23 June 2025, 07:25 AM IST

ഒലി പോപ്പ് | AFP
ലീഡ്‌സ്: ടെസ്റ്റ് കരിയറിലെ ഒമ്പതാമത്തെ സെഞ്ചുറി എന്നതിനപ്പുറം ടീമിലെ മൂന്നാം നമ്പർ ബാറ്ററെന്ന സ്ഥാനം സംരക്ഷിക്കാൻ ഒലി പോപ്പിനെ സഹായിക്കുന്നതായി ഇന്ത്യക്കെതിരേ ഒന്നാമിന്നിങ്‌സിലെ പ്രകടനം. ആദ്യടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിക്കുമ്പോൾ മൂന്നാം നമ്പറിലേക്ക് പോപ്പിനൊപ്പം ജേക്കബ് ബെത്തലിനേയും സജീവമായി പരിഗണിച്ചിരുന്നു.
സമീപകാലത്ത് ബെത്തൽ നടത്തിയ മികച്ച പ്രകടനമായിരുന്നു കാരണം. എന്നാൽ, പോപ്പിന്റെ പരിചയസമ്പത്തിൽ സെലക്ടർമാർ വിശ്വാസമർപ്പിച്ചു. സാക് ക്രോളിയെ തുടക്കത്തിൽത്തന്നെ നഷ്ടമായിട്ടും ഇംഗ്ലണ്ട് ഇന്നിങ്‌സിനെ മുന്നോട്ടുകൊണ്ടുപോയത് 137 പന്തിൽ 106 റൺസ് നേടിയ പോപ്പായിരുന്നു. ഇന്ത്യൻ സ്റ്റാർപേസർ ജസ്പ്രീത് ബുംറയെ നേരിട്ട രീതിയെ മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ അലെസ്റ്റർ കുക്ക് അഭിനന്ദിക്കുകയും ചെയ്തു.
രണ്ടാംദിനത്തെ മത്സരത്തിനുശേഷം ഇംഗ്ലണ്ട് താരം ബെൻ ഡെക്കറ്റും പോപ്പിന്റെ കളിയെ അഭിനന്ദിച്ച് രംഗത്തുവന്നിരുന്നു. കഴിഞ്ഞവർഷം ഹൈദരാബാദിൽ ഇന്ത്യക്കെതിരേ 196 റൺസെടുത്ത ചരിത്രം പോപ്പിനുണ്ട്. അതിന്റെ തുടർച്ചപോലുള്ള ഇന്നിങ്‌സാണ് ലീഡ്‌സിൽ കണ്ടത്.
രണ്ടാം വിക്കറ്റിൽ ഡെക്കറ്റിനൊപ്പം 122 റൺസും മൂന്നാം വിക്കറ്റിൽ ജോ റൂട്ടിനൊപ്പം 80 റൺസും ചേർക്കാൻ പോപ്പിനായി. ഇന്ത്യക്കെതിരേ രണ്ടാമത്തെ സെഞ്ചുറിയാണ് നേടിയത്. ശതകം നേടിയ പ്രകടനത്തിനൊപ്പം ഇന്ത്യൻ ബൗളർമാരെ ആധികാരികമായി നേരിടാൻ പോപ്പിനായി. സ്കോർ 60 റൺസിൽ നിൽക്കുമ്പോൾ ബുംറയുടെ പന്തിൽ യശസ്വി ജയ്‌സ്വാൾ ക്യാച്ച് വിട്ടുകളഞ്ഞതോടെ ഭാഗ്യവും താരത്തിനൊപ്പമായി.
മൂന്നാംദിനം തുടക്കത്തിൽ പ്രസിദ്ധ് കൃഷ്ണയുടെ ഷോർട്ട് പിച്ച് പന്തിൽ ഋഷഭ് പന്തിന് പിടികൊടുത്താണ് പോപ്പ് മടങ്ങിയത്. 57 ടെസ്റ്റിൽനിന്ന് 3407 റൺസാണ് പോപ്പിന്റെ സമ്പാദ്യം. ലോർഡ്‌സിൽ 2023-ൽ അയർലൻഡിനെതിരേ നേടിയ 205 റൺസാണ് ഉയർന്ന സ്കോർ. 15 അർധസെഞ്ചുറിയും ക്രെഡിറ്റിലുണ്ട്.
Content Highlights: leeds trial ollie pope innings against india








English (US) ·