കാതിലുണ്ട് ഗാനഗന്ധര്‍വന്റെ ആ  'ഹലോ' | അപൂര്‍വ സൗഹൃദത്തിന്റെ കഥ

5 months ago 6

പകരം വെക്കാനാവാത്ത ചില മുഹൂര്‍ത്തങ്ങളുണ്ട് ജീവിതത്തില്‍. നിനച്ചിരിക്കാതെ പൊട്ടിവീഴുന്ന അനര്‍ഘ നിമിഷങ്ങള്‍. 1980 കളുടെ മധ്യത്തിലാവണം. ചെന്നൈയില്‍ താമസിച്ച് കാന്ത ചികിത്സക്ക് വിധേയനായിക്കൊണ്ടിരിക്കുകയാണ് മുല്ലശ്ശേരി രാജഗോപാല്‍ എന്ന രാജുമ്മാമ. ചികിത്സ ഏര്‍പ്പാടാക്കിയത് അടുത്ത സുഹൃത്ത് കൂടിയായ യേശുദാസ്.

പക്ഷാഘാതം വന്ന് മുല്ലശ്ശേരിയിലെ കിടപ്പുമുറിയുടെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയ രാജുവിനെ കാണാന്‍ ഇടയ്ക്കിടെ വരും യേശുദാസ്. പഴയ കഥകളും പാട്ടോര്‍മകളും പങ്കുവെക്കും. കിടക്ക വിട്ട് പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാന്‍ കഴിയുമെന്ന മോഹം മിക്കവാറും ഉപേക്ഷിച്ചുകഴിഞ്ഞിരുന്നു അപ്പോഴേക്കും രാജുമ്മാമ. ചക്രക്കസേരയിലും കിടക്കയിലും തളച്ചിടപ്പെട്ട സ്വന്തം ജീവിതത്തെ എന്നിട്ടും വിടര്‍ന്ന ചിരിയോടെ, പ്രസാദാത്മകമായി മാത്രം നോക്കിക്കാണാന്‍ ശ്രമിച്ചു അദ്ദേഹം.

ചുറ്റും ചടുലവേഗത്തില്‍ ചലിച്ചുകൊണ്ടിരുന്ന ലോകത്തിന്റെ ഭാഗമാകാന്‍ കൊതിച്ചിരുന്നില്ലേ രാജുമ്മാമ ? ഉണ്ടാവാം. എങ്കിലും അത്തരമൊരു 'ഉയിര്‍ത്തെഴുന്നേല്‍പ്പ്' ഇനിയില്ല എന്ന് അതിനകം വിധിയെഴുതിക്കഴിഞ്ഞിരുന്നു വൈദ്യലോകം. ശിഷ്ടജീവിതം കിടക്കയില്‍ തന്നെ ചെലവഴിക്കാനാണ് യോഗം. പ്രതീക്ഷയുടെ അവസാന തുള്ളി വെളിച്ചവും അണഞ്ഞുതുടങ്ങിയെന്ന് രാജുമ്മാമ പോലും വിശ്വസിച്ചുതുടങ്ങിയ നാളുകള്‍.

അങ്ങനെ വിശ്വസിക്കാന്‍ കൂട്ടാക്കാത്ത അപൂര്‍വം ചിലരില്‍ ഒരാളായിരുന്നു യേശുദാസ്. വര്‍ഷങ്ങളായി അടുപ്പമുള്ള പ്രിയ സുഹൃത്ത് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത് കാണാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ച ഒരാള്‍.

'എടാ രാജൂ, എണീറ്റ് നടക്കണ്ടേ നിനക്ക് ?' - ഒരുനാള്‍ യേശുദാസ് ചോദിച്ചു.

അപ്രതീക്ഷിതമായ ആ ചോദ്യത്തിന് മുന്നില്‍ വികാരാധീനനായി രാജുമ്മാമ. 'മോഹിച്ചിട്ടെന്ത് കാര്യം ? നമുക്ക് ഗുരുവായൂരപ്പന്‍ വിധിച്ചിട്ടുള്ളത് ഇതാവാം..'

