.jpg?%24p=f1b52b7&f=16x10&w=852&q=0.8)
പ്രതീകാത്മക ചിത്രം | Photo: ANI
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റേതടക്കം (ബിസിസിഐ) മുഴുവന്‍ കായിക സംഘടനകളുടെയും മേല്‍നോട്ട അധികാരം പുതുതായി രൂപവത്കരിക്കുന്ന ദേശീയ കായികബോര്‍ഡിന് നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന നാഷണല്‍ സ്പോര്‍ട്സ് ഗവേണന്‍സ് ബില്‍ കായികമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ലോക്സഭയില്‍ അവതരിപ്പിച്ചു. ബോര്‍ഡ് അംഗങ്ങള്‍ക്ക് പൊതുഭരണം, കായികഭരണം, കായികനിയമങ്ങള്‍ മുതലായവയില്‍ പ്രത്യേക അറിവും പ്രായോഗികപരിചയവുമുണ്ടായിരിക്കണം.
കായികമേഖലയില്‍ വിശ്വാസ്യത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ബില്‍. ഇതനുസരിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ലഭ്യമാകണമെങ്കില്‍ എല്ലാ ദേശീയ കായിക ഫെഡറേഷനുകളും ദേശീയ കായിക ബോര്‍ഡിന്റെ അംഗീകാരം നേടിയിരിക്കണം. കായിക ഫെഡറേഷനുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളിലും കായികമത്സരങ്ങളിലേക്കുള്ള താരങ്ങളെയും അത്ലറ്റുകളെയും തിരഞ്ഞെടുക്കുന്നതിലും തര്‍ക്കങ്ങളുണ്ടായാല്‍ പരിഹരിക്കാന്‍ സിവില്‍ കോടതിയുടെ അധികാരങ്ങളോടുകൂടിയ ദേശീയ കായിക ട്രിബ്യൂണല്‍ രൂപവത്കരിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
കായികസംഘടനകളുടെ ഭരണത്തലപ്പത്തേക്ക് മത്സരിക്കാനുള്ള പ്രായപരിധി 70-നും 75-നുമിടയിലായി നിജപ്പെടുത്തി. ഫെഡറേഷനുകളുടെ തലപ്പത്തേക്കുള്ള നിയമനങ്ങള്‍ സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാവണം. സെലക്ഷന്‍ കമ്മിറ്റിയുടെ അധ്യക്ഷന്‍ കാബിനറ്റ് സെക്രട്ടറിയോ സ്‌പോര്‍ട്സ് സെക്രട്ടറിയോ ആയിരിക്കണം. സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍, ഏതെങ്കിലും ദേശീയ കായിക സംഘടനയുടെ പ്രസിഡന്റോ സെക്രട്ടറി ജനറലോ ട്രഷററോ ആയി പ്രവര്‍ത്തിച്ചിട്ടുള്ള രണ്ടുപേര്‍, ദ്രോണാചാര്യ, ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡുകളേതെങ്കിലും നേടിയിട്ടുള്ള അറിയപ്പെടുന്ന കായികതാരം എന്നിവര്‍ സമിതിയംഗങ്ങളാവണം.
ഉത്തേജക ഔഷധവിരുദ്ധ ഏജന്‍സിക്ക് സ്വയംഭരണാധികാരം
ന്യൂഡല്‍ഹി: ദേശീയ ഉത്തേജക ഔഷധവിരുദ്ധ ഏജന്‍സിക്ക് (നാഡ) സ്വയംഭരണാധികാരം ഉറപ്പുവരുത്തുന്ന ദേശീയ ഉത്തേജകവിരുദ്ധ ഭേദഗതി ബില്‍ കായികമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ലോക്സഭയില്‍ അവതരിപ്പിച്ചു.
Content Highlights: New measure introduces National Sports Board to oversee each sports bodies successful India








English (US) ·