Published: June 21 , 2025 09:45 AM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കു തിരിച്ചെത്തിയതിനു പിന്നാലെ ആഭ്യന്തര ക്രിക്കറ്റിൽ ടീം മാറ്റത്തിനു തയാറെടുത്ത് മലയാളി ക്രിക്കറ്റ് താരം കരുൺ നായർ. വിദർഭ വിടുന്ന കരുൺ നായർ കർണാടക ടീമിനൊപ്പം ചേരും. രഞ്ജി ട്രോഫിയിലെ നിലവിലെ ചാംപ്യൻമാരാണ് വിദർഭ. വിദർഭയുടെ മറ്റൊരു താരമായ ജിതേഷ് ശർമ ബറോഡയിലായിരിക്കും അടുത്ത സീസണിൽ കളിക്കുക. കഴിഞ്ഞ ആഭ്യന്തര സീസണിൽ വിദർഭയുടെ കുതിപ്പിൽ നിർണായക പങ്കുവഹിച്ച ബാറ്റർമാരാണ് കരുൺ നായരും ജിതേഷ് ശർമയും.
രഞ്ജി ട്രോഫി 2024–25 സീസണിൽ 863 റണ്‍സടിച്ച കരുൺ, ടൂർണമെന്റിലെ റൺവേട്ടക്കാരിൽ നാലാം സ്ഥാനത്തെത്തിയിരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ 779 റൺസാണു കരുൺ നായർ സ്വന്തമാക്കിയത്. 2023–24 സീസണിലായിരുന്നു കരുൺ നായർ കർണാടക വിട്ട് വിദര്‍ഭയിലേക്കു പോയത്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ താരം കർണാടക ടീമിലേക്കു തന്നെ തിരിച്ചുപോരാൻ തീരുമാനിക്കുകയായിരുന്നു.
കരുൺ കർണാടകയിലേക്കു തിരിച്ചെത്തുമെന്ന കാര്യം സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികളും സ്ഥിരീകരിച്ചിട്ടുണ്ട്. ബറോഡയിലേക്കുള്ള ജിതേഷ് ശർമയുടെ മാറ്റം രണ്ടു ദിവസത്തിനകം പൂർത്തിയാക്കുമെന്ന് ബറോഡ ക്രിക്കറ്റ് അസോസിയേഷനും അറിയിച്ചു.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വിദർഭയുടെ ക്യാപ്റ്റനായിരുന്നു ജിതേഷ് ശർമ. രഞ്ജി ട്രോഫിയിൽ താരം കളിച്ചിരുന്നില്ല. ഐപിഎലിൽ ആർസിബിക്കു വേണ്ടി ഫൈനലിലടക്കം തിളങ്ങിയ ജിതേഷ് ശർമ മികച്ച ഫോമിലാണ്. കഴിഞ്ഞ സീസണിൽ ആർസിബിക്കായി 15 മത്സരങ്ങൾ കളിച്ച താരം 261 റൺസെടുത്തിരുന്നു.
English Summary:








English (US) ·