മറിച്ചാണെങ്കിലോ എന്ന് യേശുദാസ്. ഒരു ശ്രമം നടത്തിനോക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. മാഗ്‌നെറ്റിക് തെറാപ്പിക്ക് പേരുകേട്ട ചെന്നൈയിലെ ഒരു സ്ഥാപനത്തില്‍ രാജുമ്മാമക്ക് വിദഗ്ധ ചികിത്സ ഏര്‍പ്പാടാക്കുന്നു യേശുദാസ്. പക്ഷാഘാതം വന്നവരെ പോലും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന പാരമ്പര്യമുള്ള സ്ഥാപനമാണ്. ഒരു പരീക്ഷണം നടത്തിനോക്കാം. ചിലപ്പോള്‍ ഫലിച്ചാലോ ?

എവിടെ താമസിച്ചു ചികിത്സിക്കും എന്നതായിരുന്നു അപ്പോള്‍ രാജുമ്മാമയുടെയും ബേബിമ്മായിയുടേയും മുന്നിലുണ്ടായിരുന്ന ചോദ്യം. കൂട്ടുകാരന്റെ മനസ്സ് വായിച്ചറിഞ്ഞ യേശുദാസ് പറഞ്ഞു: 'അതോര്‍ത്ത് വിഷമിക്കേണ്ട. എന്റെ വീടുണ്ട് നിങ്ങള്‍ക്ക് താമസിക്കാന്‍. നീ എന്റെ കുടുംബാംഗം തന്നെയല്ലേ? അവിടെ താമസിച്ചാല്‍ മതി.'

നിറഞ്ഞ കണ്ണുകളോടെ ആ വാക്കുകള്‍ കേട്ടിരുന്നു ദമ്പതിമാര്‍.

അധികം വൈകാതെ യേശുദാസിന്റെ അനുഗ്രഹാശിസ്സുകളോടെ ഏകമകളോടൊപ്പം ഇരുവരും ചെന്നൈയിലേക്ക് പുറപ്പെടുന്നു. യാത്രയാക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ ചെന്നപ്പോള്‍ ഒരു ഫോണ്‍ നമ്പര്‍ കയ്യിലേല്‍പ്പിച്ചു ബേബിമ്മായി. എന്നിട്ട് പറഞ്ഞു: 'ഈ നമ്പറില്‍ വിളിച്ചാല്‍ ഞങ്ങളെ കിട്ടും. ദാസേട്ടന്റെ ഏതെങ്കിലും ശിഷ്യന്മാരാകും എടുക്കുക. അല്ലെങ്കില്‍ വീട്ടിലെ ജോലിക്കാര്‍. അവര്‍ ഞങ്ങള്‍ക്ക് കണക്ട് ചെയ്‌തോളും.'

ശ്വാസം വിടാന്‍ പോലും സമയമില്ലാതെ ചെന്നൈയിലും മുംബൈയിലും വിദേശത്തുമൊക്കെയായി പറന്നുനടക്കുകയാണ് അന്ന് ഗാനഗന്ധര്‍വന്‍. അപൂര്‍വമായേ അദ്ദേഹവും ഭാര്യയും വീട്ടിലുണ്ടാകൂ. എങ്കിലും രാജുമ്മാമയുടെ ചികിത്സാവിവരങ്ങള്‍ കൂടെക്കൂടെ വിളിച്ചന്വേഷിക്കാന്‍ മറക്കാറില്ല യേശുദാസ്.

കോഴിക്കോട് ചാലപ്പുറത്തു കൂടി ഒരിക്കല്‍ നടന്നുപോകുമ്പോള്‍ വെറുതെ മുല്ലശ്ശേരിയുടെ പൂമുഖത്തേക്ക് നോക്കി. ഗേറ്റും വാതിലുകളും ജനലുകളും അടഞ്ഞുകിടക്കുന്നു. മുറ്റത്ത് വാത്സല്യപൂര്‍വ്വം ബേബിമ്മായി നട്ടുവളര്‍ത്തിയ പൂച്ചെടികള്‍ക്ക് പോലും മ്ലാനഭാവം. അങ്ങനെയൊരവസ്ഥയില്‍ അതുവരെ കണ്ടിട്ടേയില്ല മുല്ലശ്ശേരിയെ. സുഹൃത്തുക്കള്‍ക്ക് വേണ്ടി രാപ്പകലെന്നില്ലാതെ തുറന്നുകിടന്ന വാതിലുകള്‍ അടഞ്ഞു കിടക്കുന്നത് കണ്ടപ്പോള്‍ ഉള്ളില്‍ അജ്ഞാതമായ ഒരു നൊമ്പരം.

