
രജനീകാന്ത്, സൗബിൻ ഷാഹിർ, ആമിർ ഖാൻ
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമായ 'കൂലി'യിലെ സഹതാരങ്ങളായ സൗബിന്‍ ഷാഹിറിനെയും ആമിര്‍ ഖാനെയും കുറിച്ച് നടത്തിയ 'ബോഡി ഷെയ്മിങ്' പരാമര്‍ശങ്ങളെ തുടര്‍ന്ന് രൂക്ഷ വിമര്‍ശനം നേരിട്ട് രജനീകാന്ത്.
ഓഗസ്റ്റ് 2-ന് ചെന്നൈയില്‍ നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ രജനീകാന്ത് 40 മിനിറ്റ് നീണ്ട പ്രസംഗം നടത്തിയിരുന്നു. മികച്ച പ്രകടനത്തിന് ഇരുവരെയും പ്രശംസിക്കുന്നതിന് മുമ്പ് പ്രസംഗത്തിനിടെ സൗബിനെ 'കഷണ്ടിയുള്ളയാള്‍' എന്നും ആമിര്‍ ഖാനെ 'ഉയരം കുറഞ്ഞയാള്‍' എന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
സൗബിന്റെ സിനിമകള്‍ കണ്ടിട്ടില്ലാത്തതിനാല്‍ അദ്ദേഹത്തെ സിനിമയിലേക്ക് തിരഞ്ഞെടുത്തതില്‍ തുടക്കത്തില്‍ തനിക്ക് ആശങ്കയുണ്ടായിരുന്നുവെന്ന് രജനീകാന്ത് പ്രസംഗിക്കവെ വെളിപ്പെടുത്തി.
'ഞാന്‍ ലോകേഷിനോട് ചോദിച്ചു, 'ആരാണ് സൗബിന്‍? അദ്ദേഹം ഏതൊക്കെ സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്?' സൗബിന്‍ ഒരു പ്രധാന വേഷം ചെയ്ത 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന സിനിമയുടെ പേര് ലോകേഷ് പറഞ്ഞു. അദ്ദേഹത്തിന് കഷണ്ടിയായതുകൊണ്ട് ആ വേഷത്തിന് ചേരുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു, ഞാന്‍ അത് ചോദ്യം ചെയ്യുകപോലുമുണ്ടായി. എന്നാല്‍ ലോകേഷിന് അദ്ദേഹത്തില്‍ പൂര്‍ണ വിശ്വാസമുള്ളതുകൊണ്ട് ഞാന്‍ ഒടുവില്‍ മിണ്ടാതിരുന്നു' രജനീകാന്ത് പറഞ്ഞു.
'മൂന്നാം ദിവസം ഷൂട്ടിങില്‍ ചേര്‍ന്നാല്‍ മതിയെന്ന് ലോകേഷ് എന്നോട് പറഞ്ഞു. ആദ്യത്തെ രണ്ട് ദിവസം അദ്ദേഹം സൗബിന്റെ ഭാഗങ്ങള്‍ ചിത്രീകരിക്കുന്ന തിരക്കിലായിരുന്നു. ഒടുവില്‍ ഞാന്‍ സെറ്റിലെത്തിയപ്പോള്‍, അദ്ദേഹം സൗബിന്റെ സീനുകള്‍ എന്നെ കാണിച്ചു, ഞാന്‍ അത്ഭുതപ്പെട്ടുപോയി. എന്തൊരു നടന്‍! ഹാറ്റ്‌സ് ഓഫ്!', അദ്ദേഹം പറഞ്ഞു.
'കൂലി'യിലെ ആമിര്‍ ഖാന്റെ അതിഥി വേഷത്തെക്കുറിച്ച് ലോകേഷ് തന്നോട് പറഞ്ഞതിനെക്കുറിച്ചും രജനീകാന്ത് സംസാരിച്ചു. മറ്റൊരു അതിഥി വേഷം കൂടിയുണ്ടെന്ന് ലോകേഷ് പറഞ്ഞപ്പോള്‍ അത് കമല്‍ഹാസനായിരിക്കുമെന്ന് കരുതി താന്‍ പലതും ഭാവനയില്‍ കണ്ടുവെന്ന് രജനികാന്ത് പറഞ്ഞു.
'അത് ആമിര്‍ ഖാന്‍ ആണെന്ന് ലോകേഷ് പറഞ്ഞു. ഞാന്‍ ഒരു നിമിഷം നിശ്ശബ്ദനായി. ആമിര്‍ ആ വേഷം ചെയ്യാന്‍ സമ്മതിച്ചോ എന്ന് ഞാന്‍ ചോദിച്ചു. ഒരു തിരക്കഥ സമ്മതിക്കാന്‍ തന്നെ ആമിര്‍ ഖാന്‍ രണ്ട് വര്‍ഷമെടുക്കുമെന്നാണ് ഞാന്‍ കരുതിയത്. ഒരു സിനിമ ചെയ്യാന്‍ അദ്ദേഹം എത്ര വര്‍ഷമെടുക്കും? അങ്ങനെയൊരു പെര്‍ഫെക്ഷനിസ്റ്റ്. കമല്‍ഹാസനെപ്പോലെ, ഉത്തരേന്ത്യയിലെ താരമാണ് അദ്ദേഹം. ഒരിടത്ത് സല്‍മാന്‍ ഖാനും മറുവശത്ത് ഷാരൂഖ് ഖാനുമുണ്ട്. ഉയരം കുറവാണെങ്കിലും അവര്‍ക്കിടയില്‍ അദ്ദേഹം തലയുയര്‍ത്തി നില്‍ക്കുന്നു. എന്തൊരു ഇതിഹാസം! സര്‍, അങ്ങേയ്ക്ക് എന്റെ സല്യൂട്ട്.'
ആമിര്‍ ഖാനെയും സൗബിന്‍ ഷാഹിറിനെയും പ്രശംസിക്കുക എന്നതായിരുന്നു രജനികാന്തിന്റെ ഉദ്ദേശ്യമെങ്കിലും അദ്ദേഹം അതിനായി ഉപയോഗിച്ച പ്രയോഗങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍മീഡിയയിലടക്കം ചര്‍ച്ചയായിരിക്കുന്നത്.
'ചിരഞ്ജീവിയെയോ ബാലയ്യയെയോ മോഹന്‍ലാലിനെയോ ബച്ചനെയോ പോലുള്ളവരില്‍ നിന്നാണ് ഇത്തരം വാക്കുകള്‍ വന്നിരുന്നതെങ്കില്‍, ഈ ആളുകള്‍ അവരെ ചോദ്യം ചെയ്യാതെ വിടുമായിരുന്നോ എന്ന് ചിന്തിച്ചുനോക്കൂ?' എന്നാണ് ഒരാള്‍ ഇതിനോട് പ്രതികരിച്ച് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.
ഒരു വിഭാഗം ആളുകള്‍ രജനികാന്തിന്റെ വാക്കുകളെ ചോദ്യം ചെയ്തപ്പോള്‍, മറ്റു ചിലര്‍ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ടും രംഗത്തെത്തി.
ഓഗസ്റ്റ് 14-ന് 'കൂലി' തിയേറ്ററുകളിലെത്താനിരിക്കെയാണ് രജനീകാന്തിന്റെ പ്രസംഗത്തെ ചൊല്ലി ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.
Content Highlights: Rajinikanth Faces Backlash for Body-Shaming Comments
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·