26 June 2025, 04:06 PM IST

സൗബിൻ ഷാഹിർ, ചിത്രത്തിൻ്റെ പോസ്റ്റർ | ഫോട്ടോ: സിദ്ദിഖുൽ അക്ബർ/മാതൃഭൂമി
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പുകേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിനും സഹനിര്‍മാതാക്കളായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും മുന്‍കൂര്‍ ജാമ്യം. കേസിന് കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്യേണ്ട സ്വഭാവമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ലാഭവിഹിതം പങ്കിടുന്നതും നിക്ഷേപം നടത്തിയ രീതിയുമാണ് കേസിന്റെ അടിസ്ഥാനമെന്നതിനാല്‍, അത്തരം കാര്യങ്ങള്‍ രേഖാമൂലമുള്ള തെളിവുകളെ ആശ്രയിച്ചുള്ളതാണെന്ന് കരുതുന്നു. എല്ലാസാഹചര്യങ്ങളിലും കസ്റ്റഡിയിലെ ചോദ്യംചെയ്യല്‍ ആവശ്യമില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി.
അന്വേഷണത്തോട് സഹകരിക്കണമെന്ന് സൗബിനോടും ഷോണ്‍ ആന്റണിയോടും കോടതി നിര്‍ദേശിച്ചു. ഇരുവരും ജൂലായ് ഏഴിന് അന്വേഷണ ഉദ്യോഗസ്ഥനുമുമ്പില്‍ ഹാജരാവണം. ആവശ്യമെങ്കില്‍ എട്ടാം തീയതിയും ഹാജരാവണമെന്നും കോടതി ആവശ്യപ്പെട്ടു.
പറവ ഫിലിംസ് എല്‍എല്‍പിയില്‍ പങ്കാളികളാണ് സൗബിനും ഷോണും ബാബു ഷാഹിറും. 2022-ല്‍ സിറാജ് വലിയതറ ഹമീദുമായി ഇവര്‍ ഏഴുകോടിയുടെ കരാര്‍ ഉണ്ടാക്കി. 'മഞ്ഞുമ്മല്‍ ബോയ്‌സി'ന്റെ നിര്‍മാണത്തിനായി 40% ലാഭവിഹിതം വാഗ്ദാനംചെയ്തായിരുന്നു കരാര്‍. എന്നാല്‍, ലാഭവിഹിതം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിറാജ് പോലീസില്‍ പരാതിപ്പെട്ടത്.
പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പോലീസ് ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. മൂവരേയും കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്നും പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
Content Highlights: Soubin Shahir, Babu Shahir and Shawn Antony get pre-arrest bail successful the Manjummel Boys case
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·