29 August 2025, 11:01 PM IST
.jpg?%24p=e32d31d&f=16x10&w=852&q=0.8)
ഇന്ത്യൻ ടീമിന്റെ ഗോളാഘോഷം | X.com/Fancode
ഹിസോർ (താജിക്കിസ്താൻ): കാഫ നേഷൻസ് ഫുട്‌ബോളിൽ ജയത്തോടെ തുടങ്ങി ഇന്ത്യ. ആദ്യ മത്സരത്തിൽ താജിക്കിസ്താനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ഇന്ത്യയുടെ ജയം.
മലയാളി താരങ്ങളായ മുഹമ്മദ് ഉവൈസിനെയും ആഷിഖ് കുരുണിയനെയും ഉൾപ്പെടുത്തിയാണ് പരിശീലകൻ ഖാലിദ് ജമീൽ ടീമിനെയിറക്കിയത്. ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവായിരുന്നു നായകൻ. മത്സരം ആരംഭിച്ച് അഞ്ചാം മിനിറ്റിൽ തന്നെ ഇന്ത്യ മുന്നിലെത്തി. ഉവൈസിന്റെ ത്രോയില്‍ പെനാല്‍റ്റി ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുക്കം അന്‍വര്‍ അലിയാണ് വലകുലുക്കിയത്. ഒരു ഗോളടിച്ചതിന് പിന്നാലെ മുന്നേറ്റങ്ങള്‍ തുടര്‍ന്ന ഇന്ത്യ 13-ാം മിനിറ്റില്‍ വീണ്ടും വലകുലുക്കി. ഇത്തവണ സന്ദേശ് ജിംഗാനാണ് ലക്ഷ്യം കണ്ടത്.
എന്നാല്‍ പത്ത് മിനിറ്റുകള്‍ക്കിപ്പുറം താജിക്കിസ്താന്‍ തിരിച്ചടിച്ചു. ഷെഹ്‌റോം സമീവാണ് ഗോളടിച്ചത്. ആദ്യപകുതി 2-1 ന് ഇന്ത്യ മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ താജിക്കിസ്താന്‍ മുന്നേറ്റങ്ങള്‍ ശക്തമാക്കി. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ സേവുകളാണ് ടീമിന് രക്ഷയായത്. 73-ാം മിനിറ്റില്‍ പെനാല്‍റ്റിയടക്കം സേവ് ചെയ്ത് ഗുര്‍പ്രീത് സിങ് ഇന്ത്യയെ രക്ഷിച്ചു. ഒടുക്കം 2-1 ന് ഇന്ത്യ താജിക്കിസ്താനെ പരാജയപ്പെടുത്തി.
സ്പാനിഷ് പരിശീലകൻ മനോളോ മാർക്വേസിന്റെ പിൻഗാമിയായെത്തിയ ജമീലിനുകീഴിൽ ആദ്യമത്സരമാണ് താജികിസ്താനെതിരായത്. ജയിച്ചുതുടങ്ങാനായത് ജമീലിന് നേട്ടമാണ്. സമീപകാലത്ത് നേരിട്ട തിരിച്ചടികളിൽനിന്ന് ഇന്ത്യൻ ടീമിനെ കരകയറ്റുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് പരിശീലകനുള്ളത്.
Content Highlights: amerind shot squad khalid jamil cafa nations cup








English (US) ·