അടുത്ത കാലത്തായി സിനിമയില്‍ തന്റെ സ്ഥിരം ട്രാക്കുവിട്ടുള്ള യാത്രയിലാണ് നടന്‍ വിനീത്. അഖില്‍ സത്യന്‍ സംവിധാനംചെയ്ത 'പാച്ചുവും അത്ഭുതവിളക്കിനും' ശേഷം മറ്റൊരു ഗ്രേ ഷെയ്ഡുള്ള കഥാപാത്രവുമായി എത്തിയിരിക്കുകയാണ് താരം. ദേവദത്ത് ഷാജി സംവിധാനംചെയ്ത 'ധീരനി'ല്‍ 'അബൂബക്കര്‍ ഹാജി' എന്ന കഥാപാത്രത്തെയാണ് വിനീത് അവതരിപ്പിക്കുന്നത്. വര്‍ഷങ്ങള്‍മുമ്പ് കാസര്‍കോട് നീലേശ്വരത്തുനിന്ന് തമിഴ്‌നാട്ടിലെ ഈറോഡിലേക്ക് വണ്ടികയറിയ അത്തര്‍ കച്ചവടക്കാരന്‍. ഇന്ന് അയാളുടെ കൈയില്‍ അത്തറിന്റെ മാത്രമല്ല, ചോരയുടേയും മണമുണ്ട്. കണ്ണില്‍ സുറുമയെഴുതി, കളര്‍ഫുള്‍ ജുബ്ബ ധരിച്ച അബൂബക്കര്‍ ഹാജി തീയേറ്ററില്‍ പ്രേക്ഷകരെ പേടിപ്പിക്കുന്നു, അതേസമയം ചിരിപ്പിക്കുന്നു. ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ വിനീത് മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിച്ചതില്‍നിന്ന്...
ആസ്വദിച്ചുചെയ്ത കഥാപാത്രം
അബൂബക്കര്‍ ഹാജി എന്ന കഥാപാത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയില്‍ വളരേ സന്തോഷമുണ്ട്. നടനെന്ന നിലയില്‍ ലഭിച്ച വ്യത്യസ്തമായ കഥാപാത്രമാണ്. 'ധീരനി'ലേതുപോലെ വെല്ലുവിളികളുള്ള വേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. പ്രേക്ഷകര്‍ നല്ലവാക്കുകള്‍ പറയുമ്പോഴാണ് അതിന് പൂര്‍ണ്ണതയുണ്ടാവന്നത്.
ആസ്വദിച്ച് ചെയ്ത കഥാപാത്രമാണ് 'ധീരനി'ലേത്. സ്‌ക്രിപ്റ്റ് വായിച്ച്, സംവിധായകന്‍ ദേവദത്ത് ഷാജി കഥാപാത്രത്തെക്കുറിച്ച് വിവരിച്ചുതന്നതുമുതല്‍ തയ്യാറെടുപ്പ് തുടങ്ങി. കഥാപാത്രം എങ്ങനെയാവണമെന്ന് വ്യക്തമായ ചിത്രമുണ്ടായിരുന്നു. ക്യാമറയ്ക്കുമുന്നില്‍ അഭിനയിക്കുമ്പോള്‍ സംവിധായകന്റെ നിര്‍ദേശങ്ങളും സ്വയം തോന്നിയകാര്യങ്ങളും ചേര്‍ത്ത്, കഥാപാത്രത്തിന് ഏറ്റവും ആവശ്യമുള്ളത് അവതരിപ്പിച്ചു.
വെല്ലുവിളി അതിലേറെ ആവേശം
'ജാന്‍.എ.മന്‍', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ഗണേഷ് മേനോനും ലക്ഷ്മി വാര്യരുമാണ് 'ധീരന്റെ' നിര്‍മാതാക്കള്‍. മമ്മൂട്ടി ചിത്രം 'ഭീഷ്മപര്‍വ്വ'ത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ദേവദത്ത്. രണ്ടുവര്‍ഷം മുമ്പാണ് ദേവദത്തും ഗണേഷും ലക്ഷ്മി വാര്യരും ചിത്രത്തിനുവേണ്ടി എന്നെ സമീപിച്ചത്.
