Published: November 03, 2025 04:02 PM IST
1 minute Read
നവി മുംബൈ∙ വനിതാ ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനു തോൽപിച്ച് വിജയകിരീടം ചൂടിയതിനു പിന്നാലെ ഇന്ത്യന്‍ ടീം പരിശീലകൻ അമോൽ മജുംദാറിന്റെ കാലിൽതൊട്ട് അനുഗ്രഹം വാങ്ങി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. മത്സരത്തിനു ശേഷം ഇന്ത്യൻ താരങ്ങൾ ഗ്രൗണ്ടിൽ ആഘോഷിക്കുന്നതിനിടെയായിരുന്നു ഹെഡ് കോച്ചിന്റെ അനുഗ്രഹം തേടി ഹർമൻപ്രീത് കാൽതൊട്ടത്. ലീഗ് ഘട്ടത്തിലെ മൂന്നു മത്സരങ്ങൾ തോറ്റിട്ടും, നാലാം സ്ഥാനക്കാരായി സെമി ഫൈനലിനു യോഗ്യത നേടിയ ടീം ഇന്ത്യയെ കിരീടത്തിലെത്തിക്കുന്നതിൽ അമോൽ മജുംദാറിന്റെ തന്ത്രങ്ങൾ നിർണായകമായിരുന്നു.
ഗ്രൗണ്ടിലെത്തിയ മജുംദാറിന്റെ കാലുകളിൽ ഹർമൻപ്രീത് തൊട്ടപ്പോൾ ഇന്ത്യൻ പരിശീലകൻ തടയാൻ ശ്രമിച്ചു. കെട്ടിപ്പിടിച്ചാണ് ഹർമൻപ്രീത് കൗറും മജുംദാറും ഇന്ത്യൻ വിജയം ആഘോഷിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയിട്ടും ഇന്ത്യൻ സീനിയർ ടീമിൽ ഒരു മത്സരം പോലും കളിക്കാൻ സാധിക്കാതിരുന്ന അമോൽ മജുംദാർ ഇന്ത്യയുടെ കിരീട നേട്ടത്തെ വളരെ വൈകാരികമായാണു സ്വീകരിച്ചത്.
ഹർമൻപ്രീത് കൗർ അമോൽ മജുംദാറിന്റെ അനുഗ്രഹം തേടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 50 വയസ്സുകാരനായ അമോൽ മജുംദാർ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ, ആന്ധ്രപ്രദേശ്, അസം ടീമുകൾക്കു വേണ്ടി കളിച്ചിട്ടുണ്ട്. ഇന്ത്യ എ ടീമിൽ അവസരം ലഭിച്ചെങ്കിലും സീനിയർ ടീമിൽ കളിക്കാൻ സാധിക്കാതെയാണ് മജുംദാർ കരിയർ അവസാനിപ്പിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 171 മത്സരങ്ങളിൽനിന്ന് 30 സെഞ്ചറികളുൾപ്പടെ 11167 റൺസ് നേടിയിട്ടുണ്ട്. ലിസ്റ്റ് എയിൽ 113 കളികളിൽനിന്ന് 3286 റൺസും സ്വന്തമാക്കി.
English Summary:








English (US) ·