അന്ന് രാത്രി തന്നെ താമസിക്കുന്ന ഹോസ്റ്റലിലെ ലാന്‍ഡ് ഫോണില്‍ നിന്ന് ചെന്നൈ നമ്പറിലേക്ക് വിളിച്ചു. വിളിക്കാതിരിക്കാനായില്ല എന്നതാണ് സത്യം. മുല്ലശ്ശേരിയുടെ ആത്മാവിന്റെ ഭാഗമായിരുന്നല്ലോ ഞാനും എന്റെ കൗമാരയൗവനങ്ങളും.

വിളിച്ചപ്പോള്‍ മറുതലയ്ക്കല്‍ നിലയ്ക്കാത്ത മണിനാദം. ആരും ഫോണെടുക്കുന്നില്ല. സമയം വൈകിയതുകൊണ്ടാവാം. ഒരു ശ്രമം കൂടി നടത്തുക തന്നെ. പ്രതികരണമില്ലെങ്കില്‍ പിന്മാറാം.

വീണ്ടും ഡയല്‍ ചെയ്ത് തമിഴ് ചുവയുള്ള ഹലോ പ്രതീക്ഷിച്ചു നില്‍ക്കവേ, അപ്പുറത്ത് ആരോ ഫോണെടുക്കുന്നു.

നിമിഷനേരത്തെ മൗനം. അതുകഴിഞ്ഞൊരു ഹലോ. പ്രതീക്ഷിച്ച പോലെ തമിഴ് ചുവയുള്ള ഹലോ അല്ല. അഗാധഗാംഭീര്യമാര്‍ന്ന ഒരു ഹലോ.

'യേശുദാസ്.' - ആ ശബ്ദം പറഞ്ഞു. 'ആരാണ് വിളിക്കുന്നത് ?'

സത്യമോ അതോ മിഥ്യയോ എന്നറിയാതെ തരിച്ചുനിന്ന നിമിഷം.

സംഗീതസാന്ദ്രമായ ഒരു കാലം മുഴുവന്‍ മനസ്സിലേക്ക് ഇരമ്പിക്കയറി വന്നു ആ ശബ്ദത്തിനൊപ്പം. നിമിഷാര്‍ദ്ധം കൊണ്ട് കൗമാരയൗവനങ്ങള്‍ പിന്നിട്ട് കുട്ടിക്കാലത്തേക്ക് കുതിച്ചു മനസ്സ്. അതുവരെയുള്ള ജീവിതത്തിലുടനീളം കൈപിടിച്ച് കൂടെ നടത്തിയ നൂറുനൂറു പാട്ടുകളുണ്ടായിരുന്നു പശ്ചാത്തലത്തില്‍. ജീവിക്കാന്‍ കൊള്ളാവുന്നതാണ് ജീവിതം എന്ന് നിരന്തരം കാതില്‍ മന്ത്രിച്ചുകൊണ്ടിരുന്ന പാട്ടുകള്‍. ഏതോ സ്വപ്നലോകത്തായിരുന്നു അപ്പോള്‍.

അതേ ശബ്ദത്തില്‍ ഒരു ഹലോ കൂടി കേള്‍ക്കേണ്ടിവന്നു സ്വപ്നത്തില്‍ നിന്നുണരാന്‍. ആദ്യം പേര് പറഞ്ഞു. പിന്നെ ആവശ്യവും. 'മരുമകനാണല്ലേ?' - എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ ശബ്ദം മൊഴിയുന്നു. 'രാജു പറഞ്ഞിരുന്നു.'

