Published: January 08, 2026 04:47 PM IST
1 minute Read
അഹമ്മദാബാദ് ∙ വിജയ് ഹസാരെ ട്രോഫിയിൽനിന്ന് കേരളം പുറത്ത്. ഏഴാം റൗണ്ട് മത്സരത്തിൽ തമിഴ്നാടിനെതിരെ 77 റൺസ് തോൽവി വഴങ്ങിയതോടെയാണ് കേരളം ടൂർണമെന്റിൽനിന്നു പുറത്തായത്. തമിഴ്നാട് ഉയർത്തിയ 295 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം, 40.1 ഓവറിൽ 217 റൺസിന് ഓൾഔട്ടായി.
അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ (45 പന്തിൽ 73), ബാബാ അപരാജിത് (35), വിഷ്ണു വിനോദ് (35), സൽമാൻ നിസാർ (25) എന്നിവർ കേരളത്തിനായി പൊരുതിയെങ്കിലും വിജയത്തിലെത്താനായില്ല. തോൽവിയോടെ പോയിന്റ് പട്ടികയിൽ, ഗ്രൂപ്പ് എയിൽ കേരളം രണ്ടാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേയ്ക്ക് വീഴുകയായിരുന്നു. കർണാടയ്ക്കെതിരെ വിജയിച്ച മധ്യപ്രദേശ് രണ്ടാം സ്ഥാനക്കാരായി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഒന്നാമതുള്ള കർണാടക നേരത്തെ തന്നെ ക്വാർട്ടർ ഉറപ്പിച്ചിരുന്നു.
ടോസ് നേടിയ കേരളം തമിഴ്നാടിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ക്യാപ്റ്റൻ എൻ.ജഗദീഷന്റെ (126 പന്തിൽ 139) ഉജ്വല സെഞ്ചറിയാണ് തമിഴ്നാടിനെ മികച്ച സ്കോറിലെത്തിച്ചത്. ഓപ്പണറായി ഇറങ്ങിയ ജഗദീഷൻ 46–ാം ഓവറിലാണ് പുറത്തായത്. അഞ്ച് സിക്സും ഒൻപതു ഫോറും അടങ്ങുന്നതായിരുന്നു ജഗദീഷന്റെ ഇന്നിങ്സ്. തമിഴ്നാട് ബാറ്റിങ് നിരയിൽ മറ്റാർക്കും കാര്യമായ സംഭാവന നൽകാനായില്ല. 35 റൺസെടുത്ത ഭൂപതി കുമാറാണ് ജഗദീഷനു ശേഷമുള്ള ടോപ് സ്കോറർ. ആറു വിക്കറ്റെടുത്ത ഏദൻ ആപ്പിൾ ടോം ആണ് തമിഴ്നാടിനെ പിടിച്ചുകെട്ടിയത്. അങ്കിത് ശർമ, ബിജു നാരായണൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ, മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിങ് വിക്കറ്റിൽ കൃഷ്ണ പ്രസാദും (14) ക്യാപ്റ്റൻ രോഹൻ കുന്നുമ്മലും ചേർന്ന് 57 റൺസ് കൂട്ടിച്ചേർത്തു. ഒൻപതാം ഓവറിൽ കൃഷ്ണ പ്രസാദിനെ പുറത്താക്കി സായ് കിഷോറാണ് കേരളത്തിന് ആദ്യ പ്രഹരമേൽപ്പിച്ചത്. രണ്ടാം വിക്കറ്റിൽ ബാബാ അപരാജിതും രോഹൻ കുന്നുമ്മലും ചേർന്ന് 60 റൺസ് സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തു. 16–ാം ഓവറിൽ രോഹൻ വീണപ്പോൾ ഒപ്പം കേരളവും വീഴുകയായിരുന്നു. പിന്നീട് കൃത്യമായി ഇടവേളകളിൽ വിക്കറ്റു വീണതോടെ മത്സരത്തിലേക്കു തിരിച്ചവരാനായില്ല. തമിഴ്നാടിനായി സച്ചിൻ രതി, മുഹമ്മദ് അലി എന്നിവർ നാല് വിക്കറ്റ് വീതം വീഴ്ത്തി.
English Summary:








English (US) ·