Published: December 16, 2025 02:48 PM IST Updated: December 16, 2025 09:58 PM IST
1 minute Read
അബുദാബി∙ പ്രവചനങ്ങൾ ശരിവച്ച് ഐപിഎൽ മിനി ലേലത്തിലെ വിലയേറിയ താരമായി ഓസ്ട്രേലിയയുടെ കാമറൂണ്‍ ഗ്രീൻ. 25.20 കോടി രൂപയ്ക്കാണ് ഓസ്ട്രേലിയൻ ഓൾറൗണ്ടർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ചേർന്നത്. ഐപിഎൽ ചരിത്രത്തിലെ മൂല്യമേറിയ വിദേശ താരമാണ് കാമറൂൺ ഗ്രീൻ. ചെന്നൈ സൂപ്പർ കിങ്സ് റിലീസ് ചെയ്ത ശ്രീലങ്കൻ പേസര്‍ മതീഷ പതിരാനയ്ക്ക് 18 കോടിയാണു വില. കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് പതിരാനയെയും സ്വന്തമാക്കിയത്.
അതേസമയം ഇന്ത്യയ്ക്കായി ഒരു മത്സരം പോലും കളിച്ചിട്ടില്ലാത്ത യുവതാരങ്ങളായ കാർത്തിക്ക് ശർമയും പ്രശാന്ത് വീറും കോടിക്കിലുക്കത്തിലെ അപ്രതീക്ഷിത എൻട്രിയായി. 14.20 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്സാണ് ഇരുവരെയും സ്വന്തമാക്കിയത്. ആദ്യ റൗണ്ടിൽ ആരും വാങ്ങാതിരുന്ന ഇംഗ്ലണ്ട് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റൻ രണ്ടാം റൗണ്ടിൽ ഞെട്ടിച്ചു. രണ്ടാം റൗണ്ടിൽ ആവശ്യക്കാരേറിയപ്പോൾ 13 കോടിയാണു താരത്തിന് അടുത്ത സീസണിൽ ലഭിക്കുക. സൺറൈസേഴ്സ് ഹൈദരാബാദാണു താരത്തെ സ്വന്തമാക്കിയത്.
ജമ്മു കശ്മീരിൽനിന്നുള്ള ഓൾ റൗണ്ടർ അകിബ് ധറിന് ലഭിച്ചത് വലിയ തുക. ഡൽഹി ക്യാപിറ്റൽസിൽ 8.40 കോടി രൂപയ്ക്ക് താരം അടുത്ത സീസണിൽ കളിക്കും. താരത്തിന്റെ ആദ്യ ഐപിഎൽ സീസണാണ് 2026ലേത്. ഓൾറൗണ്ടർ വെങ്കടേഷ് അയ്യര്‍ ഏഴുകോടിക്ക് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിൽ ചേർന്നു. ബംഗ്ലദേശ് പേസർ മുസ്തഫിസുർ റഹ്മാനെ 9.20 കോടിക്ക് കൊൽക്കത്ത സ്വന്തമാക്കി. ചെന്നൈ സൂപ്പർ കിങ്സിനും താരത്തെ സ്വന്തമാക്കാൻ താൽപര്യമുണ്ടായിരുന്നെങ്കിലും ഒടുവിൽ കൊൽക്കത്ത വാങ്ങുകയായിരുന്നു. വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ജേസൺ ഹോൾഡർ ഏഴു കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസിൽ ചേരും. ഇന്ത്യൻ താരം പൃഥ്വി ഷാ ഐപിഎലിന്റെ അടുത്ത സീസണിൽ കളിക്കും. കഴിഞ്ഞ മെഗാലേലത്തിൽ ആരും വാങ്ങാതിരുന്ന താരത്തെ, ഇത്തവണ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. അടിസ്ഥാന വിലയായ 75 ലക്ഷത്തിനാണ് പൃഥ്വിയെ താരത്തിന്റെ പഴയ ടീം തന്നെ വാങ്ങിയത്.
English Summary:








English (US) ·