കാഫ നേഷൻസ് കപ്പ് ഫുട്ബോൾ: ഇറാനെതിരെ ഇന്ത്യയ്‌ക്ക് തോൽവി (3–0)

4 months ago 5

ഓൺലൈൻ ഡെസ്ക്

Published: September 01, 2025 09:03 PM IST

1 minute Read

 Fancode Video)
ഇന്ത്യ–ഇറാൻ മത്സരത്തിൽ നിന്ന് (ScreenGrab: Fancode Video)

ഹിസോർ (തജിക്കിസ്ഥാൻ)∙ ഫിഫ റാങ്കിങ്ങിൽ 133–ാം സ്ഥാനക്കാരായ ഇന്ത്യ, 20–ാം റാങ്കുകാരായ ഇറാനോട് എതിരില്ലാത്ത മൂന്നു ഗോളിന് തോറ്റു. കാഫ നേഷൻസ് കപ്പ് ഫുട്ബോളിൽ വലിയ പ്രതീക്ഷകളില്ലാതെയാണ് ഇന്ത്യ ഇറാനെതിരെ കളത്തിലിറങ്ങിയത്. പുതിയ കോച്ച് ഖാലിദ് ജമീലിന്റെ കീഴിൽ തജിക്കിസ്ഥാനെതിരെ പുറത്തെടുത്ത പ്രകടനം ഇറാനെതിരെ കാഴ്ചവയ്ക്കാനായില്ല. 

ആദ്യകളി ജയിച്ചു തുടങ്ങിയ ഇന്ത്യൻ ടീമിന്റെ പ്രകടനനിലവാരം ആദ്യപകുതിയിൽ മികച്ചതായിരുന്നു. രണ്ടാം പകുതിയിലാണ് ഇറാൻ മൂന്നു ഗോളുകളും അടിച്ചത്. 59-ാം മിനിറ്റിൽ അമിർഹോസെൻ ആണ് ഇറാന്റെ ആദ്യ ഗോള്‍ നേടിയത്. പിന്നാലെ 89–ാം മിനിറ്റിൽ അലിയും 96–ാം മിനിറ്റിൽ മെഹ്ദി തരേമിയും ഗോൾ നേടി ഇറാന്റെ വിജയം സുരക്ഷിതമാക്കി.

ഇന്ത്യ സമനില ഗോൾ നേടാൻ ശ്രമിച്ച സമയത്താണ് അവസാന രണ്ട് ഗോളുകളും വീണത്. മുഴുവൻ സമയവും ഇറാൻ ആധിപത്യം പുലർത്തി, കളിയുടെ 77 ശതമാനവും ഇറാന്റെ ഭാഗത്തായിരുന്നു. പുതിയ പരിശീലകനു കീഴിൽ പുതിയ രൂപവും ഭാവവും കൈവരിച്ച ഇന്ത്യയ്ക്ക് മികച്ച മുന്നേറ്റങ്ങൾ നടത്താൻ സാധിച്ചെങ്കിലും ഇറാന്റെ ഗോൾ വലയം മറികടക്കാൻ കഴിഞ്ഞില്ല. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ ആദ്യ 10 മിനിറ്റിലും ഇന്ത്യ ശക്തരായ ഇറാനെ പ്രതിരോധിച്ചു നിർത്തുന്നതിൽ വിജയിച്ചു. 

എന്നാൽ, രണ്ടാം പകുതിയിൽ ചില മാറ്റങ്ങൾ വരുത്തിയതിനു തൊട്ടുപിന്നാലെയാണ് ഗോളുകൾ വീണുതുടങ്ങിയത്. ഡാനിഷ് ഫാറൂഖിനും സുരേഷ് സിങ്ങിനും പകരം ചിങ്‌ലെൻസന സിങ്ങും ജീക്സന്‍ സിങും കളത്തിലിറക്കിയതിനു പിന്നാലെയാണ് ഇന്ത്യയ്ക്ക് താളംതെറ്റിയത്. ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും.

English Summary:

CAF Nations Cup: India Falls 0-3 to Dominant Iran

Read Entire Article