Published: August 14, 2025 08:54 AM IST
1 minute Read
കോട്ടയം ∙ നാളെയുടെ താരങ്ങളാകാൻ തിരഞ്ഞെടുത്ത കായിക പ്രതിഭകളോടു സംസ്ഥാനത്തെ കായിക വകുപ്പിന് രണ്ടു നയം. കായിക വകുപ്പിനു കീഴിലുള്ള സ്പോർട്സ് ഹോസ്റ്റലുകളിലെ കുട്ടികൾക്ക് ഭക്ഷണ അലവൻസ് ഇനത്തിൽ സർക്കാർ പ്രതിമാസം 7500 രൂപ വീതം നൽകുമ്പോൾ അതേ വകുപ്പിന് കീഴിലെ സ്പോർട്സ് സ്കൂളുകളിലെ കുട്ടികൾക്കു കിട്ടുന്നത് 9000 രൂപ. വ്യത്യാസം ഒരു കുട്ടിക്ക് 1500 രൂപ വീതം.
സ്പോർട്സ് സ്കൂളുകളുടെ ഭക്ഷണ വിതരണ കരാർ ഏറ്റെടുത്തിരിക്കുന്ന കമ്പനികളുടെ ബിൽ ആഴ്ചകൾക്കുള്ളിൽ ‘സെറ്റിൽ’ ചെയ്യുമ്പോൾ സ്പോർട്സ് ഹോസ്റ്റലുകളുടെ ഭക്ഷണ അലവൻസ് വിതരണം 5 മാസമായി കുടിശികയാണ്. ഹോസ്റ്റലുകളിലെ പരിശീലകരുടെ ശമ്പളത്തിന്റെ ഇരട്ടിയോളമാണ് സ്പോർട്സ് സ്കൂളുകളിലെ പരിശീലകർക്കു ലഭിക്കുന്നത്.
കേരളത്തിലെ സ്പോർട്സ് സ്കൂളുകൾ കായിക വകുപ്പിനു കീഴിലെ സ്പോർട്സ് ഡയറക്ടറേറ്റിനു കീഴിലാണെന്നതും സ്പോർട്സ് ഹോസ്റ്റലുകളുടെ മേൽനോട്ടം സംസ്ഥാന സ്പോർട്സ് കൗൺസിലിനാണ് എന്നതുമാണ് വിവേചനത്തിനു കാരണം. തിരുവനന്തപുരം ജിവി രാജ, കണ്ണൂർ സ്പോർട്സ് ഡിവിഷൻ, കുന്നംകുളം എന്നിവിടങ്ങളിലെ 3 സ്പോർട്സ് സ്കൂളുകളിലായി 758 കുട്ടികൾ പരിശീലനം തേടുമ്പോൾ സ്കൂൾ, കോളജ് തലത്തിൽ പ്രവർത്തിക്കുന്ന 53 സ്പോർട്സ് ഹോസ്റ്റലുകളിലായുള്ളത് 1800 കുട്ടികൾ.
സ്പോർട്സ് സ്കൂളുകളിലെ കുട്ടികൾക്കു വാഷിങ് മെഷീൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഡയറക്ടറേറ്റ് ഒരുക്കുമ്പോൾ സ്പോർട്സ് കൗൺസിലിനു കീഴിലെ ഹോസ്റ്റലുകളിലെ താരങ്ങൾക്ക് വാഷിങ് അലവൻസ് ഇനത്തിൽ പ്രതിമാസം നൽകേണ്ട 200 രൂപ 4 വർഷമായി മുടങ്ങി കിടക്കുകയാണ്.
∙ കരാറിൽ ക്രമക്കേട്
സ്പോർട്സ് ഹോസ്റ്റലുകളിലെ കുട്ടികൾക്ക് ഭക്ഷണം നൽകുന്നത് അതതു സ്കൂൾ, കോളജ് മാനേജ്മെന്റുകളാണ്. കായികവകുപ്പ് ഇവർക്കു നേരിട്ടു പണം നൽകുകയാണ്. എന്നാൽ സ്പോർട്സ് സ്കൂളുകളിൽ ഭക്ഷണ വിതരണത്തിനു വകുപ്പിന് സ്വകാര്യ കമ്പനികൾക്കു കരാർ നൽകാം. ഇത്തരത്തിൽ തിരുവനന്തപുരം ജിവി രാജ, തൃശൂർ കുന്നംകുളം സ്പോർട്സ് സ്കൂൾ എന്നിവിടങ്ങളിലെ ഭക്ഷണ വിതരണത്തിന്റെ കരാർ നേടിയിരിക്കുന്നത് കായിക മന്ത്രിയുടെ നാട്ടുകാരന്റെ സ്ഥാപനമെന്നാണ് വിവരം.
കരാർ നൽകുന്നതിന് ടെൻഡർ നടപടികളിലൂടെ അപേക്ഷ ക്ഷണിക്കണമെന്നിരിക്കെ, മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥാപനത്തെ നേരിട്ടു ചുമതലപ്പെടുത്തുകയായിരുന്നെന്ന് വിവരാവകാശ രേഖയിൽ കായികവകുപ്പ് സമ്മതിക്കുന്നുണ്ട്.
English Summary:









English (US) ·