ദേവദത്തിനെ നേരില്‍ കണ്ടു. കഥാപാത്രത്തെക്കുറിച്ച് പൂര്‍ണ്ണമായി വിവരിച്ച് തന്നു. സ്‌ക്രിപ്റ്റ് മുഴുവനായി വായിച്ചു. അപ്പോള്‍ തന്നെ ചിത്രം നല്ലൊരു എന്റര്‍ടെയ്‌നറാണ് എന്ന് മനസിലായി. തീയേറ്ററില്‍ കണ്ട് ആസ്വദിക്കാന്‍ പറ്റിയ, ഫണ്‍ റൈഡാണ് ചിത്രം. കോമഡിയുടെ ഒപ്പം തന്നെ ചിത്രത്തിന് വൈകാരിക തലം കൂടെയുണ്ട്. രാജേഷ് മാധവന്‍ അവതരിപ്പിക്കുന്ന എല്‍ദോസ് എന്ന കഥാപാത്രത്തിന്റെ ട്രോമയും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
ഒരുഗ്രാമത്തിലെ നിഷ്‌കളങ്കരായ കുറേപ്പേര്‍ ചേര്‍ന്നുള്ള യാത്ര. എല്ലാവര്‍ക്കും അവരുടേതായ ഉദ്ദേശങ്ങളുണ്ട്. ഇതെല്ലാം രസകരമായി കോര്‍ത്തിണക്കിയ കഥ. അതില്‍ ഒരു പ്രധാന കഥാപാത്രം. ഇതാണ് ചിത്രത്തിലേക്ക് എന്നെ ആകര്‍ഷിച്ചത്.
വ്യത്യസ്തമായ കഥാപാത്രം തേടി വരുമ്പോള്‍ വെല്ലുവിളിയും അതിലേറെ ആവേശവുമാണ്. കഥാപാത്രത്തെ മികച്ചതാക്കാന്‍ എന്തൊക്കെ ചെയ്യാന്‍ പറ്റും, വ്യത്യസ്തമായി എന്തുകൊണ്ടുവരാന്‍ കഴിയും എന്നൊക്കെ ആലോചിച്ചു.
സാധാരണ നിലയില്‍ ഒരു ഹാജി എന്ന് കേള്‍ക്കുമ്പോഴുള്ള ഗെറ്റപ്പ് അല്ല 'ധീരനി'ലെ അബൂബക്കര്‍ ഹാജിയുടേത്. വെള്ള ജുബ്ബയും തൊപ്പിയും വേണ്ടെന്ന് ദേവദത്ത് തുടക്കത്തിലേ തീരുമാനിച്ചിരുന്നു.
അത്തര്‍ കച്ചവടക്കാരനാണ് അബൂബക്കര്‍ ഹാജി. തിരക്കഥ വായിച്ചപ്പോള്‍തന്നെ കഥാപാത്രത്തെക്കുറിച്ച് രൂപം ലഭിച്ചു. കുറച്ച് പ്രായമുള്ള കഥാപാത്രമാണ്. അതിന്റേതായ വേഗക്കുറവ് അയാളുടെ പെരുമാറ്റത്തിലുണ്ട്. പേടിത്തൊണ്ടനാണ്. കാരിക്കേച്ചര്‍ സ്വഭാവമുണ്ട്. ചെറിയ മനോവിഭ്രാന്തിയുടെ ലക്ഷണങ്ങളുള്ള കഥാപാത്രമാണ്. കാറില്‍ പോയാല്‍ ആരെങ്കിലും ഇടിച്ചു വകവരുത്തും എന്ന പേടികൊണ്ട് ലോറിയിലാണ് അബൂബക്കര്‍ ഹാജി യാത്രചെയ്യുന്നത്.
