14 July 2025, 11:56 AM IST
.jpg?%24p=8214d02&f=16x10&w=852&q=0.8)
Photo: PTI
ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേവാളും ഭര്‍ത്താവ് പി. കശ്യപും വേര്‍പിരിയുന്നുവെന്ന് വാര്‍ത്ത ഇന്ത്യന്‍ കായികപ്രേമികളെ ഞെട്ടിക്കുന്നതായിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി പങ്കുവെച്ച് സൈനയാണ് താനും കശ്യപും വേര്‍പിരിയുകയാണെന്ന് അറിയിച്ചത്. വളരെയധികം ആലോചിച്ച ശേഷമാണ് കശ്യപും താനും വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നും തങ്ങള്‍ സമാധാനം, വളര്‍ച്ച, സൗഖ്യം എന്നിവ തിരഞ്ഞെടുക്കുന്നുവെന്നും താരം കുറിച്ചിരുന്നു.
എന്നാല്‍ കശ്യപ് ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ലായിരുന്നു. സൈന വിവാഹമോചന വാര്‍ത്ത പങ്കുവെയ്ക്കുമ്പോള്‍ കശ്യപ് നെതര്‍ലന്‍ഡ്‌സിലാണെന്നാണ് റിപ്പോര്‍ട്ട്. സൈനയുടെ പ്രഖ്യാപനത്തിന് ഏകദേശം ആറു മണിക്കൂര്‍ മുമ്പ് കശ്യപ് പങ്കുവെച്ച ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ജൂലൈ 11 മുതല്‍ 13 വരെ നെതര്‍ലന്‍ഡ്‌സിലെ ഹില്‍വാരന്‍ബീക്കില്‍ നടന്ന അവേക്കനിങ് ഫെസ്റ്റിവലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പങ്കെടുക്കുകയായിരുന്നു കശ്യപ്. ഇവിടെ നിന്ന് ഒരുകൂട്ടം സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഒരു ചിത്രമാണ് കശ്യപ് പങ്കുവെച്ചിരിക്കുന്നത്.

2014-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവാണ് കശ്യപ്. 32 വര്‍ഷത്തിനിടെ ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമായിരുന്നു അദ്ദേഹം. ഇംഗ്ലണ്ട് ചാമ്പ്യന്‍മാരായ പ്രകാശ് പദുക്കോണ്‍, പുല്ലേല ഗോപിചന്ദ് എന്നിവരില്‍ നിന്ന് കശ്യപ് പരിശീലനം നേടിയിരുന്നു. ഒളിമ്പിക് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ താരം കൂടിയായിരുന്നു കശ്യപ്.
2018 ഡിസംബറിലായിരുന്നു സൈനയും കശ്യപും തമ്മിലുള്ള വിവാഹം. ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാദമിയിലെ പരിശീലനത്തിനിടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയമായി വളരുന്നത്. വിവാഹത്തിനു പിന്നാലെ ഇരുവരും അക്കാദമി വിട്ടിരുന്നു.
Content Highlights: Badminton stars Saina Nehwal and Parupalli Kashyap denote separation








English (US) ·