Published: October 26, 2025 08:09 PM IST
1 minute Read
തിരുവനന്തപുരം∙ സംസ്ഥാന സ്‌കൂൾ ഒളിംപിക്‌സിൽ സ്വർണം നേടുന്ന വിദ്യാർഥികളിൽ അർഹരായവർക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ വീട് വെച്ച് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
‘‘കായികമേളയിൽ പങ്കെടുത്ത ചില താരങ്ങളുടെ വീടിന്റെ അവസ്ഥ ഞാൻ നേരിൽ അറിഞ്ഞിരുന്നു. ഇതിൽ സ്വർണം നേടിയവരും മീറ്റ് റെക്കോർഡ് നേടിയവരും ഉണ്ട്. ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി വീട് വെച്ച് കൊടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് കോഴിക്കോട് സ്വദേശിനിയായ ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും. ഇത്തരത്തിൽ നിരവധി പേരുണ്ട്. അതുകൊണ്ടാണ് സംസ്ഥാന സ്‌കൂൾ ഒളിംപിക്‌സിൽ സ്വർണം നേടുന്ന വിദ്യാർഥികളിൽ അർഹരായവർക്ക് വീട് നിർമിച്ചു നൽകുക എന്ന വലിയ പദ്ധതിയിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് കടക്കുന്നത്. നിലവിൽ 50 വീടുകൾ നിർമിച്ചു നൽകാനാണ് ലക്ഷ്യമിടുന്നത്’’– മന്ത്രി വിശദീകരിച്ചു.
‘‘പദ്ധതിക്കായി വിവിധ സംഘടനകളുമായി ബന്ധപ്പെട്ടപ്പോൾ പോസിറ്റീവായ പ്രതികരണമാണ് ലഭിച്ചത്. പദ്ധതിയിൽ വീട് വെച്ചു നൽകാൻ താൽപര്യമുള്ളവർ വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചാൽ പാവപ്പെട്ട കായിക പ്രതിഭകളായ കുട്ടികൾക്ക് അത് വലിയ കൈത്താങ്ങാകും.’’– മന്ത്രി വി. ശിവൻകുട്ടി അഭ്യർഥിച്ചു. സ്പോർട്സ് മാന്വൽ പരിഷ്ക്കരിക്കുമെന്ന് പറഞ്ഞ മന്ത്രി സ്കൂൾ തലം മുതലുള്ള പ്രശ്നങ്ങൾ പരിഹരിക്കലാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി. ‘‘സ്‌കൂളുകളിൽ കുട്ടികളുടെ കായിക പരിശീലനത്തിന് യഥാസമയം പണം ലഭിക്കുന്നില്ല എന്നതുൾപ്പെടെയുള്ള പരാതികളുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സ്പോർട്സ് മാന്വൽ പരിഷ്ക്കരണം.’’–മന്ത്രി പറഞ്ഞു.
English Summary:








English (US) ·