.jpg?$p=45b4f88&w=852&q=0.8)
നീലേശ്വരം ഭാഷ
വടക്കന്‍ മലബാറിലെ ഭാഷയാണ് കഥാപാത്രം പറയുന്നത്. അത് എന്റെ നിര്‍ദേശമായിരുന്നു. എന്തുകൊണ്ട് ഈ ഭാഷ ശ്രമിച്ചൂടാ എന്ന് ഞാന്‍ ദേവദത്തിനോട് ചോദിച്ചു. വ്യത്യസ്തമായ ഭാഷാശൈലി ഉപയോഗിക്കുമ്പോള്‍ കഥാപാത്രത്തിന് സ്വന്തമായൊരു വ്യക്തിത്വം കൈവരും. ഒരേസമയം അല്പം ഭീകരതയും ഹ്യൂമറുമുണ്ട്. അയാളുടെ ഭയങ്ങളാണ് ചിത്രത്തില്‍ ഹ്യൂമറായി മാറുന്നത്. ചെയ്തുനോക്കിയപ്പോള്‍ സംവിധായകന് ഇഷ്ടമായി. ശരിയായ നീലേശ്വരം ശൈലിയല്ല ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കുറച്ച് കണ്ണൂര്‍ ചുവയുണ്ട്.
അഭിനേതാക്കള്‍ തമ്മിലെ കെമിസ്ട്രി
കൂടെ അഭിനയിച്ചവരെല്ലാം അസാധ്യ അഭിനേതാക്കളാണ്. അരുണ്‍ ചെറുകയിലിന്റേയും രാജേഷ് മാധവന്റേയും കൂടെയായിരുന്നു കൂടുതല്‍ സീനുകളും. ക്ലൈമാക്‌സില്‍ വില്ലന്‍ വേഷം ചെയ്ത ശ്രീകൃഷ്ണ ദയാല്‍, മനോജ്, ജഗദീഷേട്ടന്‍ ഉള്‍പ്പെടെയുള്ളവരുമായി ചെറിയൊരു കോമ്പിനേഷന്‍ സീന്‍. എല്‍ദോസിനെ തേടിപ്പോവുന്നവര്‍ അത്തര്‍ കടയില്‍ എത്തുമ്പോള്‍ അശോകേട്ടനും സുധീഷും അഭിറാമുമായി ചെറിയൊരു സീനും. വളരെ പ്രഗത്ഭരും ടാലന്റഡുമായ അഭിനേതാക്കളാണ് എല്ലാവരും. അവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നത് സന്തോഷമാണ്.
ജഗദീഷേട്ടനും അശോകേട്ടനും വളരെ അനുഭവപരിചയമുള്ള, മുതിര്‍ന്ന നടന്മാരാണ്. മനോജും സുധീഷും എന്റെ സമകാലികരാണ്. രാജേഷും അഭിറാമും ശബരീഷും അരുണും അസാമാന്യ കഴിവുള്ള അഭിനേതാക്കളാണ്. അവരുടെ കഥാപാത്രങ്ങള്‍ വളരെ മനോഹരമായി അവതരിപ്പിച്ചു. ക്യാമറയ്ക്ക് മുന്നില്‍ വളരെ സ്വാഭാവികമായി, അഭിനേതാക്കള്‍ തമ്മിലെ കൊടുക്കല്‍ വാങ്ങല്‍ സംഭവിച്ചു. എല്ലാവരുടേയും പ്രകടനത്തില്‍ സംവിധായകനും തൃപ്തനായിരുന്നു. എന്തെങ്കിലും ചെറിയ മാറ്റങ്ങള്‍ ആവശ്യമെങ്കില്‍ പറഞ്ഞുതരും.
