Kerala School Sports Meet
Published: October 26, 2026 03:47 PM IST
1 minute Read
കോഴിക്കോട് ∙ എൻഐടിയുടെ ചുവപ്പൻ സിന്തറ്റിക് ട്രാക്കിൽ കായികതാരങ്ങളുടെ കൈകൾ മാറിയെത്തിയ ദീപശിഖ പാരാസ്വിമ്മിങ് താരം മുഹമ്മദ് ആസിം വെളിമണ്ണ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് ഒളിംപ്യൻ പി.ടി. ഉഷയ്ക്കു നൽകുമ്പോൾ പരിമിതികളെ അതിജീവിച്ചെത്തിയ കായികതാരങ്ങൾ ഉൾപ്പെടെ നിറഞ്ഞ സന്തോഷത്തിൽ കയ്യടിച്ചു.എല്ലാവരെയും ചേർത്തു നിർത്തുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ 68ാം പതിപ്പിനു കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) ഗ്രൗണ്ടിൽ പ്രൗഢഗംഭീരമായ തുടക്കം.
നാലായിരത്തോളം കായികതാരങ്ങൾ അണിനിരന്ന മാർച്ച്പാസ്റ്റോടെ തുടക്കമിട്ട മേള കേരളത്തിന്റെ കായികക്കരുത്തിന്റെ പ്രതീകമായി. ആദ്യം തിരുവനന്തപുരവും അവസാനം ആതിഥേയരായ കോഴിക്കോടും അണിനിരന്ന മാർച്ച്പാസ്റ്റിൽ എസ്പിസി, എൻസിസി, സ്കൗട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികളും അണിനിരന്നു. വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ മാർച്ച്പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു. രാജ്യാന്തര സ്കൂൾ കായികമേളയ്ക്കു യോഗ്യത നേടിയ കെ.എസ്.അമൽചിത്ര ഗ്രൗണ്ടിലേക്ക് എത്തിച്ച ദീപശിഖ വിവിധ കായികതാരങ്ങൾ കൈമാറി ഒടുവിൽ ഒളിംപ്യൻ പി.ടി.ഉഷയുടെ കയ്യിൽ നിന്നു മുഖ്യമന്ത്രി വി.ഡി.സതീശൻ ഏറ്റുവാങ്ങി ദീപം തെളിച്ചു.
ഇൻക്ലൂസീവ് സ്പോർട്സ് വിഭാഗത്തിൽ മത്സരിക്കുന്ന 2,000 പേരും അത്‌ലറ്റിക്സിൽ പങ്കെടുക്കുന്ന 2,800 പേരും ഉൾപ്പെടെ പതിനായിരത്തോളം കായിക താരങ്ങൾ ഇന്നു മുതൽ നടക്കുന്ന മത്സരങ്ങൾക്കായി കോഴിക്കോട്ട് എത്തിക്കഴിഞ്ഞു. ഇൻക്ലൂസീവ് സ്പോർട്സ് മത്സരങ്ങളോടെ കായികമേളയിലെ മത്സരങ്ങൾക്ക് ഇന്നു തുടക്കമാകും. നാളെ ട്രാക്കിനെ തീപിടിപ്പിക്കുന്ന അത്‌ലറ്റിക്സിനു സ്റ്റാർട്ട് വിസിൽ മുഴങ്ങും. 10 വേദികളിൽ നടക്കുന്ന കായികമേള 31നു സമാപിക്കും.
ബാഡ്മിന്റൻ താരങ്ങൾക്കായി പി.ടി. ഉഷയുടെ ഇടപെടൽ
മേളയുടെ ബ്രാൻഡ് അംബാസഡർ കൂടിയായ ഒളിംപ്യൻ പി.ടി.ഉഷ സർക്കാരിനും വകുപ്പിനും മുന്നിൽ തന്റെ പ്രസംഗത്തിൽ ഒരു ആവശ്യം മുന്നോട്ട് വച്ചു. ഷട്ടിൽ ബാഡ്മിന്റൻ മത്സരങ്ങളിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് മത്സരത്തിനായി ഷട്ടിൽ കോക്ക് സ്വന്തമായി കൊണ്ടുവരണമെന്ന നിബന്ധന മാറ്റണമെന്നും ഷട്ടിൽ കോക്ക് നൽകാൻ സംഘാടകർക്ക് അടുത്ത വർഷമെങ്കിലും കഴിയണമെന്നുമായിരുന്നു ഉഷയുടെ നിർദേശം. ഒരു മത്സരത്തിനു കുറെയേറെ ഷട്ടിൽ കോക്കുകൾ സ്വന്തമായി കൊണ്ടു വരുന്നതു കായികതാരങ്ങൾക്കു വലിയ സാമ്പത്തിക ബാധ്യതയാകുന്നതിനാലാണു ഉഷയുടെ ഇടപെടൽ.
English Summary:






English (US) ·