Published: April 15 , 2025 06:07 PM IST Updated: April 15, 2025 07:19 PM IST
1 minute Read
മുംബൈ∙ ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും അലട്ടുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്ക് സഹായഹസ്തവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ. ആശുപത്രിയിലെ ബിൽ അടയ്ക്കാൻ പോലും പണമില്ലാതെ ബുദ്ധിമുട്ടുന്ന കാംബ്ലിയെ സഹായിക്കുമെന്ന വാഗ്ദാനം പാലിച്ചാണ്, താരത്തിന് സാമ്പത്തിക സഹായം ഗാവസ്കർ ഉറപ്പാക്കിയത്. ഇതുപ്രകാരം പ്രതിമാസം 30,000 രൂപവീതം കാംബ്ലിക്ക് ലഭിക്കും.
ഗാവസ്കറിന്റെ നേതൃത്വത്തിലുള്ള ചാംപ്സ് (CHAMPS) ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് കാംബ്ലിക്കുള്ള ധനസഹായം ഏർപ്പെടുത്തിയിരിക്കുന്നത്. 1999ൽ സ്ഥാപിതമായ ഫൗണ്ടേഷനാണിത്. പ്രതിമാസം ലഭിക്കുന്ന 30,000 രൂപയ്ക്കു പുറമേ, മെഡിക്കൽ ചെലവിനായി 30,000 രൂപ പ്രതിവർഷം നൽകുമെന്നും വാഗ്ദാനമുണ്ട്. ഏപ്രിൽ ഒന്നുമുതൽ വാഗ്ദാനം ചെയ്ത തുക ലഭ്യമാക്കുമെന്നാണ് അറിയിപ്പ്.
നേരത്തെ, മുംബൈ ക്രിക്കറ്റ് അസോസിയേഷൻ മുൻ താരങ്ങളെ ആദരിക്കാൻ നടത്തിയ പരിപാടിക്കിടെ കണ്ടുമുട്ടിയപ്പോഴാണ് കാംബ്ലിയെ സഹായിക്കുമെന്ന് ഗാവസ്കർ വാക്കുനൽകിയത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലായിരുന്നു കാംബ്ലി. വേദിയിൽ നടക്കാൻ ബുദ്ധിമുട്ടിയ കാംബ്ലി, സുനിൽ ഗാവസ്കറെ കണ്ടപ്പോൾ കാൽ തൊട്ട് അനുഗ്രഹം വാങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
അണുബാധയും തലയിൽ രക്തം കട്ടപിടിക്കുകയും ചെയ്തതിനെ തുടർന്നാണ് കാംബ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദിവസങ്ങൾ നീണ്ട ആശുപത്രി വാസത്തിനു ശേഷവും താരം ചികിത്സ തുടർന്നിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന കാംബ്ലിയും കുടുംബവും ബിസിസിഐ നൽകുന്ന 30,000 രൂപ പ്രതിമാസ പെൻഷന്‍ ഉപയോഗിച്ചാണു ജീവിക്കുന്നത്. ഇതിനു പുറമേയാണ് ഗാവസ്കറും പ്രതിമാസം 30,000 രൂപ ലഭ്യമാക്കുന്നത്.
English Summary:








English (US) ·