വിന്റേജ് ഗ്യാങ്ങും പുതുതലമുറയും
സെറ്റിലൊന്നും പഴയതലമുറ- പുതിയ തലമുറ എന്ന വ്യത്യാസമുണ്ടായിരുന്നില്ല. എല്ലാവരും അഭിനേതാക്കളാണ്. എത്ര അനുഭവപരിചയമുണ്ടെങ്കിലും എനിക്കിന്നും ഒരു സെറ്റില്‍ പോയാല്‍ എന്റെ ആദ്യസിനിമ പോലെയാണ് തോന്നുക. എല്ലാ അഭിനേതാക്കളും അങ്ങനെയായിരിക്കും എന്നാണ് ഞാന്‍ കരുതുന്നത്. ഓരോ ദിവസവും പുതിയ അനുഭവമാണ്. പുതിയ ആളുകളില്‍നിന്ന് പലതും നമ്മള്‍ കണ്ടുപഠിക്കും. അവര്‍ ചിലപ്പോള്‍ നമ്മളെ നിരീക്ഷിച്ച് പഠിക്കും. എപ്പോഴും പരസ്പര ബഹുമാനമുണ്ടാവും. എല്ലാവരും വ്യത്യസ്ത കഴിവുകള്‍ ഉള്ളവരാണ്. കഴിവുള്ള ഒരുപാട് കലാകാരന്മാരുടെ സംഗമമാണ് സിനിമ. അതില്‍ ജൂനിയര്‍- സീനിയര്‍ എന്ന ഭേദമില്ല.
അനുഭവജ്ഞാനത്തിന് സ്വാഭാവികമായും പ്രാധാന്യമുണ്ട്. ഓരോ ചിത്രത്തില്‍നിന്നും പുതിയ കാര്യങ്ങള്‍ പഠിച്ച്, സ്വയംകണ്ട് വിലയിരുത്തി, തെറ്റുകള്‍ തിരുത്തി, ഒപ്പം അഭിനയിച്ച മുതിര്‍ന്നവരെ നിരീക്ഷിച്ചുമാണ് ഞാന്‍ ഇത്രയുമെത്തിയത്. പഠിക്കാന്‍ വേണ്ടി പ്രത്യേകിച്ച് നിരീക്ഷിക്കണമെന്നില്ല. സ്വാഭാവികമായി അത് സംഭവിക്കും.
തിലകന്‍ ചേട്ടന്‍, വേണു ചേട്ടന്‍, കൂടെ അഭിനയിച്ച മറ്റ് സ്വഭാവനടന്മാര്‍, നായകന്മാര്‍ ഇവരെയെല്ലാം കണ്ടുവളര്‍ന്നതാണ് ഞാന്‍. പല ഭാഷകളില്‍ അഭിനയിച്ചതുകൊണ്ട് അതിന്റേയും അനുഭവങ്ങളുണ്ട്. തമിഴിലും തെലുങ്കിലും സംവിധായകരും അഭിനേതാക്കളുമായി ഇതിഹാസതുല്യരായ കലാകാരന്മാരെ അടുത്തറിഞ്ഞാണ് വളര്‍ന്നത്. അത് എപ്പോഴും മുതല്‍കൂട്ടാണ്. ആ അനുഭവങ്ങള്‍ സ്വാഭാവികമായും സഹായിക്കും. അനുഭവപരിചയമുള്ളതുകൊണ്ട് കാര്യങ്ങള്‍ കുറച്ചുകൂടെ എളുപ്പമാക്കും.
