'കാട്ടാളനി'ലെ പാൻ ഇന്ത്യൻ എൻട്രി! പ്രേക്ഷകരെ ഞെട്ടിക്കാൻ സുനിലും കബീർ ദുഹാൻ സിങും  എത്തുന്നു

7 months ago 7

'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്‌സ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളനി’ൽ വിസ്മയിപ്പിക്കാൻ ഇന്ത്യൻ സിനിമയിലെ തന്നെ ശ്രദ്ധേയ താരങ്ങളായ സുനിലും കബീർ ദുഹാൻ സിങും എത്തുന്നു. 'പുഷ്പ', 'ജയിലർ', 'ഗുഡ് ബാഡ് അഗ്ലി', 'അല വൈകുണ്ഡപുരമുലൂ', 'മാവീരൻ', 'മാർക്ക് ആന്‍റണി', 'മഗധീര' തുടങ്ങി ഒട്ടേറെ സിനിമകളിൽ അതിശയിപ്പിക്കുന്ന പ്രകടനം നടത്തിയിട്ടുള്ളയാളാണ് തമിഴ്, തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയനായ സുനിൽ. രണ്ട് പതിറ്റാണ്ടിലേറെയായി സിനിമാലോകത്തുള്ള സുനിൽ ഇതിനകം ഇരുന്നൂറിലേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഇതാദ്യമായാണ് അദ്ദേഹം മലയാള സിനിമയുടെ ഭാഗമാകാനായി എത്തുന്നത്.

ഇന്ത്യൻ സിനിമയിലെ അതിശക്തരായ ഓൺ-സ്‌ക്രീൻ വില്ലന്മാരിൽ പ്രധാനിയായ കബീർ ദുഹാൻ സിംഗ് ' മാർക്കോ'യിലൂടെ 'ദ മോസ്റ്റ് ബ്രൂട്ടലിസ്റ്റിക് വില്ലൻ' എന്ന് പേരെടുത്തു കഴിഞ്ഞിട്ടുണ്ട്. ‘തമിഴിൽ 'വേതാള'ത്തിലും 'കാഞ്ചന 3' യിലും അഭിനയിച്ച് ശ്രദ്ധേയനായ കബീർ വീണ്ടും മലയാളത്തിൽ അമ്പരപ്പിക്കാൻ എത്തുകയാണ്. 'കാട്ടാളനി'ൽ കിടിലൻ മേക്കോവറിൽ ഇരുവരും എത്തുമ്പോൾ പ്രേക്ഷകർ ഏറെ ആകാംക്ഷയിലാണ്. ചിത്രത്തിൽ ആക്ഷനൊരുക്കാൻ എത്തുന്നത് ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണെന്ന് സൂചന. കെച്ച കെംബഡികെയെ നേരിൽ കണ്ട് സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ടിരുന്നു 'കാട്ടാളൻ' ടീം. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ കെച്ച കെംബഡികെയുടെ മലയാളത്തിലെ അരങ്ങേറ്റം 'കാട്ടാളനി'ലൂടെയാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ സിനിമാ പ്രേക്ഷകർ.

ആന്‍റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ള വരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ഒരുമിക്കുന്നതെന്നാണ് സൂചന. സിനിമയുടേതായി പുറത്തിറങ്ങിയ മനുഷ്യനും കാട്ടാനയും തമ്മിലുള്ള ശക്തമായ ഒരു സംഘട്ടനത്തെ സൂചിപ്പിക്കുന്ന പോസ്റ്റർ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. 'കാന്താര ചാപ്റ്റർ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. സിനിമയുടെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. ശ്രദ്ധേയ ഛായാഗ്രാഹകൻ രെണദേവാണ് ഡിഒപി. എം.ആർ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി.

ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ "ആന്‍റണി വർഗ്ഗീസ്" എന്ന പേരിൽ തന്നെയാണ് എത്തുന്നതെന്ന പ്രത്യേകത കൂടി മുൻ പോസ്റ്ററുകളിൽ പങ്കുവെച്ചിരുന്നു. മലയാള സിനിമയിലേക്ക് ഒരുപിടി കഴിവുറ്റ കലാകാരന്മാർക്ക് അവസരം നൽകുക മാത്രമല്ല, മറ്റു ഭാഷ ചിത്രങ്ങൾ പോലെ നമ്മുടെ സിനിമകളെ വേറൊരു തലത്തിൽ എത്തിക്കാൻ പോന്ന സാങ്കേതിക മികവും, പ്രൊഡക്ഷൻ ക്വാളിറ്റിയും നൽകി കൊണ്ട് 'മാർക്കോ' പോലെയോ അതിനേക്കാൾ ഉയരത്തിലോ ഇനിയും വിജയങ്ങൾ കൊയ്തെടുക്കാനുള്ള തയ്യാറെടുപ്പിലുമാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്. മലയാളത്തിൽ നിന്നും മറ്റ് ഭാഷകളിൽ നിന്നുമായി പ്രഗത്ഭരായ സാങ്കേതിക വിഭാഗം ഈ ചിത്രത്തിനായി ഒരുങ്ങുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. എന്തായാലും അടുത്ത അപ്ഡേറ്റഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ ആതിര ദിൽജിത്ത്.

Content Highlights: Kaattaalan: Pan-Indian Action Thriller

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article