
സൂരജ് പഞ്ചോളി | ഫോട്ടോ: PTI
മുംബൈ: നടി ജിയാ ഖാന്റെ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട് തടവിൽ കഴിഞ്ഞ അനുഭവങ്ങൾ വിവരിച്ച് നടൻ സൂരജ് പഞ്ചോളി. ആർതർ റോഡ് ജയിലിൽ ഏകാന്ത തടവിലായിരുന്നു കഴിഞ്ഞതെന്ന് സൂരജ് പറഞ്ഞു. കഠിനമായ പീഡനമാണ് അധികാരികളിൽനിന്ന് നേരിടേണ്ടിവന്നത്. സെല്ലിൽ നിലത്ത് പത്രക്കടലാസ് വിരിച്ചാണ് ഉറങ്ങിയിരുന്നതെന്നും സൂരജ് ഓർത്തെടുത്തു.
ഹിന്ദി റഷിന് നൽകിയ അഭിമുഖത്തിലാണ് ജയിലിനുള്ളിൽ ചെലവഴിച്ച നാളുകളെക്കുറിച്ച് സൂരജ് വെളിപ്പെടുത്തിയത്. അതെല്ലാം മങ്ങിയ ഓർമയാണെന്ന് സൂരജ് പഞ്ചോളി പറഞ്ഞു. അന്ന് വെറും 21 വയസായിരുന്നു തനിക്ക്. മുംബൈ സ്ഫോടനക്കേസ് പ്രതി അജ്മൽ കസബിനെ പാർപ്പിച്ച അതേ സെല്ലിലായിരുന്നു തന്നെയും ഇട്ടത്. ബോംബ് സ്ഫോടനം നടത്തിയ ആളെന്നപോലെയാണ് തന്നോട് ജയിലധികൃതര്‍ പെരുമാറിയതെന്നും സൂരജ് പഞ്ചോളി തുറന്നുപറഞ്ഞു.
"എനിക്ക് തലയിണ പോലും ഉണ്ടായിരുന്നില്ല. പത്രക്കടലാസുകൾ നിലത്തുവിരിച്ചാണ് ഉറങ്ങിയത്. ഭീകരമായ എന്തോ കുറ്റം ചെയ്തതുപോലെ അവർ എന്നോട് വളരെ മോശമായി പെരുമാറി. ഞാൻ ഒട്ടും അതിശയോക്തി പറയുന്നില്ല. ഞാൻ എന്തെല്ലാമാണ് യഥാർത്ഥത്തിൽ അനുഭവിച്ചത് എന്ന് നാലോ അഞ്ചോ വർഷങ്ങൾക്ക് ശേഷമാണ് മനസ്സിലായത്. അന്ന് അതെല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നിയത്." നടൻ കൂട്ടിച്ചേർത്തു.
നിശ്ശബ്ദ്, ഗജിനി തുടങ്ങിയ സിനിമകളിലൂടെ ഏറെ ശ്രദ്ധേയയായ ജിയാ ഖാനെ 2013 ജൂൺ 3-ന് മുംബൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്നുനടന്ന അന്വേഷണത്തിൽ ഇവരുടെ കാമുകനെന്ന് പറയപ്പെട്ടിരുന്ന സൂരജ് പഞ്ചോളിയെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. അഭിനേതാക്കളായ ആദിത്യ പഞ്ചോളിയുടെയും സറീന വഹാബിന്റെയും മകനാണ് സൂരജ്. സൂരജുമായുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിക്കുന്ന ആറ് പേജ് വരുന്ന കുറിപ്പിനെ അടിസ്ഥാനമാക്കിയായിരുന്നു കേസ്.
21 ദിവസങ്ങളാണ് സൂരജ് ജയിലിൽക്കഴിഞ്ഞത്. 2023-ൽ ഈ കേസിൽനിന്ന് സൂരജിനെ വെറുതെ വിട്ടു. പ്രിൻസ് ധിമാൻ സംവിധാനം ചെയ്ത ചരിത്ര ആക്ഷൻ ചിത്രമായ കേസരി വീറിലാണ് സൂരജ് അവസാനമായി പ്രത്യക്ഷപ്പെട്ടത്. സുനിൽ ഷെട്ടി, വിവേക് ഒബ്രോയ്, ബർഖ ബിഷ്ത്, അരുണ ഇറാനി, ആകാംഷ ശർമ്മ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
Content Highlights: Sooraj Pancholi reveals his harrowing Arthur Road Jail experience, solitary confinement
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·