപ്പണർ ശുഭ്മൻ ഗില്ലിനെ തഴഞ്ഞതാണ് ടീം പ്രഖ്യാപനത്തിലെ മറ്റൊരു സർപ്രൈസ്. ഗിൽ പുറത്തായതോടെ ഓപ്പണറുടെ റോളിൽ സഞ്ജു എത്തുമെന്ന് ഉറപ്പായി.
ഗില്ലിന്റെ അഭാവത്തിൽ അക്ഷർ പട്ടേലാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിലെ പ്രകടനത്തിന്റെ ബലത്തിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനും ബാറ്റർ റിങ്കു സിങ്ങും ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ ഓപ്പണിങ് ബാറ്റർ യശസ്വി ജയ്സ്വാളിനെ തഴഞ്ഞു. 2024 ട്വന്റി20 ലോകകപ്പിൽ ചാംപ്യൻമാരായ ഇന്ത്യൻ ടീമിലെ 8 പേർ ഇത്തവണയും ടീമിൽ സ്ഥാനം നിലനിർത്തി. ഫെബ്രുവരി 7 മുതൽ ഇന്ത്യയിലും ശ്രീലങ്കയിലുമാണ് ട്വന്റി20 ലോകകപ്പ്. ജനുവരി 21ന് ആരംഭിക്കുന്ന ഇന്ത്യ– ന്യൂസീലൻഡ് ട്വന്റി20 പരമ്പരയിലും ഇതേ ടീം തന്നെയാണ് ഇറങ്ങുക.
അപ്രതീക്ഷിതം; ഗില്ലിന്റെ വീഴ്ച!ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റൻ, ട്വന്റി20യിൽ നിലവിലെ വൈസ് ക്യാപ്റ്റൻ, അധികം വൈകാതെ 3 ഫോർമാറ്റിലും ഇന്ത്യയുടെ നായകൻ; അധികാരത്തിന്റെ അമരത്തുനിന്ന് അപ്രതീക്ഷിതമായാണ് ശുഭ്മൻ ഗില്ലിന്റെ വീഴ്ചയുണ്ടായത്. ട്വന്റി20യിൽ തുടർച്ചയായി നിരാശപ്പെടുത്തുന്ന ഗില്ലിനെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യമുണ്ടായിരുന്നെങ്കിലും ലോകകപ്പ് സ്ക്വാഡിൽ നിന്ന് ഇരുപത്തിയാറുകാരൻ താരത്തെ മാറ്റിനിർത്തുമെന്ന് വിമർശകർ പോലും പ്രതീക്ഷിച്ചിരുന്നില്ല.
സമീപകാല ട്വന്റി20 മത്സരങ്ങളിൽ ഗില്ലിന് റൺ കണ്ടെത്താൻ സാധിക്കാത്തതാണ് സ്ക്വാഡിൽ നിന്ന് താരത്തെ മാറ്റിനിർത്താൻ കാരണമെന്നാണ് സിലക്ടർ അജിത് അഗാർക്കർ പറഞ്ഞത്. എന്നാൽ ടോപ് ഓർഡറിൽ ഒരു വിക്കറ്റ് കീപ്പർ വേണമെന്ന തീരുമാനമാണ് ഗില്ലിന് തിരിച്ചടിയായതെന്നായിരുന്നു ക്യാപ്റ്റൻ സൂര്യയുടെ ന്യായം.
ടീംസൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്,ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിങ്ടൻ സുന്ദർ, വരുൺ ചക്രവർത്തി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്.
റിങ്കു ഇൻ, ജിതേഷ് ഔട്ട്ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ പ്രധാന വിക്കറ്റ് കീപ്പറായ ജിതേഷ് ശർമയെ തഴഞ്ഞ് ബാറ്റർ റിങ്കു സിങ്ങിനെ ഉൾപ്പെടുത്തിയതായിരുന്നു ടീം പ്രഖ്യാപനത്തിലെ മറ്റൊരു സർപ്രൈസ്. സഞ്ജു, ഇഷാൻ എന്നീ രണ്ടു വിക്കറ്റ് കീപ്പർമാർ ടീമിൽ ഉള്ളതാണ് ജിതേഷിന് തിരിച്ചടിയായത്. ഇതോടെ ഫിനിഷർ റോളിൽ റിങ്കുവിന് അവസരം ലഭിച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മികച്ച പ്രകടനവും ഇടംകൈ ബാറ്റർക്ക് തുണയായി. എന്നാൽ ഓൾറൗണ്ടർമാരുടെ ധാരാളിത്തമുള്ള ടീമിൽ റിങ്കുവിന് അസരം ലഭിക്കുമോ എന്നുറപ്പില്ല.
'ഇഷാൻ റിട്ടേൺസ്ഇടക്കാലത്ത് വൈറ്റ് ബോൾ ക്രിക്കറ്റിൽ ടീം ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ ആകുമെന്നു പ്രതീക്ഷിച്ച ഇഷാൻ കിഷൻ വളരെ വേഗത്തിലാണ് ടീമിനു പുറത്തായത്. ഇനി ദേശീയ ടീമിലേക്കൊരു തിരിച്ചുവരവില്ലെന്നു കരുതിയ സമയത്താണ് ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനത്തിലൂടെ ജാർഖണ്ഡ് താരം രണ്ടാംവരവിന് ഒരുങ്ങുന്നത്.
ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിന് കന്നിക്കിരീടം നേടിക്കൊടുത്ത ഇടംകൈ ബാറ്റർ, ഫൈനലിലെ സെഞ്ചറി ഉൾപ്പെടെ ടൂർണമെന്റിൽ ഉടനീളം ടീമിനെ മുന്നിൽ നിന്നു നയിച്ചു. ഈ പ്രകടനങ്ങളാണ് രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇഷാന് ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് അവസരം ഒരുക്കിയത്.
ബോളിങ് ഭദ്രംജസ്പ്രീത് ബുമ്ര– അർഷ്ദീപ് സിങ് പേസ് ജോടി നയിക്കുന്ന ഇന്ത്യൻ ബോളിങ് നിരയിൽ കാര്യമായ മാറ്റങ്ങൾ ഇല്ല. മൂന്നാം പേസറായി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ടീമിലുണ്ട്. ഇതോടെ ഹർഷിത് റാണ ബാക്കപ് പേസറാകും. ശിവം ദുബെയും ഇലവനിൽ ഇടംപിടിക്കാൻ സാധ്യതയില്ല. വരുൺ ചക്രവർത്തി– കുൽദീപ് യാദവ് സ്പിൻ ജോടിക്കൊപ്പം അക്ഷർ പട്ടേലും ആദ്യ ഇലവനിൽ ഉണ്ടാകും. ബാക്കപ് ഓൾറൗണ്ടറായ വാഷിങ്ടൻ സുന്ദറിന്, താരതമ്യേന ദുർബലരായ ടീമുകൾക്കെതിരെ അവസരം ലഭിച്ചേക്കും.
English Summary:








English (US) ·