എന്നാല്‍, സെറ്റില്‍ എല്ലാവരും ഒരുപോലെയാണ്. സുഹൃത്തുക്കളെപ്പോലെയാണ്, മറ്റ് വേര്‍തിരിവൊന്നുമില്ല. അവരേയും നമ്മള്‍ ബഹുമാനിക്കും. വളരെ കഴിവുള്ളവരാണ് പുതുതലമുറയിലുള്ളവര്‍. അവരുടെ രീതികള്‍ നമ്മളെ പ്രചോദിപ്പിക്കും. രാജേഷിന്റേയും അഭിറാമിന്റേയും ടൈമിങ് അപാരമാണ്. ശബരീഷ് അടക്കമുള്ളവര്‍ നന്നായി അഭിനയിക്കുന്നു. അത് നമുക്ക് പ്രചോദനമാണ്.

'പാച്ചുവും അത്ഭുതവിളക്കും' സിനിമയിലെ റിയാസ്, 'ധീരനി'ലെ അബൂബക്കര്‍ ഹാജി
അത്തരം അവസരങ്ങള്‍ ലഭിക്കുന്നത് അനുഗ്രഹമാണ്. നമ്മളെ സ്വയം തെളിയിക്കാന്‍ ലഭിക്കുന്ന അവസരമാണ്. അത്തരം അവരങ്ങള്‍ വരുമ്പോഴാണ് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടെന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. അങ്ങനെയുള്ള വേഷങ്ങള്‍ക്കായി പരിഗണിക്കുന്നതിന് സംവിധായകരോടും നിര്‍മാതാക്കളോടും എഴുത്തുകാരോടും കടപ്പാടുണ്ട്.
പണ്ടൊക്കെ, സോഫ്റ്റായ റൊമാന്റിക്- ചോക്ലേറ്റ് ലവര്‍ ബോയ് എന്നൊക്കെ പറയുന്ന വേഷങ്ങളിലേക്ക് മാറ്റി നിര്‍ത്തിയിരുന്നു. ഏറെക്കാലം അത്തരം വേഷങ്ങള്‍ ചെയ്തു. ഹരിഹരന്‍ സാറും രഞ്ജിത്ത് ഏട്ടനും ഫാസില്‍ സാറുമൊക്കെയാണ് വ്യസ്ത്യമായ വേഷങ്ങള്‍ തന്നത്. 'മാനത്തെ വെള്ളിത്തേരി'ലൂടെ ഇമേജ് ബ്രേക്കിങ്ങായ വേഷം തന്നത് ഫാസില്‍ സാറാണ്. സിദ്ധിഖ്- ലാലിന്റെ 'കാബൂളിവാല'യില്‍, റൊമാന്‍സ് ഉണ്ടെങ്കിലും ഒരുതരം ടഫ് ഇമേജായിരുന്നു. ഇവരൊക്കെയാണ് എനിക്ക് സോഫ്റ്റായ കഥാപാത്രങ്ങളില്‍നിന്ന് മാറി ഗൗരവമുള്ള വേഷങ്ങള്‍ തന്നത്. അതിലൂടെയാണ് വളര്‍ന്നത്.
പ്രായമാവുന്തോറും പരീക്ഷിക്കാന്‍ കൂടുതല്‍ വേഷമുള്ളതായി തോന്നുന്നു. ഇതെല്ലാം ഒരുതരം ഗുരുത്വവും ഈശ്വരാനുഗ്രഹവുമാണെന്നാണ് ഞാന്‍ കരുതുന്നത്. അവസരങ്ങള്‍ വരുക മാത്രമല്ല, അത് ആളുകള്‍ സ്വീകരിക്കണം. ആരും ശ്രദ്ധിക്കാതിരുന്നിട്ട് വലിയ കാര്യമില്ല. അത്തരം കഥാപാത്രങ്ങള്‍ക്കുവേണ്ടി പരമാവധി ചെയ്യാന്‍ ശ്രമിക്കും.