കഴിഞ്ഞു. ഒരു മഴ പെയ്തു തോര്‍ന്നപോലെ. ഫോണ്‍ രാജുമ്മാമയുടെ മുറിയിലേക്ക് കണക്റ്റ് ചെയ്ത് നിഷ്‌ക്രമിക്കുന്നു ഗന്ധര്‍വഗായകന്‍.

രണ്ടു ഘട്ടങ്ങളിലായി എട്ടു മാസം അഭിരാമപുരത്തുള്ള യേശുദാസിന്റെ വീട്ടില്‍ താമസിച്ചു ചികിത്സക്ക് വിധേയനായി നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ പൂര്‍വാധികം ഉന്മേഷവാനായിരുന്നു രാജുമ്മാമ. പ്രിയസുഹൃത്തിന്റെ വീട്ടില്‍ കുറച്ചുകാലം താമസിക്കാനായി എന്നതായിരുന്നു ഏറ്റവും വലിയ സന്തോഷം. അവിടത്തെ അന്തരീക്ഷം മുഴുവന്‍ സംഗീതമല്ലേ ? ഒരു ചികിത്സക്കും പൂര്‍ണമായി ഭേദപ്പെടുത്താന്‍ കഴിയാത്ത വണ്ണം നിയന്ത്രണാതീതമാണ് തന്റെ രോഗാവസ്ഥ എന്നറിഞ്ഞുകൊണ്ടുതന്നെ ചക്രക്കസേരയിലിരുന്ന് ജീവിതത്തെ തുടര്‍ന്നും പ്രസാദാത്മകമായിത്തന്നെ നോക്കിക്കണ്ടു മുല്ലശ്ശേരിയുടെ രാജകുമാരന്‍. 'കുറച്ചുകാലം കൂടി ജീവിച്ചുപോകാം എന്ന ആത്മവിശ്വാസമുണ്ട് ഇപ്പോള്‍; ഗുരുവായൂരപ്പന്‍ കനിയുമെങ്കില്‍..' - ആയിടക്കൊരിക്കല്‍ അദ്ദേഹം പറഞ്ഞു.'

ഗുരുവായൂരപ്പന് എങ്ങനെ കനിയാതിരിക്കാന്‍ കഴിയും? പിന്നെയും ഒന്നരപ്പതിറ്റാണ്ടിലേറെക്കാലം ആഘോഷപൂര്‍വം ജീവിച്ചു രാജുമ്മാമ. പാട്ടും സദിരും സൗഹൃദങ്ങളും സ്‌നേഹസല്ലാപങ്ങളുമായി, വീല്‍ ചെയറിലിരുന്നു തന്നെ.

ഓര്‍മ്മകള്‍ മരിക്കുന്നില്ല. നാല് ദശകങ്ങള്‍ക്കിപ്പുറവും കാതിലുണ്ട് അന്നത്തെ ആ അപ്രതീക്ഷിത 'ഹലോ.' പിന്നീടെത്രയോ വട്ടം യേശുദാസുമായി സംസാരിച്ചിട്ടുണ്ടാകും; ഫോണിലും നേരിട്ടും. ഇപ്പോഴും ഇടക്കൊക്കെ സംസാരിക്കുന്നു. എങ്കിലും ആ ആദ്യ ഹലോ പകര്‍ന്ന രോമാഞ്ചം അതേ പടി.

പകരം വെക്കാനാവില്ലാത്ത അത്തരം മുഹൂര്‍ത്തങ്ങള്‍ കൂടി ചേര്‍ന്നതാണല്ലോ നമ്മുടെ ഈ കൊച്ചു ജീവിതം.

Content Highlights: A heartwarming communicative of relationship betwixt euphony fable Yesudas and Rajummaman.

ABOUT THE AUTHOR

ഗ്രന്ഥകർത്താവ്,മാതൃഭൂമി സീനിയർ കണ്ടന്റ് സ്പെഷ്യലിസ്റ്റ്, ക്ലബ് എഫ്.എം. മുൻ മ്യൂസിക്ക് ഹെഡ്

More from this author

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article