'കാത്തിരിപ്പിനോളം വലിയ പ്രാര്‍ഥനയില്ല'; മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ സന്തോഷം പങ്കുവെച്ച് താരങ്ങള്‍

5 months ago 5

mammootty

മമ്മൂട്ടിയും മഞ്ജു വാര്യരും, മമ്മൂട്ടിയും ഇർഷാദ് അലിയും | Photos: Mathrubhumi, Facebook

രിടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടി വീണ്ടും വെള്ളിത്തിരയിലേക്കെത്തുന്നുവെന്ന വാര്‍ത്തയെ കേരളം അത്യധികം സന്തോഷത്തോടെയാണ് കേട്ടത്. നിര്‍മാതാവ് എസ്. ജോര്‍ജ് ഉള്‍പ്പെടെയുള്ളവരുടെ സാമൂഹികമാധ്യമപോസ്റ്റുകളാണ് മമ്മൂക്കയുടെ തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കിയത്. തന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് സ്‌നേഹചുംബനം നല്‍കുന്ന ചിത്രം മോഹന്‍ലാല്‍ കൂടെ പങ്കുവെച്ചതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി.

മമ്മൂട്ടിയുടെ മടങ്ങിവരവില്‍ കൂടുതല്‍ താരങ്ങള്‍ സന്തോഷം പങ്കുവെക്കുകയാണ്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പലതാരങ്ങളും ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകളിട്ടത്. നിരവധി പ്രേക്ഷകരാണ് ഓരോ പോസ്റ്റുകള്‍ക്കും താഴെ സന്തോഷം പ്രകടിപ്പിച്ച് കമന്റുകളിട്ടത്.

'വെല്‍ക്കം ബാക്ക്, ടൈഗര്‍' എന്ന ഒറ്റവരി പോസ്റ്റാണ് മഞ്ജു വാര്യര്‍ ഫെയ്‌സ്ബുക്കിലിട്ടത്. ഒപ്പം മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രവും മഞ്ജു ഉള്‍പ്പെടുത്തിയിരുന്നു. പ്രാര്‍ഥനാസൂചകമായി തൊഴുകൈയുടെ ഒട്ടേറെ ഇമോജികള്‍ക്കൊപ്പം 'എല്ലാം ഓകെയാണ്' എന്നാണ് രമേഷ് പിഷാരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഒപ്പം മമ്മൂട്ടിയുടെ ഒരു ചിത്രവും രമേഷ് പിഷാരടിയും മമ്മൂട്ടിയും ഒന്നിച്ചുള്ള മറ്റൊരു ചിത്രവുമുണ്ടായിരുന്നു.

'സിനിമ വിട്ട് താങ്കള്‍ എവിടെപ്പോകാന്‍? അത്രമേല്‍ താങ്കള്‍ സിനിമയെ സ്‌നേഹിക്കുന്നുവല്ലോ, അതിനേക്കാളുമപ്പുറം അങ്ങയെ ഞങ്ങളും സ്‌നേഹിക്കുന്നുണ്ടല്ലോ' -ഇതാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിന്റെ കൂടെ ജോയ് മാത്യു കുറിച്ചത്. 'കാത്തിരിപ്പിനോളം വലിയ പ്രാര്‍ഥനയില്ല' എന്നായിരുന്നു നടന്‍ ഇര്‍ഷാദ് അലിയുടെ പോസ്റ്റ്. മമ്മൂട്ടിക്കൊപ്പമുള്ള സെല്‍ഫിയും ഇര്‍ഷാദ് പോസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസം നടനും മമ്മൂട്ടിയുടെ അനന്തരവനുമായ അഷ്‌കര്‍ സൗദാന്‍ മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ ഏഴിന് വലിയ പ്രഖ്യാപനത്തോടെ തിരിച്ചുവരവ് നടത്തിയേക്കും എന്നും പറഞ്ഞിരുന്നു. ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍ ആണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഈ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ കഴിഞ്ഞദിവസം ഇറങ്ങിയിരുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ക്കൊപ്പം മമ്മൂട്ടിയെത്തും.

Content Highlights: Malayalam actors stock happiness arsenic Mammootty comes back

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article