കൃഷ്ണചന്ദ്രന്റെ ശബ്ദത്തില്‍നിന്ന് ലൂസിഫറിലെ വിവേക് ഒബ്‌റോയിയുടെ ശബ്ദത്തിലേക്ക്
ആദ്യകാലത്ത് മാത്രമാണ് കൃഷ്ണചന്ദ്രന്‍ ചേട്ടന്‍ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയത്. 15- 16 വയസ്സിലാണത്. ശബ്ദം മാറുന്ന സമയമായിരുന്നു. എം.ടി. സാറിന്റെ കാവ്യാത്മകമായ സംഭാഷണങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ കഥാപാത്രത്തിന് പൂര്‍ണത ലഭിക്കണമെങ്കില്‍ ഗൗരവമുള്ള ശബ്ദം വേണമായിരുന്നു. അന്നത്തെ ശബ്ദം ഒട്ടും അത്തരം കഥാപാത്രങ്ങള്‍ക്ക് ചേര്‍ന്നതായിരുന്നില്ല. കൗമാരകാലത്തെ ശബ്ദത്തിലെ അഭംഗികാരണമാണ് അക്കാലത്ത് പ്രധാനമായും സ്വയം ശബ്ദം നല്‍കാതിരുന്നത്. 'ഗസലി'ല്‍ ഞാന്‍ തന്നെ കമലിക്കയോട് അഭ്യര്‍ഥിച്ചു. കഥാപാത്രത്തിന് സ്വന്തം ശബ്ദം നല്‍കാന്‍ അദ്ദേഹം അനുവദിച്ചു. ഫാസില്‍ സാറിന്റെ മാനത്തെ വെള്ളിത്തേരിലാണ് എനിക്ക് ഡബ്ബിങ് പരീശിലനം ലഭിക്കുന്നത്. എട്ടുപത്തുദിവസം അദ്ദേഹം കൂടെ ഇരുന്ന് ഡബ് ചെയ്യിപ്പിച്ചു. അതിനുശേഷം മലയാളത്തിലും തമിഴിലും ഏതാണ്ട് എല്ലാ ചിത്രങ്ങളിലും ഞാന്‍ തന്നെ ശബ്ദം നല്‍കി. 17-ഓളം ചിത്രങ്ങള്‍ തെലുങ്കില്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, അവയില്‍ ഒന്നിലും സ്വയം ശബ്ദം നല്‍കാന്‍ സാധിച്ചിട്ടില്ല.
അപ്രതീക്ഷിതമായി വന്ന അവസരമായിരുന്നു ലൂസിഫറിലേത്. സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചു. അതൊന്നും പ്ലാന്‍ ചെയ്തതായിരുന്നില്ല. അതിനുശേഷവും ഏതാനും പടങ്ങളില്‍ ഡബ് ചെയ്തു.
ഇനിയുമുണ്ട് വ്യത്യസ്തമായ വേഷങ്ങള്‍
റോജിന്‍ തോമസ് സംവിധാനംചെയ്യുന്ന 'കത്തനാരി'ല്‍ പ്രധാനവേഷമാണ് ചെയ്യുന്നത്. ദിന്‍ജിത്തും ബാഹുലും ഒന്നിക്കുന്ന ചിത്രത്തിലും ഒരു വ്യത്യസ്തമായ വേഷമാണ് ചെയ്യുന്നത്. അസാധ്യചിത്രമാണത്. ജിയോ ഹോട്‌സ്റ്റാറിന് വേണ്ടി ഒരു വെബ് സീരീസില്‍ അഭിനയിച്ചു. ജീത്തു ജോസഫ് ആണ് അതിന്റെ ഷോറണ്ണര്‍. സുമേഷ് സംവിധാനംചെയ്യുന്ന സീരീസിന്റെ പേര് 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിന്‍' എന്നാണ്. മിസ്റ്ററി വിഭാഗത്തില്‍പ്പെടുന്ന മികച്ചൊരു ഇതിവൃത്തമാണ് അതിന്റേത്. മീന, സഞ്ജന ദീപു, ഹക്കിം ഷായുമാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.
Content Highlights: Actor Vineeth talks astir Dheeran movie, Abubacker Haji character
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·