Published: November 15, 2025 10:17 AM IST Updated: November 15, 2025 10:27 AM IST
1 minute Read
മുംബൈ ∙ ഒടുവിൽ ആരാധകർ കാത്തിരുന്ന പ്രഖ്യാപനമെത്തി. മലയാളി താരം സഞ്ജു സാംസൺ ടീമിലെത്തുന്ന കാര്യം ചെന്നൈ സൂപ്പർ കിങ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പകരം രവീന്ദ്ര ജഡേജയും ഇംഗ്ലണ്ട് താരം സാം കറനും ചെന്നൈയിൽനിന്ന് രാജസ്ഥാൻ റോയൽസിലുമെത്തി. സഞ്ജു – ജഡേജ കൈമാറ്റക്കരാർ യഥാർഥ്യമായതായി ശനിയാഴ്ച രാവിലെയാണ് ചെന്നൈ സമൂഹമാധ്യമത്തിലൂടെ സ്ഥിരീകരിച്ചത്. താരക്കൈമാറ്റത്തിൽ ചെന്നൈയും രാജസ്ഥാനും തമ്മിൽ ധാരണയായതു നേരത്തേ വാർത്തയായിരുന്നു. എന്നാൽ, ഔദ്യോഗിക പ്രഖ്യാപനം വൈകിയത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.
കഴിഞ്ഞ വർഷം 18 കോടി രൂപയ്ക്കായിരുന്നു രാജസ്ഥാൻ സഞ്ജുവിനെ ടീമിൽ നിലനിർത്തിയത്. ഇത്തവണ ചെന്നൈയിലേക്കു വരുമ്പോൾ സഞ്ജുവിനു ക്യാപ്റ്റൻ സ്ഥാനം ലഭിക്കില്ല. ഋതുരാജ് ഗെയ്ക്‌വാദിൽനിന്ന് കഴിഞ്ഞ സീസണിന്റെ പാതിക്കാലത്തു ക്യാപ്റ്റൻസി വീണ്ടും ഏറ്റെടുത്ത എം.എസ്.ധോണി തന്നെ ഇത്തവണയും ടീമിനെ നയിക്കുമെന്നാണു വിവരം. എന്നാൽ വിക്കറ്റ് കീപ്പർ സ്ഥാനത്തു സഞ്ജു തന്നെയായിരിക്കുമെന്നും സൂചനകളുണ്ട്. 2012ൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലൂടെ ഐപിഎൽ അരങ്ങേറ്റം കുറിച്ച സഞ്ജു 2013ലാണ് രാജസ്ഥാനിലെത്തിയത്. പിന്നീട് 2 സീസണുകളിൽ ഡൽഹി ഡെയർഡെവിൾസ് താരമായിരുന്ന സഞ്ജു, 2018ൽ വീണ്ടും രാജസ്ഥാനിലെത്തി. 2021ൽ ക്യാപ്റ്റനായി.
അതേസമയം, 2022 സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ സ്ഥാനം ഇടയ്ക്കു വച്ച് ധോണിക്കു തിരികെ നൽകേണ്ടി വന്ന ജഡേജ രാജസ്ഥാനിലേക്കു ക്യാപ്റ്റന്റെ റോളിലാണു പോകുന്നതെന്നാണ് വിവരം. ക്യാപ്റ്റൻസി നൽകിയാൽ രാജസ്ഥാനിലേക്കു വരാമെന്നതായിരുന്നു ജഡേജയുടെ നിലപാട്. ഇത് അംഗീകരിച്ച രാജസ്ഥാൻ മറ്റൊരു ഓൾറൗണ്ടറെക്കൂടി ആവശ്യപ്പെട്ടു. ഇംഗ്ലണ്ട് താരം സാം കറനെ കൂടി കൈമാറാൻ തീരുമാനിച്ചത് അങ്ങനെയാണ്.
English Summary:








English (US) ·