കാണികൾക്ക് കടിഞ്ഞാണിട്ട് ‌ദുബായ് പൊലീസ്, അതിക്രമം നടത്തിയാൽ 7.2 ലക്ഷം രൂപ വരെ പിഴയും തടവും

4 months ago 5

മിന്റു പി.ജേക്കബ്

Published: September 14, 2025 08:18 AM IST

1 minute Read

CRICKET-ASIA-2025-T20-IND-PAK
ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും ദേശീയ പതാകകള്‍ ശരീരത്തിൽ വരച്ച ആരാധകർ ഏഷ്യാകപ്പ് ട്രോഫിയുടെ മോഡലുമായി. Photo: SAM PANTHAKY / AFP

ദുബായ് ∙ ഇന്ത്യ – പാക്കിസ്ഥാൻ മത്സരത്തിൽ കാണികളുടെ ആവേശം അതിരുവിടാതിരിക്കാൻ കടുത്ത നടപടികളുമായി ദുബായ് പൊലീസ്. ഗാലറിയിലോ പുറത്തോ പ്രകോപനമുണ്ടായാൽ 5000 മുതൽ 30,000 ദിർഹം വരെ (1.2 ലക്ഷം രൂപ മുതൽ 7.2 ലക്ഷം രൂപ വരെ) പിഴയും 3 വർഷം വരെ തടവും ലഭിക്കുമെന്ന് പൊലീസ് മുന്നറിയിപ്പു നൽകി. തടവു ശിക്ഷ കഴിഞ്ഞാൽ നാടു കടത്തും.

പിന്നീട്, ജോലി ആവശ്യങ്ങൾക്കായി തിരികെ വരാൻ കഴിയാത്ത വിധത്തിൽ വിലക്കുമുണ്ടാകും. ദുബായിലെ ദെയ്റ, ബർദുബായ്, മീന ബസാർ, നൈഫ്, കരാമ, ഖിസൈസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നൂറു കണക്കിന് ആളുകൾ പങ്കെടുക്കുന്ന വിജയാഹ്ലാദ പ്രകടനങ്ങൾ പതിവായ സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.

സ്റ്റേഡിയത്തിനുള്ളിൽ ലേസറുകൾ, ക്യാമറ ഹോൾഡറുകൾ, സെൽഫി സ്റ്റിക്കുകൾ, മൂർച്ചയുള്ള ഉപകരണങ്ങൾ, ക്യാമറകൾ, വിഷപദാർഥങ്ങൾ, ബാനറുകൾ, പതാകകൾ, റിമോട്ട് നിയന്ത്രിത ഉപകരണങ്ങൾ, സൈക്കിളുകൾ, സ്കേറ്റ് ബോർഡുകൾ, സ്കൂട്ടറുകൾ, ഗ്ലാസ് നിർമിത വസ്തുക്കൾ തുടങ്ങിയവ  പ്രവേശിപ്പിക്കില്ല.

കാണികളുടെയും ജീവനക്കാരുടെയും സന്നദ്ധ പ്രവർത്തകരുടെയും ജീവന് അപകടമുണ്ടാക്കുന്ന ഒരു വസ്തുവും സ്റ്റേഡിയത്തിലോ പരിസരത്തോ അനുവദിക്കില്ല. കാണികൾ സാധനങ്ങൾ വലിച്ചെറിയുന്നതും നിരീക്ഷിക്കും. മത്സരത്തിനിടെ വംശീയാധിക്ഷേപ പരാമർശങ്ങൾ നടത്തിയാൽ തടവും ശിക്ഷയും ലഭിക്കും. 

മൽസരം കാണാനെത്തുന്നവർ 3 മണിക്കൂർ മുൻപെങ്കിലും സ്റ്റേഡിയത്തിൽ പ്രവേശിക്കണം. ഒരിക്കൽ പ്രവേശിച്ചു കഴിഞ്ഞാൽ പിന്നെ പുറത്തിറങ്ങാൻ കഴിയില്ല. പുറത്തിറങ്ങുന്നവർക്കു പിന്നീടു പ്രവേശനവും നൽകില്ല.

English Summary:

India-Pakistan Match: Dubai Police Announce Rs 7.2 Lakh Fine, Jail for Violations

Read Entire Article